x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

13/05/2024

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: ഫ്രാന്‍സീസ് മാര്‍പാപ്പ

കാക്കനാട്: സീറോമലബാർ സഭയുടെ ആരാധനക്രമ,ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സീറോമലബാർ സഭാംഗങ്ങൾ സവിശേഷ ശ്രദ്ധ പതിപ്പിക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങൾ സ്വന്തമായുള്ള സീറോമലബാർ സഭയ്ക്കു ലഭിച്ചതും സഭ മുന്നോട്ടുകൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തിൽ സഭാംഗങ്ങളെ ഉറപ്പിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഫ്രാൻസീസ് മാർപാപ്പ പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മാർ റാഫേൽ തട്ടിൽപിതാവിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വൈദികരും സമർപ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോമലബാർസഭാഗംങ്ങളെ വത്തിക്കാൻ പാലസിലെ കൺസിസ്റ്ററി ഹാളിൽ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ. സ്വയം ഭരണാവകാശമുള്ള ഒരു വ്യക്തിസഭ എന്നുള്ളനിലയിൽ സീറോമലബാർസഭയെ ഈ പൈതൃകസംരക്ഷണത്തിൽ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ മാർപാപ്പ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളെ ഉത്തരവാദിത്വത്തോടെയും സുവിശേഷാത്മക ധൈര്യത്തോടെയും മേജർ ആർച്ചുബിഷപ്പിൻ്റെയും സിനഡിൻ്റെയും നേതൃത്വത്തിൽ ഉചിതമായ നടപടികൾ സ്വീകരിച്ചുകൊണ്ടു നേരിടുവാനും മാർപാപ്പ ഉദ്ബോധിപ്പിച്ചു. ഭാരതത്തിൻ്റെ അപ്പസ്തോലനായ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൽ അടിത്തറയിട്ടു രൂപപ്പെട്ട സീറോമലബാർസഭ അഭിമുഖീകരിക്കേണ്ടിവന്ന വിവിധ വെല്ലുവിളികളെ അനുസ്മരിച്ച മാർപാപ്പ പത്രോസിൻ്റെ സിംഹാസനത്തോട് ഈ സഭ എക്കാലവും പുലർത്തിയ വിശ്വസ്തതയെ പ്രത്യേകം എടുത്തുപറഞ്ഞു

 

എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളെ തൻ്റെ പ്രസംഗത്തിൽ പരാമർശിച്ച മാർപാപ്പ ഈ പ്രശ്നപരിഹാരത്തിനായി നൽകിയ കത്തുകളെയും വീഡിയോ സന്ദേശത്തെയും കുറിച്ചു പരാമർശിച്ചു. സഭയിൽ ഐക്യം നിലനിർത്തുകയെന്നുള്ളത് കേവലം ഒരു ഉപദേശമായി മാത്രം കണക്കാക്കാതെ, അതൊരു കടമയാണെന്നും അനുസരണം വാഗ്ദാനം ചെയ്ത വൈദികർക്ക് ആ കടമ നിറവേറ്റുന്നതിൽ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു. പരിശുദ്ധ കുർബാനയോടുകാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാവിശ്വാസവുമായി ചേർന്നുപോകുന്നതല്ലായെന്നും മാർപാപ്പ മുന്നറിയിപ്പു നല്കി.

സഭയിൽ ഐക്യം നിലനിർത്താനുള്ള ദൃഢനിശ്ചയത്തോടെ ഒരുമിച്ചു പ്രവർത്തിക്കാനും പ്രാർഥിക്കാനും ആഹ്വാനം നല്കിയ മാർപാപ്പ പ്രതിസന്ധിഘട്ടങ്ങളിൽ നഷ്ടധൈര്യരും നിസഹായരുമാകാതെ പ്രത്യാശയിൽ മുന്നേറാൻ ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ രൂപീകരണത്തിലും വിശ്വാസപരിശീലനത്തിലും സീറോമലബാർസഭ പുലർത്തുന്ന പ്രതിബദ്ധതയ്ക്കു നന്ദിപറഞ്ഞ മാർപാപ്പ സഭയിലെ അജപാലന പ്രവർത്തനങ്ങൾക്കും യുവജനങ്ങളെയും ദൈവവിളിപ്രോത്സാഹനത്തെയും മുൻനിറുത്തിയുള്ള എല്ലാ അജപാലനപ്രവർത്തനങ്ങളെയും താൻ പിൻതുണയ്ക്കുന്നതായും അറിയിച്ചു.

