We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
19/07/2025
ഫാ. തോമസ് മണ്ണൂർ (1937– 2025)
1937 നവംബർ 15ന് പാലായിൽ മുത്തോലി ഇടവക, മണ്ണൂർ ഉലഹന്നാന്റെയും ഏലിയുടെയും ആറുമക്കളിൽ അഞ്ചാമനായി തോമസച്ചന്‍ ജനിച്ചു. സഹോദരങ്ങൾ- പരേതരായ മത്തായി, ജോസഫ്, പാപ്പച്ചൻ, വർക്കിച്ചൻ. സഹോദരി ത്രേസ്യാകുട്ടി ജോൺ മുണ്ടക്കത്തറപ്പേൽ (റിട്ട. H M ജി.യു.പി.എസ്. വെള്ളാട്). മുത്തോലി സെന്റ് ആന്റണീസ് സ്കൂളിൽ എസ്.എസ്.എൽ.സി പഠനം പൂര്‍ത്തിയാക്കി. തുടർന്ന് ആലക്കോട്, വെള്ളാട് എന്ന സ്ഥലത്തേക്ക് കുടുംബം കുടിയേറി.
ചെറുപ്രായം മുതൽ മിഷനറിവൈദികനാകണമെന്ന ആഗ്രഹം തോമസച്ചന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഈ ആഗ്രഹവുമായാണ് ആലക്കോട് വികാരിയായിരുന്ന ഫാ. ജോസഫ് കുന്നേലിനെ സമീപിച്ചത്. അദ്ദേഹം തോമസച്ചനെ തലശ്ശേരി രൂപതയ്ക്കു വേണ്ടി 1957-ൽ കുന്നോത്ത് മൈനർ സെമിനാരിയിലേക്ക് അയച്ചു.
1959 മുതല്‍ ആലുവ മേജർ സെമിനാരിയിൽ പഠനം നടത്തി 1966 മാർച്ച് 10ന് അഭിവന്ദ്യ വള്ളോപ്പള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. കര്‍ണാടകയിലെ ഷിമോഗ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തു. ഷിമോഗയിൽ നിന്നും കുടിയിറക്കപ്പെട്ടവരെ തലശ്ശേരി അതിരൂപതയിലെ ചന്ദനക്കാംപാറയില്‍ പുനരധിവസിപ്പിക്കാന്‍ ജോസഫ് കുന്നേല്‍ അച്ചനോടൊപ്പം അസിസ്റ്റന്റ് വികാരിയായിരിക്കേ നേതൃത്വം നല്കിയത് മണ്ണൂരച്ചനായിരുന്നു. അന്ന് അവിടെ പുതുതായി തുടങ്ങിയ ഇടവകയാണ് ലിറ്റില്‍ ഫ്ലവര്‍ പള്ളി. 1967-ൽ നെല്ലിക്കുറ്റി ഇടവകയിലെ വികാരിയായി അച്ചന്‍ രണ്ടുവർഷം സേവനം ചെയ്തു. 1969-ൽ അന്ന് തലശ്ശേരി രൂപതയുടെ ഭാഗമായിരുന്ന വയനാട്ടിലെ കോട്ടത്തറ സെന്റ് ആന്റണീസ് പള്ളിയിലും 1973-ൽ കൊട്ടിയൂർ ഇടവകയിലും വികാരിയായി. പാൽച്ചുരം, അമ്പായത്തോട് റോഡിന്റെ പണികള്‍ക്കും കൊട്ടിയൂർ ഇമ്മിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹയർസെക്കന്ററി കൊണ്ടുവരാനും അച്ചന്‍ നേതൃത്വം നല്കി.
പിന്നീട് ഒത്തിരി ത്യാഗങ്ങള്‍ സഹിച്ച് അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് മുള്ളൻകൊല്ലി സെന്റ് മരീസ് ദേവാലയത്തിന്റെ പണികൾ പൂർത്തിയാക്കാൻ മണ്ണൂരച്ചന് കഴിഞ്ഞു. ഈ കാലഘട്ടത്തിലാണ് ഇരുളം-അങ്ങാടിശ്ശേരി ഇടവകയുടെ ഇടവകയുടെ വികാരിയായും ശുശ്രൂഷ ചെയ്തത്. മുള്ളൻകൊല്ലിയിൽ വികാരിയായിരിക്കേ 1982-ല്‍ മണ്ണൂരച്ചന്റെ നേതൃത്വത്തില്‍ സമീപപ്രദേശങ്ങളായ മരകാവ്, ആടിക്കൊല്ലി, മുള്ളന്‍കൊല്ലി എന്നീ ഇടവകകളില്‍ നിന്നുള്ള കുറേ വീട്ടുകാരെ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി തിരുഹൃദയ ഇടവകരൂപീകരണത്തിന് നേതൃത്വം കൊടുക്കുകയും ദേവാലയം നിര്‍മ്മിക്കുകയും ചെയ്തു.
