x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

10/02/2023

സിബിഐയുടെ നിയമവിരുദ്ധ പ്രവർത്തികൾക്ക് ആര് പരിഹാരം ചെയ്യും? അഡ്വ. സി. ജോസിയ എസ്ഡി (പിആർഒ, വോയ്‌സ് ഓഫ് നൺസ്)

നിയമത്തിനും നീതിക്കും നിരക്കാത്തതും മനുഷ്യത്വരഹിതവുമാണ് അഭയകേസിലെ സിബിഐ ഇടപെടലുകൾ എന്ന് ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്. മനഃസാക്ഷിക്ക് നിരക്കാത്ത കള്ളക്കഥകൾ എഴുതിയുണ്ടാക്കി അത് സ്ഥാപിച്ചെടുക്കാൻ നിയമവിരുദ്ധമായ വഴികൾ സ്വീകരിച്ച ഇത്തരമൊരു അന്വേഷണ ഏജൻസി ലോകത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ? അഭയകേസിൽ കുറ്റാരോപിതർ കുറ്റക്കാരാണ് എന്ന് ഏകപക്ഷീയമായി സിബിഐ കോടതി വിധി പ്രസ്താവിച്ചപ്പോൾ, പ്രഗത്ഭരായ മുൻ ന്യായാധിപർ ഉൾപ്പെടെ നിരവധിപ്പേർ രംഗത്ത് വരികയുണ്ടായിരുന്നു. ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളും വന്നിട്ടുള്ള ഒരു ക്രിമിനൽ വിധി മുമ്പുണ്ടായിട്ടുണ്ടോ എന്ന് തനിക്ക് സംശയമാണ് എന്നാണ് അറിയപ്പെടുന്ന ഒരു മുൻ ഹൈക്കോടതി ജഡ്ജി ആ വിധിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. കൃത്രിമമായി ഉണ്ടാക്കിയ കേസും, കളവായി ഉണ്ടാക്കിയ തെളിവുകളും തെറ്റായി എഴുതിയ വിധിയുമാണ് അതെന്നും അദ്ദേഹം പരസ്യമായി പറയുകയുണ്ടായി.
സിബിഐയുടെ വാദങ്ങൾ പൊളിയുന്നു
2020 ഡിസംബറിന് ശേഷം, 2023 ഫെബ്രുവരിയിൽ അഭയാകേസ് സംബന്ധിച്ച മറ്റൊരു വിധി പ്രസ്താവം കൂടി ചർച്ചയാകുമ്പോൾ അവിടെ തകർന്നടിയുന്നത് സിബിഐയുടെ വാദഗതികളും കണ്ടെത്തലുകളും മുഴുവനോടെയാണ്. കാരണം, സിബിഐ ഭാവനയിൽ മെനഞ്ഞ കുറ്റപത്രത്തിൻ്റെ അടിത്തറ പ്രതികൾ തമ്മിലുള്ള അവിഹിത ബന്ധം ആയിരുന്നു. അത് സ്ഥാപിക്കാൻ സിബിഐക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി കുറ്റാരോപിതയായ സന്യാസിനി കന്യകയല്ല എന്ന് സ്ഥാപിക്കുകയായിരുന്നു. അതിനാണ് അവർ നിയമവിരുദ്ധമായ കന്യകാത്വ പരിശോധന നടത്താൻ തീരുമാനിച്ചത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതിനാൽ സന്യാസിനി അതിന് വഴങ്ങുകയും പരിശോധനയ്ക്ക് വിധേയയാവുകയും ചെയ്തു. അതേസമയം പരിശോധനയിൽ സന്യാസിനി കന്യകയാണ് എന്ന് തെളിഞ്ഞത് സിബിഐക്ക് തിരിച്ചടിയായി. എന്നാൽ, അവിടെയും തോൽവി സമ്മതിക്കാതെ അടുത്ത ട്വിസ്റ്റ് തങ്ങളുടെ തിരക്കഥയിൽ അവർ എഴുതിച്ചേർത്തു. അതായിരുന്നു, ഹൈമനോപ്ലാസ്റ്റി.
