We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
17/04/2023
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കത്തോലിക്കാ മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന തെറ്റിദ്ധാരണാജനകമായ സർക്കുലറുകളിൽ വരുന്ന നിർദേശങ്ങൾക്ക് വ്യക്തമായ മാർഗനിർദേശം നൽകുന്നതിനും മാനേജ്മെന്റുകൾ തയാറാക്കി നൽകിയ ബാക്ക്-ലോഗ് സംബന്ധമായ രേഖകൾ പരിശോധിച്ച് എത്രയും വേഗം ഈ വിഷയം പരിഹരിക്കണമെന്നും മുഖ്യമന്ത്രിയോട് നേരിട്ട് അഭ്യർഥിച്ചു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ എല്ലാ ഹൈസ്കൂളുകളിലും ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തിക പുനഃസ്ഥാപിക്കുന്നതിനു നടപടി ഉണ്ടാകണമെന്നും അനധ്യാപക നിയമനത്തിനു ബിരുദധാരികളെയും നിയമിക്കുന്നതിനു നടപടി ഉണ്ടാകണമെന്നും അഭ്യർഥിച്ചു.
അണ് എയ്ഡഡ് സ്കൂളുകൾക്കും ഹോസ്റ്റലുകൾക്കും പുതുതായി ഏർപ്പെടുത്തിയ കെട്ടിട നികുതി ഇപ്പോൾതന്നെ കുട്ടികളുടെ കുറവും ഫീസ് സംബന്ധമായ പ്രശ്നങ്ങളും കാരണം വഹിക്കാവുന്നതിലും അധികമാണെന്നും കെട്ടിടനികുതിഭാരം പിൻവലിക്കണമെന്നും അഭ്യർഥിച്ചു. കൂടാതെ കേന്ദ്ര സർക്കാർ നിർത്തലാക്കിയ വിവിധ സ്കോളർഷിപ്പുകൾക്കു പകരമായി കേരളത്തിലെ വിദ്യാർഥികൾക്കു പുതിയ സ്കോളർഷിപ്പുകൾ ആരംഭിക്കണമെന്നും നിർദേശിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ നടത്തിക്കൊണ്ടു പോകുന്നതിലുള്ള വിഷമതകൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും അഞ്ചിന നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. അതിൽ പ്രധാനമായി എൻജിനിയറിംഗ് വിദ്യഭ്യാസ സ്ഥാപനങ്ങളെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇൻഡസ്ട്രിയൽ ഫ്രീ സോണായി പ്രഖ്യാപിക്കണമെന്നും വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിച്ചു മറ്റു രാജ്യങ്ങളിലെ സർവകലാശാലകളുമായി അന്തർദേശീയ സഹകരണം വളർത്തണമെന്നും സമിതി ആവശ്യപ്പെട്ടു. സ്വകാര്യ നഴ്സിംഗ് കോളജുകൾ നടത്തുന്നത് മാനേജ്മെന്റുകളാണെങ്കിലും അവർ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങൾക്കുപോലും ഒരു സീറ്റ് അഡ്മിഷൻ നൽകാൻ സാധിക്കുന്നില്ല എന്ന വിവരവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
സീറോ മലബാർ സിനഡൽ എഡ്യൂക്കേഷൻ കമ്മിറ്റി കണ്വീനർ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, അംഗം ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, സെക്രട്ടറിയും പാലാ രൂപത കോർപറേറ്റ് മാനേജരുമായ ഫാ.ബർക്കുമാൻസ് കുന്നുംപുറം, കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട്, നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനിയറിംഗ് കോളജ് ബർസാർ ഫാ.ജോണ് വർഗീസ്, സെന്റ് ഗിറ്റ്സ് കോളജ് ഡയറക്ടർ പുന്നൂസ് ജോർജ്, ഷെവലിയർ വി.സി.സെബാസ്റ്റ്യൻ എന്നിവർ കർദിനാൾ ക്ലീമിസ് ബാവായോടൊപ്പം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.