x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

21/05/2025

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട കൊല്ലംകുന്നേല്‍ അനൂപച്ചന്‍ (37) നിര്യാതനായി

ബഹുമാനപ്പെട്ട കൊല്ലംകുന്നേല്‍ അനൂപച്ചന്‍ തമിഴ്നാട് നീലഗിരി ജില്ലയിലെ കുന്ദലാടിയില്‍ കൊല്ലംകുന്നേല്‍ വര്‍ഗീസ് (കുഞ്ഞ്) - വല്‍സമ്മ ദമ്പതികളുടെ മൂത്ത മകനായി 1988 ജൂലൈ ഒമ്പതാം തിയതി ജനിച്ചു. അജീഷാണ് അച്ചന്റെ ഇളയസഹോദരന്‍. തുഷാര സഹോദരഭാര്യയും ഏബല്‍, ഏഥന്‍ എന്നിവര്‍ അവരുടെ മക്കളുമാണ്. ഉപ്പട്ടി ഭാരതമാതാ സ്കൂളിലെ  പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം മാനന്തവാടി രൂപതക്ക് വേണ്ടി വൈദികനാവുക എന്ന സ്വപ്നത്തോടെ 2004-ല്‍ അച്ചന്‍ മാനന്തവാടി രൂപതയുടെ മൈനര്‍സെമിനാരിയില്‍ ചേര്‍ന്നു.

മാനന്തവാടി മൈനര്‍ സെമിനാരിയിലെ മൂന്ന് വര്‍ഷ പരിശീലനത്തിന് ശേഷം അച്ചന്‍ തത്വശാസ്ത്രപഠനം നടത്തിയത് തൃശ്ശൂര്‍ മേരിമാതാ സെമിനാരിയിലാണ്. തുടര്‍ന്ന് രണ്ടുവര്‍ഷക്കാലം ആന്ധ്രയിലെ അനന്തപൂര്‍, മുദിഗുപ്പയിലെ ശ്രീ സായി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയും അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ്സാഹിത്യത്തില്‍ വിദൂരപഠനത്തിലൂടെ  ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ന്ന് കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി 2015 ഡിസംബര്‍ 29-ന് പൗരോഹിത്യം സ്വീകരിച്ചു.

വൈദികനായ ശേഷം പയ്യംപള്ളി, തരിയോട്, നിലമ്പൂര്‍, ബോയ്സ് ടൗണ്‍ എന്നീ ഇടവകകളില്‍ അസ്തേന്തിയായി ശുശ്രൂഷ ചെയ്തു. തുടര്‍ന്ന് ബാംഗ്ലൂര്‍ ക്രിസ്തുജ്യോതി കോളേജില്‍ യൂത്ത് മിനിസ്ട്രിയില്‍ ഉപരിപഠനം നടത്തി. ബാംഗ്ലൂര് നിന്ന് തിരിച്ചെത്തിയ ശേഷം ബോസ്പര ഇടവകയുടെ വികാരിയായും നീലഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ അസിസ്റ്റന്റ് ഡയറക്ടറായും ശുശ്രൂഷ ചെയ്തു. തദവസരത്തില്‍ ഗൂഡല്ലൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദപഠനം നടത്തി.  2024 മെയ് 19 മുതല്‍ അച്ചന്‍ കല്ലുമുക്ക് ഇടവകയുടെ വികാരിയായിരുന്നു. അടുത്ത നാളുകളില്‍ ആരോഗ്യപരമായ അസ്വസ്ഥകള്‍ അച്ചനെ ബാധിക്കുകയും അത് കഠിനമായ ന്യുമോണിയയായി പരിണമിക്കുകയും രണ്ടാഴ്ചയോളം തീവ്രപരിചരണം സ്വീകരിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായെങ്കിലും ഇന്ന് (21 മെയ് 2025) രാവിലെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനം മൂലം അച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വളരെ ചെറുപ്പത്തില്‍ത്തന്നെ മരണം മൂലം മാനന്തവാടി രൂപതയ്ക്ക് അനൂപച്ചനെ നഷ്ടപ്പെടുമ്പോള്‍ രൂപതാകുടുംബം ഏറെ ദുഖിക്കുന്നു. അച്ചന്‍ ശുശ്രൂഷ ചെയ്ത ഇടവകകളിലും സ്ഥാപനങ്ങളിലും എന്നു മാത്രമല്ല ഏവര്‍ക്കും വളരെ പ്രിയപ്പെട്ട വ്യക്തിയായിരുന്ന അനൂപച്ചന്‍. ഏറെ സരസമായും ചിരിച്ചും  എല്ലാവരോടും ഇടപെട്ടിരുന്ന അനൂപച്ചന്റെ സൗഹൃദവും സ്നേഹവും തികച്ചും നിഷ്കളങ്കമായിരുന്നു. എല്ലാവരോടും ഒരുപോലെ ഇടപെടാനും ഏതൊരാളെയും വളരെപ്പെട്ടെന്ന് തന്നോടടുപ്പിക്കാനും കഴിയുന്ന ആകര്‍ഷകമായ ഒരു വ്യക്തിത്വം അച്ചനുണ്ടായിരുന്നു. അജപാലനഔത്സുക്യവും ദൈവജനത്തോടുള്ള കരുതലും അച്ചന്റെ ശുശ്രൂഷാജീവിതത്തിന്റെ പ്രത്യേകതകളാണ്. അഭിവന്ദ്യ പിതാക്കന്മാരോടും രൂപതാധികാരികളോടും സഹോദരവൈദികരോടും ചേര്‍ന്ന് രൂപത തന്നെയേല്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ തീക്ഷ്ണതയോടെ നിറവേറ്റുന്നതില്‍ അച്ചന്‍ ശ്രദ്ധാലുവും തത്പരനുമായിരുന്നു.

ബഹുമാനപ്പെട്ട അനൂപ് കൊല്ലംകുന്നലച്ചന്റെ ഭൗതികദേഹം ഇന്ന് (21 മെയ് 2025) രാത്രിയോടെ ദ്വാരക പാസ്റ്റൽ സെന്ററിലേക്ക് കൊണ്ടുവരികയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം പാസ്റ്ററൽ സെന്റർ ചാപ്പലിൽ വച്ച് നടത്തുകയും ചെയ്യും. നാളെ (22/05/2025) രാവിലെ 7 മണിക്ക് അച്ചന് വേണ്ടി വി. ബലി അർപ്പിക്കുകയും തുടർന്ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടത്തുകയും ചെയ്യും. ഉച്ചയ്ക്ക് ഒരു മണിയോട് കൂടി മൃതശരീരം സീയോൻ ഹാളിലേക്ക് മാറ്റുകയും മൃതസംസ്കാരശുശ്രൂഷയുടെ അവസാനഭാഗം 2 മണിക്ക് അഭിവന്ദ്യ അലക്സ് താരാമംഗലം പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. കൊല്ലംകുന്നേല്‍ അനുപ് അച്ചന്റെ ദേഹവിയോഗത്തില്‍ മാനന്തവാടി രൂപതാകുടുംബം ദു:ഖം രേഖപ്പെടുത്തുകയും അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Related Updates


east