തുടർന്ന് വാഴവറ്റ, കാവുംമന്ദം ഇടവകകളിൽ സ്തുത്യര്‍ഹമായ സേവനം ചെയ്തു. മിഷൻ വൈദികനാകണമെന്ന് ചെറുപ്പംമുതല്‍ ഉണ്ടായിരുന്ന ആഗ്രഹം മനസ്സില്‍ കെടാതെ സൂക്ഷിച്ച മണ്ണൂരച്ചന്‍ 62-ാമത്തെ വയസില്‍ 1999 ജൂണ്‍ 20-ന് മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്കോട്ടെത്തി. വാങ്കനീര്‍ മിഷന്‍ കേന്ദ്രമായിരുന്നു പ്രവര്‍ത്തനമേഖല. ജനത്തിന്റെ കൂടെ സഞ്ചരിക്കാന്‍ അവരെ ലക്ഷ്യബോധത്തിലേക്ക് നയിക്കാന്‍ അച്ചന് കഴിഞ്ഞു. 2001- ജനുവരിയില്‍ ഗുജറാത്തിനെ പിടിച്ചുകുലുക്കിയ ഭൂകമ്പമുണ്ടായപ്പോള്‍ മണ്ണൂരച്ചനും അതിന്റെ തീവ്രത അനുഭവിക്കേണ്ടി വന്നു. നിസ്സഹായാവസ്ഥയുടെ ആ നാളുകളില്‍ തോമസച്ചന്‍ നിരന്തരം പ്രാര്‍ത്ഥനയിലായിരുന്നു.
2003-ൽ മണ്ണൂരച്ചൻ വീണ്ടും മാനന്തവാടി രൂപതയിലെത്തി. മാർ എമ്മാനുവേല്‍ പോത്തനാമുഴി ആവശ്യമനുസരിച്ച് ഊട്ടിയിലേക്ക് പോയി. അവിടെ നാല്പത് വീട്ടുകാരുള്ള ഒരു സ്ഥലത്ത് പുതിയ ഇടവക തുടങ്ങുകയും ചെയ്തു. 2009 മുതൽ മാനന്തവാടി രൂപതയിലെ കൊളവയൽ ഇടവകയില്‍ വികാരിയായി തോമസച്ചന്‍ സേവനം ചെയ്തു.
ബഹുമാനപ്പെട്ട മണ്ണൂരച്ചന്റെ ഭൗതികശരീരം നാളെ (ഞായറാഴ്ച) രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ പൊതുദര്‍ശനത്തിനായി ഉണ്ടായിരിക്കുന്നതാണ്. അതിനെത്തുടര്‍ന്ന് തലശ്ശേരി അതിരൂപതയിലെ കരുവഞ്ചാലടുത്ത് വെള്ളാട് ഇടവകയിലെ അച്ചന്റെ സഹോദരന്റെ ഭവനത്തിലേക്ക് കൊണ്ടുപോവുകയും തിങ്കളാഴ്ച രാവിലെ 11 മണിവരെ സഹോദരഭവനത്തിൽ പൊതുദർശനവും തുടർന്ന് ഇടവകദേവാലയത്തിൽ പൊതുദർശനവും രണ്ടു മണിക്ക് അഭിവന്ദ്യ അലക്സ് താരാമംഗലം പിതാവിന്റെ കാര്‍മ്മികത്വത്തില്‍ മൃതസംസ്കാരശുശ്രൂഷ നടത്തപ്പെടുകയും ചെയ്യും.
ദൈവം ഏല്പിച്ച ഉത്തരവാദിത്വം ദൈവസന്നിധിയില്‍ അര്‍പ്പിച്ച് നീതിപൂര്‍വ്വം ചെയ്യുക എന്നതാണ് തന്റെ ഉത്തരവാദിത്വവും കടമയുമെന്ന് ഉറച്ചു വിശ്വസിച്ച് വൈദികനായിരുന്നു ബഹുമാനപ്പെട്ട മണ്ണൂരച്ചന്‍. അച്ചന്റെ ദേഹവിയോഗത്തില്‍ മാനന്തവാടി രൂപതാകുടുംബം ദു:ഖം രേഖപ്പെടുത്തുകയും അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.