We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
27/04/2023
വത്തിക്കാൻ: 2023, 2024 വർഷങ്ങളിലെ ഒക്ടോബറിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്ന അവൈദികരായ അംഗങ്ങൾക്കും വോട്ടവകാശം നൽകി ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ വത്തിക്കാനിൽവച്ച് സിനഡിന്റെ മുഖ്യസംഘാടകരായ കർദിനാൾ മാരിയോ ഗ്രെക്ക്, കർദിനാൾ ഷാങ്-ക്ലോദ് ഹൊള്ളറിക്ക് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ അവൈദികരായ സിനഡംഗങ്ങൾക്ക് വോട്ടവകാശം ഇല്ലായിരുന്നു. സിനഡിലെ ചർച്ചകൾക്കുശേഷം നടക്കുന്ന വോട്ടെടുപ്പിലാണ് എല്ലാ അംഗങ്ങൾക്കും വോട്ടവകാശം ഉറപ്പാക്കിയത്. ഇങ്ങനെ പാസാക്കുന്ന നിർദേശങ്ങൾ നിയമമാക്കണമോ എന്നും സഭാപ്രബോധനങ്ങളിൽ ഉൾപ്പെടുത്തണമോ എന്നും മാർപാപ്പയാണു തീരുമാനിക്കുന്നത്.
സിനഡിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഇന്നലെ പ്രസിദ്ധീകരിച്ചു. സിനഡിന്റെ അന്തർദേശീയ ഒരുക്ക സമ്മേളനങ്ങളിൽനിന്ന് നിർദേശിക്കപ്പെടുന്ന 140 പേരിൽനിന്ന്, 70 പേരെയാണ് മാർപാപ്പ സിനഡിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇവരിൽ വൈദികരും കന്യാസ്ത്രീകളും ഡീക്കന്മാരും അല്മായരുമുണ്ടാകും. ഇവർക്കാണ് വോട്ടവകാശം ലഭിക്കുന്നത്.
ഇവരിൽ പകുതിപ്പേർ സ്ത്രീകളായിരിക്കും. യുവജനങ്ങളുടെ സാന്നിധ്യവും ഉറപ്പുവരുത്തും. സന്യസ്തരുടെ പ്രതിനിധികളായി അഞ്ചു വൈദികരും അഞ്ചു കന്യാസ്ത്രീകളും സിനഡിൽ പങ്കെടുക്കും.
വത്തിക്കാൻ കാര്യാലയങ്ങളിൽനിന്നു പങ്കെടുക്കേണ്ടവരെ മാർപാപ്പതന്നെയാവും നിയമിക്കുക. ഓരോ അന്തർദേശീയ അസംബ്ലിയിൽനിന്നും പൗരസ്ത്യ കത്തോലിക്കാസഭയിൽനിന്നും പത്തുപേർ വീതം സിനഡിൽ പങ്കെടുക്കും.
സിനഡിൽ പങ്കെടുക്കുന്ന 370 പേരിൽ 21 ശതമാനം മെത്രാന്മാരായിരിക്കുകയില്ല എന്നു കർദിനാൾമാർ വ്യക്തമാക്കി. വോട്ടവകാശമില്ലാത്ത വിദഗ്ധർ, ഫസിലിറ്റേറ്റർമാർ, അകത്തോലിക്കാ സഭകളിൽനിന്നുള്ള നിരീക്ഷകർ എന്നിവരും സിനഡിൽ സംബന്ധിക്കുന്നുണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം 1965ൽ പോൾ ആറാമൻ മാർപാപ്പയാണ് മെത്രാന്മാരുടെ സിനഡ് സമ്മേളനങ്ങൾക്കു തുടക്കംകുറിച്ചത്.