കുറ്റാരോപിതയായ സന്യാസിനി കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതാണ് എന്ന വാദമാണ് സിബിഐ ഉദ്യോഗസ്ഥർ പിന്നീട് ഉയർത്തിയത്. അല്ലാത്തപക്ഷം, കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ സമൂഹത്തെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ച കെട്ടുകഥകൾ കളവാണെന്ന് സമ്മതിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതിനാൽ, അക്കാലഘട്ടത്തിൽ കേട്ടുകേൾവി പോലും ഇല്ലാതിരുന്ന, ചില വിദേശരാജ്യങ്ങളിൽ മാത്രം ചെയ്യാൻ കഴിയുന്ന അത്തരമൊരു സർജറി അവർ ചെയ്തു എന്ന് സിബിഐ പ്രചരിപ്പിച്ചു. എന്നാൽ, എവിടെ വച്ച് ചെയ്തെന്നോ, ആര് ചെയ്തെന്നോ കണ്ടെത്താനോ വിശദീകരിക്കാനോ അവർക്ക് കഴിഞ്ഞതുമില്ല. ഒരിക്കലും വിദേശത്ത് എവിടെയും പോയിട്ടില്ലാത്ത ഒരു വ്യക്തി, അക്കാലത്ത് വിദേശരാജ്യങ്ങളിൽ മാത്രം ചെയ്യാൻ കഴിയുന്ന ഒരു സർജ്ജറി ചെയ്തു എന്ന വാദത്തെ യാതൊരു തെളിവുകളുമില്ലാതെ അംഗീകരിച്ചുകൊണ്ടുകൂടിയാണ് സിബിഐ കോടതി പ്രസ്തുത സന്യാസിനിയെ സംശയലേശമന്യേ കുറ്റക്കാരിയാക്കി വിധിയെഴുതിയത്.
കന്യകാത്വ പരിശോധന എന്ന നിയമവിരുദ്ധ പ്രവൃത്തി
അക്കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. രമ, ഡോ. ലളിതാംബിക എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന കന്യകാത്വ പരിശോധനയെയും തുടർന്ന് ഉണ്ടായ വഴിത്തിരിവുകളെയും ശക്തമായി അപലപിച്ചുകൊണ്ട് പിന്നീട് പ്രഗത്ഭരായ ഫോറൻസിക്ക് സർജൻമാർ തന്നെ മുന്നോട്ട് വന്നിട്ടുള്ളതാണ്. മെഡിക്കൽ എത്തിക്സിനും, ഇന്ത്യയുടെ ഭരണഘടനയ്ക്കും നിരക്കാത്ത ഹീനമായ കുറ്റകൃത്യമാണ് നടന്നത് എന്ന തിരിച്ചറിവിനൊപ്പം, ചതിയായിരുന്നു സിബിഐ ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യമെന്ന് മനസിലായതുകൊണ്ടുമാണ് 2009 ൽ കുറ്റാരോപിതയും ഒപ്പം സിബിഐ ഗൂഢാലോചനയുടെ ഇരയുമായ സന്യാസിനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പിന്നീടുള്ള പതിനാല് വർഷങ്ങൾ ഇതേ കാരണങ്ങളാൽ തന്നെ ലോകചരിത്രത്തിൽ ഏറ്റവുമധികം പൊതുസമൂഹത്തിൽ അവഹേളിക്കപ്പെടുകയും കുറ്റവാളിയായി ചിത്രീകരിക്കപ്പെടുകയും ജീവിതം പൂർണ്ണമായി കൈവിട്ട് പോവുകയും ചെയ്തിട്ടും ആ സന്യാസിനി മനോബലത്തോടെ നിലകൊണ്ടു എന്നുള്ളത് വലിയൊരു അത്ഭുതമാണ്. ആ ആത്മവിശ്വാസവും മനോബലവും അവരുടെ നിരപരാധിത്വത്തിൻ്റെയും ആഴമുള്ള ആത്മീയതയുടെയും സാക്ഷ്യംകൂടി ആവുകയാണ്.
