We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Vatican19/12/2025
പരിശുദ്ധ പിതാവിന്റെയും വത്തിക്കാന്റെയും ആഗോളകത്തോലിക്കാസഭയുടെയും ശുശ്രൂഷയിൽ അറുപത് വർഷങ്ങൾ പൂർത്തിയാക്കിയ വത്തിക്കാൻ റേഡിയോയുടെ മലയാള വിഭാഗത്തിന്, വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ പ്രത്യേക ആദരം. 1965-ൽ ആരംഭിച്ച വത്തിക്കാൻ റേഡിയോ മലയാളവിഭാഗത്തിന്, ഈ വർഷത്തെ ക്രിസ്തുമസിന്റെ കൂടി പശ്ചാത്തലത്തിൽ ഡിസംബർ 18 വ്യാഴാഴ്ച നടന്ന ഒരു സമ്മേളനത്തിൽ ഡികാസ്റ്ററി അദ്ധ്യക്ഷൻ പൗളോ റുഫിനി പ്രത്യേക അനുമോദനഫലകം നൽകി.
വിശുദ്ധ പോൾ ആറാമൻ പാപ്പാ ഇന്ത്യ സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് 1965-ൽ, മലയാളം, ഹിന്ദി, തമിഴ് എന്നീ ഇന്ത്യൻ ഭാഷകളിലേക്ക് കൂടി 1931-ൽ ആരംഭിച്ച വത്തിക്കാൻ റേഡിയോയുടെ പ്രവർത്തനം വികസിപ്പിച്ചതെന്ന് ഡികാസ്റ്ററി നേതൃത്വം ഈ ആദരണച്ചടങ്ങിൽ അനുസ്മരിച്ചു.
ലോകത്തുതന്നെ ഏറ്റവും കൂടുതൽ ഭാഷകളിൽ പ്രക്ഷേപണവും വാർത്താപ്രസിദ്ധീകരണവും നടത്തുന്ന ഒരു സ്ഥാപനമായി വത്തിക്കാൻ വാർത്താവിനിമയവിഭാഗം മാറിയിട്ടുണ്ട്. അൻപത്തിയാറു ഭാഷകളിൽ വത്തിക്കാൻ ന്യൂസ് എന്ന പേരിൽ ഡികാസ്റ്ററി വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
വത്തിക്കാൻ ഡികാസ്റ്ററിയിൽ വിശിഷ്ട സേവനമനുഷ്ഠിക്കുന്ന വ്യക്തികളെ അനുമോദിക്കുന്നതിനും, അവർക്ക് പേപ്പൽ ബഹുമതികൾ സമ്മാനിക്കുന്നതിനും കൂടിയായിരുന്നു ഡിസംബർ 18-ന് നടന്ന സമ്മേളനം.