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ പരിശുദ്ധ പിതാവ് മാർ ഫ്രാൻസിസ് മാർപാപ്പ മെയ് 13 തിങ്കളാഴ്ച ഇറ്റാലിയൻ സമയം രാവിലെ 7.45-ന് തൻ്റെ ഓഫീസിൽ സ്വീകരിച്ചു. പെർമനന്‍റ്  സിനഡ് അംഗങ്ങളായ ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററും സഭയുടെ പ്രൊക്യൂറേറ്ററുമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കൂടിക്കാഴ്ചയുടെ ആമുഖമായി മാർ റാഫേൽ തട്ടിൽ പിതാവ് മേജർ ആർച്ചുബിഷപ്പായി തന്നെ തിരഞ്ഞെടുത്ത സിനഡിൻ്റെ തീരുമാനത്തിനു അംഗീകാരം നൽകിയ മാർപാപ്പയ്ക്ക് നന്ദി അറിയിച്ചു. സീറോമലബാർ സഭയുടെ വളർച്ചയ്ക്കായി ഫ്രാൻസിസ് മാർപാപ്പ കൈക്കൊണ്ട തീരുമാനങ്ങൾ എടുത്തുപറഞ്ഞ് സഭയ്ക്കുവേണ്ടി മേജർ ആർച്ചുബിഷപ്പ് നന്ദി പറഞ്ഞു. വിശുദ്ധ കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മാർപാപ്പ നടത്തിയ ഇടപെടലുകൾക്കും മേജർ ആർച്ചുബിഷപ്പ് കൃതജ്ഞത പ്രകാശിപ്പിച്ചു. ഭാരതം മുഴുവനിലും സീറോമലബാർ സഭയ്ക്കു അജപാലന അധികാരം നല്കിയ പരിശുദ്ധ പിതാവിനു നന്ദിപറഞ്ഞ മേജർ ആർച്ചുബിഷപ്പ് സഭയുടെ അംഗങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച്, ഗൾഫ് രാജ്യങ്ങളിൽ തനതായ അജപാലന സംവിധാനങ്ങൾ രൂപപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്ന അഭ്യർത്ഥനയും മാർപാപ്പയുടെ മുമ്പിൽ സമർപ്പിച്ചു. തുടർന്ന് സീറോമലബാർ സഭയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ മേജർ ആർച്ചുബിഷപ്പും മെത്രാൻസംഘവും മാർപാപ്പയുമായി ആശയവിനിമയം നടത്തുകയുണ്ടായി.

മേജർ ആർച്ച്ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി വത്തിക്കാൻ സന്ദർശത്തിനെത്തിയ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ മെയ് ആറാം തീയതി പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൻ്റെ തലവൻ കർദിനാൾ ക്ലൗദിയോ ഗുജറോത്തി റോമിലെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ മേജർ ആർച്ചുബിഷപ്പും മെത്രാൻ പ്രതിനിധി സംഘവും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങൾ സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ മേജർ ആർച്ചുബിഷപ്പിനു മെയ് 15-നു ഔദ്യോഗിക സ്വീകരണം നല്കും. മെയ് 19 ഞായറാഴ്ച റോമിലെ സാന്താ അനസ്താസിയ ബൈസിലിക്കയിൽ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുർബനയോടെ ഔദ്യോഗിക സന്ദർശന പരിപാടികൾ സമാപിക്കും.

 

Related Updates


east