We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar29/01/2026
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മലയാളി വൈദികന്‍ ഫാ. തോമസ് വി. കുന്നുങ്കല്‍ എസ്.ജെ (99) അന്തരിച്ചു. ഡല്‍ഹി സിവില്‍ ലൈന്‍സിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിനോട് ചേര്‍ന്നുള്ള ജെസ്യൂട്ട് ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ (ജനുവരി 30) ഉച്ചകഴിഞ്ഞ് മൂന്നിന് ഡല്‍ഹിയില്‍ നടക്കും.
സിബിഎസ്ഇ മുന്‍ ചെയര്‍മാനും 1989-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1974-ലാണ് അദ്ദേഹത്തിന് പത്മശ്രീ നല്‍കിയത്.
1962 മുതല്‍ 1979 വരെ ഡല്‍ഹി സെന്റ് സേവ്യേഴ്‌സ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്റെ (സിബിഎസ്ഇ) ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.
ഒരു ക്രൈസ്തവ പുരോഹിതന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ബോര്‍ഡിന്റെ ചെയര്‍മാനായത് അക്കാലത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഗ്രേഡിംഗ് സമ്പ്രദായം, കുട്ടികളുടെ ചിന്താശേഷിയും സര്‍ഗാത്മകതയും അളക്കുന്ന രീതിയിലേക്ക് ചോദ്യപേപ്പറുകളില്‍ വരുത്തിയ പരിഷ്‌കരണം, 10+2 സമ്പ്രദായം തുടങ്ങിയവയൊക്കെ സിബിഎസ്ഇ ചെയര്‍മാനായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്‌കാരങ്ങളായിരുന്നു.
ദേശീയ അധ്യാപക കമ്മീഷന്‍, ദേശീയ വിദ്യാഭ്യാസ നയം (1986) പുനഃപരിശോധിക്കാനുള്ള കമ്മീഷന്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സുപ്രധാന സമിതികളില്‍ അദ്ദേഹം അംഗമായിരുന്നു.
ആലപ്പുഴയിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച ഫാ. തോമസിന് ചെറുപ്പം മുതല്‍ അറിവിനോടും ആധ്യാത്മികതയോടും ആഴമേറിയ താല്പര്യം ഉണ്ടായിരുന്നു.
പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍ക്കും സ്‌കൂളില്‍ പോയി പഠിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്കും വിദ്യാഭ്യാസം നേടാന്‍ സാഹചര്യമൊക്കിയ ഓപ്പണ്‍ സ്‌കൂളിന്റെ സ്ഥാപനത്തിന് വഴിയൊരുക്കിയ ഫാ. തോമസ് വി. കുന്നുങ്കലിന്റെ സംഭാവനകള്‍ രാജ്യം എക്കാലവും ഓര്‍മ്മിക്കും.