We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
19/05/2023
തിരുവനന്തപുരം: തീരദേശ, മലയോര മേഖലകളിലും കുട്ടനാടൻ പ്രദേശത്തും അധിവസിക്കുന്ന ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിർദേശങ്ങളുമായി ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ-സാന്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയതായാണ് അറിയുന്നത്. കുട്ടനാട്ടിലെ ജീവിത നിലവാരം ഉയർത്താനുള്ള സുപ്രധാന നിർദേശങ്ങളും കമ്മീഷൻ മുന്നോട്ടുവച്ചു. തീരദേശ മേഖലയിൽ കടലിനോടു ചേർന്നു താമസിക്കുന്നവരുടെ പുനരധിവാസം നടത്തുന്പോൾ ഇവരുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂലമായ സ്ഥലത്തുതന്നെ മാറ്റി പാർപ്പിക്കണമെന്ന നിർദേശവുമുണ്ട്. ക്രൈസ്തവ വിഭാഗങ്ങളിൽ തീരദേശ വാസികളാണ് ഏറ്റവും പിന്നാക്കാവസ്ഥയിൽ നിൽക്കുന്നതെന്നും അതിനാൽ ഇവരുടെ ഉന്നമനത്തിന് പ്രത്യേക പരിഗണന നല്കണമെന്ന കാര്യവും പരാമർശിക്കുന്നു.
ക്രൈസ്തവരുടെ വിദ്യാഭ്യാസ, സാമൂഹിക, സാന്പത്തിക സ്ഥിതി സംബന്ധിച്ചുള്ള പരാമർശവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ മേഖലകളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു കമ്മീഷനു ലഭിച്ച പരാതികളിലേറെയും. ദളിത് ക്രൈസ്തവവിഭാഗങ്ങളും നിരവധി പ്രതിസന്ധികൾ നേരിടുന്നതിനാൽ ഇവരുടെ ഉന്നമനത്തിനായി പ്രത്യേക ശ്രദ്ധ ഉണ്ടാവണമെന്ന സൂചനയുമുണ്ട്. കമ്മീഷൻ ജില്ലകൾ തോറും നടത്തിയ സിറ്റിംഗിലൂടെയും തപാലിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലും വിദഗ്ധരുമായി നടത്തിയ ചർച്ചകൾക്കുമൊടുവിലാണ് റിപ്പോർട്ട് തയാറാക്കിയത്. 306 പേജിൽ രണ്ടു ഭാഗങ്ങളായി തയാറാക്കിയ റിപ്പോർട്ടിൽ 500 ശിപാർശകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കമ്മീഷൻ അംഗം മുൻ ഡിജിപി ജേക്കബ് പുന്നൂസ്, മെംബർ സെക്രട്ടറിയും റിട്ട. ജില്ലാ ജഡ്ജിയുമായ സി.വി. ഫ്രാൻസിസ് എന്നിവർക്കൊപ്പമെത്തിയാണ് ജസ്റ്റീസ് ജെ.ബി. കോശി റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയത്.