We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
14/03/2024
റവ. ഡോ. ആന്‍റണി വടക്കേകര വി. സി
”ഭൂമിയിൽ സമാധാനമാണു ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്നു നിങ്ങൾ വിചാരിക്കരുത്; സമാധാനമല്ല, വാളാണു ഞാൻ കൊണ്ടുവന്നിരിക്കുന്നത്” (മത്തായി 10:34)
പുതിയനിയമത്തിലെ ഒന്നാമത്തെ പുസ്തകമായ മത്തായിയുടെ സുവിശേഷത്തിൽ ഈശോ പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു ദുർഗ്രഹവചനമാണ് "സമാധാനമല്ല, വാളാണു ഞാൻ കൊണ്ടുവന്നിരിക്കുന്നത് (10:34) എന്നത്. ഭൂമിയിൽ സമാധാനം സ്ഥാപിക്കുവാനായി വന്ന യേശുക്രിസ്തുവിന്‍റെ ഈ വാക്കുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും വ്യാഖ്യാനിക്കാൻ പ്രയാസമേറിയതുമാണ്.
ശിഷ്യന്മാരെ തിരഞ്ഞെടുത്തു അപ്പസ്തോലിക ശുശ്രൂഷകൾക്കായി അയച്ചുകൊണ്ട് കർത്താവു നടത്തുന്ന "മിഷൻ പ്രഭാഷണ’മദ്ധ്യേ (മത്തായി 10) പറയപ്പെട്ട വാക്കുകളാണിത്. യേശുവിനെപ്രതി ശിഷ്യന്മാർ ജീവിതത്തിൽ നേരിടേണ്ടിവരുന്ന എതിർപ്പുകളും പീഡനങ്ങളും സഹനങ്ങളുമാണ് പ്രതിപാദനസാഹചര്യം. സമാനമായൊരു വാക്യം ലൂക്ക 12:51ൽ ഉണ്ട്. 'വാൾ' എന്നതിനുപകരം "ഭിന്നത' എന്ന വാക്കാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. ഭിന്നതയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രതീകമാണ് വാൾ എന്നു വ്യക്തമാണ്.
മകനെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ് താൻ വന്നിരിക്കുന്നതെന്നും സ്വന്തം കുടുംബത്തിൽപ്പെട്ടവർ തന്നെയായിരിക്കും ഒരുവന്‍റെ ശത്രുക്കളെന്നും യേശു കൂട്ടിച്ചേർക്കുന്നു (മത്തായി 10:35-36).
ക്രിസ്തുശിഷ്യന്മാരാകുന്നവർ വിശ്വാസത്തെപ്രതി സഹിക്കേണ്ടിവരുമെന്നും ക്രിസ്തുവിനോടുള്ള സമർപ്പണം എതിർപ്പുകൾ ക്ഷണിച്ചുവരുത്തുമെന്നും വ്യക്തമാക്കാൻവേണ്ടി യേശു പറഞ്ഞ വചനമാണിത്. തന്‍റെ വരവിന്‍റെ ലക്ഷ്യം ഭിന്നതയുളവാക്കുകയാണ് എന്ന അർഥത്തിലല്ല മറിച്ച്, തന്‍റെ വരവിന്‍റെ ഫലമായി ഭിന്നതയുണ്ടാകും എന്ന അർഥത്തിലാണ് ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്.ആദിമസഭയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഈ വചനം യാഥാർഥ്യമായിത്തീർന്നു എന്നു മനസ്സിലാക്കുവാൻ സാധിക്കും. യേശുക്രിസ്തുവിനെ കർത്താവും ദൈവവും രക്ഷകനുമായി ഏറ്റുപറഞ്ഞ വിശ്വാസികൾ സ്വന്തം കുടുംബങ്ങളിൽനിന്നു തിരസ്കൃതരാവുകയും കുടുംബാംഗങ്ങളാൽതന്നെ ഒറ്റിക്കൊടുക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആദിമസഭയുടെ ഈ ചരിത്രം ലോകത്തിൽ ചിലയിടങ്ങളിൽ ഇപ്പോഴും ആവർത്തിക്കപ്പെടുന്നുണ്ട്.എന്നാൽ യേശുക്രിസ്തു സമാധാനത്തിന്‍റെ ഉറവിടവും സമാധാനദാതാവും സമാധാനകാംക്ഷിയുമാണെന്നു പുതിയനിയമം ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട് (ലൂക്ക 2:14,29; 7:50; 8:48; മാർക്കോസ് 5:34; യോഹന്നാൻ 14:27; 20:19-21; കൊളോസോസ് 1:20; 3:15; എഫേസോസ് 2:14,16).