We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Vatican15/11/2025
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
1895 ഡിസംബർ ഇരുപത്തിയെട്ടിന്, ലൂമിയർ സഹോദരങ്ങൾ ആദ്യമായി സിനിമ പൊതുപ്രദർശനം നടത്തിയതിന്റെ നൂറ്റിമുപ്പതാം വർഷത്തിൽ, ആഗോളതലത്തിൽ സിനിമാലോകത്ത് പ്രവർത്തിക്കുന്ന ആളുകളുമായി നവംബർ മാസം പതിനഞ്ചാം തീയതി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തി. സിനിമാലോകത്തിനു മനുഷ്യരാശിയുടെ ജീവിതത്തിൽ, കൂടുതൽ ആഴത്തിലുള്ള യാഥാർത്ഥ്യങ്ങൾ പ്രകടമാക്കാൻ കഴിഞ്ഞുവെന്നും, ജീവിതത്തെ കുറിച്ച് കൂടുതൽ ധ്യാനിക്കുവാനും, മനസിലാക്കുവാനും, മഹത്വവും ദുർബലതയും, തിരിച്ചറിയുവാനും, ഗൃഹാതുരത്വത്തെ വ്യാഖ്യാനിക്കാനും സാധിച്ചുവെന്നു ആമുഖമായി പാപ്പാ പറഞ്ഞു.
സിനിമ വെറുമൊരു വിനോദത്തിനുള്ള കലയല്ലയെന്നും, മനുഷ്യന്റെ ആത്മീയസാഹസികതയുമായി അനുസ്യൂതം അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. സിനിമയുടെ ഏറ്റവും വിലയേറിയ സംഭാവനകളിലൊന്ന് പ്രേക്ഷകനെ തന്നിലേക്ക് തന്നെ മടങ്ങാൻ സഹായിക്കുക, സ്വന്തം അനുഭവത്തിന്റെ സങ്കീർണ്ണതയെ പുതിയ കണ്ണുകളോടെ കാണുവാൻ സഹായിക്കുക എന്നതാണെന്നും, അപ്രകാരം മനുഷ്യന്റെ പ്രത്യാശയെപ്പോലും ചലനാത്മകമാക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
കലയ്ക്ക് ഏകാഗ്രത ആവശ്യമാണെന്നതുപോലെ, സിനിമയിലൂടെ ആഗ്രഹങ്ങളുടെയും ഓർമ്മകളുടെയും ചോദ്യങ്ങളുടെയും ഒരു വഴിത്തിരിവാണെന്നും, അതിനാൽ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മനുഷ്യനെ പ്രവേശിപ്പിക്കുവാൻ സിനിമ എന്ന കല വളരെ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. സിനിമാശാലകൾ, തിയേറ്ററുകൾ തുടങ്ങിയ സാംസ്കാരിക ഘടനകൾ നമ്മുടെ പ്രദേശങ്ങളുടെ ഹൃദയമിടിപ്പാണെന്നും, കാരണം അവ അവയുടെ മാനുഷികവൽക്കരണത്തിന് സംഭാവന ചെയ്യുന്നുവെന്നും പാപ്പാ സന്ദേശത്തിൽ അനുസ്മരിച്ചു. എന്നാൽ ഇന്നത്തെ ആധുനിക സംവിധാനങ്ങൾ ജീവിതത്തിൽ സ്വാധീനം ചെലുത്തുമ്പോൾ, ആധികാരികമായ സിനിമകൾ, നമ്മെ ആശ്വസിപ്പിക്കുക മാത്രമല്ല, വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും റോമിലേക്ക് വരുന്ന പലരെയും പോലെ, ഭാവനയുടെ തീർത്ഥാടകരായും, അർത്ഥം അന്വേഷിക്കുന്നവരായും, പ്രത്യാശയുടെ കഥപറച്ചിലുകാരായും, മാനവികതയുടെ സന്ദേശവാഹകരായും സിനിമ പ്രവർത്തകർ വനനത്തിൽ തനിക്കുള്ള സന്തോഷവും പാപ്പാ പങ്കുവച്ചു.
മികച്ച സിനിമ വേദനയെ ചൂഷണം ചെയ്യുന്നില്ല: അത് അവയെ അനുഗമിക്കുകയും, അന്വേഷിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ പാപ്പാ, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സിനിമകളുടെ ആധികാരികത വീണ്ടെടുക്കുവാൻ ഏവരെയും ആഹ്വാനം ചെയ്തു. സിനിമയുടെ പിന്നണിയിൽ അറിയപ്പെടാതെ പ്രവർത്തിക്കുന്നവരെക്കുറിച്ചും പാപ്പാ എടുത്തു പറഞ്ഞു. അർത്ഥം തേടുന്നവരുടെ ഭവനമായും, സമാധാനത്തിന്റെ ഭാഷയായും, സിനിമ എന്നും ഒരു സംഗമ സ്ഥലമായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.