ആധുനിക ലോകചരിത്രത്തിൽ പരിഷ്കൃത സമൂഹങ്ങളിൽ ഒരു സ്ത്രീയും അനുഭവിച്ചിട്ടില്ലാത്ത കടുത്ത അവഹേളനമാണ് കുറ്റാരോപിതയായ ആ സന്യാസിനി നേരിട്ടത്. അതിന് കാരണമായത് സിബിഐയുടെ നിയമവിരുദ്ധമായ നീക്കങ്ങളും. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി നിരവധിപ്പേർ ഈ വിഷയം ചൂണ്ടിക്കാണിക്കുകയും സിബിഐയുടെ രീതികളെയും നിലപാടിനെയും വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, വാസ്തവങ്ങൾ മനസ്സിലാക്കിയിട്ടും, സിബിഐയുടെ അധാർമികത വ്യക്തമായിട്ടും പ്രതികളായി ചിത്രീകരിക്കപ്പെട്ടവർക്കുവേണ്ടി സംസാരിക്കാൻ മുഖ്യധാരാ മാധ്യമങ്ങളും പ്രമുഖരായ മാധ്യമ - മനുഷ്യാവകാശ - സാംസ്‌കാരിക പ്രവർത്തകരും തയ്യാറായില്ല. തങ്ങളുടെ വായനക്കാരുടെയും കാഴ്ചക്കാരുടെയും എണ്ണം വർദ്ധിപ്പിക്കാനുള്ള ഉപാധിയായി അഭയ കേസിനെ കണ്ട വിവിധ മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്തുവച്ച് കൂടുതൽ കഥകൾ മെനയുകയാണ് ഉണ്ടായത്. ഒപ്പം, ഒരു കത്തോലിക്കാ സന്യാസിനി എന്ന ഒറ്റ കാരണത്താൽ മാത്രം കത്തോലിക്കാ സന്യാസത്തിനും സന്യാസ സമൂഹങ്ങൾക്കും എതിരെയുള്ള നീക്കം എന്ന നിലയിലും ഈ വിഷയത്തെ വിവിധ മാധ്യമങ്ങൾ കൈകാര്യം ചെയ്തു. സഭയെയും സന്യാസത്തെയും അവഹേളിക്കാൻ ഒട്ടേറെപ്പേർ ഈ വിഷയത്തെ ആയുധമാക്കി എന്നുള്ളത് അതിശയോക്തിയല്ല.
മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധം
ഓൺലൈൻ മാധ്യമങ്ങളുടെയും, സോഷ്യൽ മീഡിയയുടെയും കടന്നുവരവോടെ സാമാന്യ യോഗ്യതയോ ക്വാളിറ്റിയോ ഇല്ലാത്ത വഴിയേ പോയവരെല്ലാം മറ്റു വിവാദ വിഷയങ്ങളേക്കാൾ പ്രാമുഖ്യം കൊടുത്ത് അഭയ കേസ് വീണ്ടും വീണ്ടും ചർച്ചയ്ക്ക് മുന്നോട്ടുവച്ചുകൊണ്ടിരുന്നു. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട കൃത്രിമമായ ഒരു പൊതുബോധം സിബിഐക്ക് താൽക്കാലികമായി ഗുണം ചെയ്തു എന്ന് കരുതാം. എന്നാൽ, ഇതുപോലെ സമൂഹത്തിൽ രൂപപ്പെടുന്ന അബദ്ധ ധാരണകൾ കോടതിവിധികളെപോലും സ്വാധീനിക്കുന്നു എന്നുള്ളത് തികച്ചും ദൗർഭാഗ്യകരവും, അപകടകരവുമാണ്. കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും മുമ്പേ സഞ്ചരിക്കുന്ന മാധ്യമ - നവമാധ്യമ പ്രവർത്തകർ കേസിനെയും അന്വേഷണത്തെയും വിധിയെയും പോലും വഴിതെറ്റിക്കുകയും വൈകിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതിനും അഭയ കേസ് ദൃഷ്ടാന്തമാണ്.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ്, പ്രതികളായി ചിത്രീകരിക്കപ്പെട്ട് അത്യന്തം ഹീനമായ രീതിയിൽ തേജോവധം ചെയ്യപ്പെട്ടുകൊണ്ടിരുന്നവരിൽ ഒരാൾക്ക് അനുകൂലമായ ഒരു കോടതിവിധി വരുന്നത് എന്നുള്ളത് ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ദയനീയമായ ഒരു സാഹചര്യമാണ്. അഭയ കേസിൻ്റെ ചരിത്രത്തിൽ ഏറ്റവും ഒടുവിൽ വന്ന ആ വിധിക്ക് ആസ്പദമായ കന്യകാത്വ പരിശോധനയ്ക്ക് പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് യുക്തമായ ഒരു കോടതി ഇടപെടൽ ഉണ്ടാകുന്നത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം എഡ്വേർഡ് ഗ്ലാഡ്സ്റ്റണിന്റെ വിഖ്യാതമായ ഒരു വാചകമുണ്ട്, Justice Delayed is Justice Denied എന്നാണത്. വൈകിവരുന്ന നീതി നീതിനിഷേധം തന്നെയാണ് എന്ന് അദ്ദേഹം പറയുന്നു. മുപ്പത് വർഷങ്ങൾക്കിപ്പുറവും അഭയാകേസിൽ പ്രതികളാക്കി ചിത്രീകരിക്കപ്പെട്ടവർക്ക് അവർ അർഹിക്കുന്ന നീതി ലഭിച്ചിട്ടില്ല എന്നുകൂടി പരിഗണിക്കേണ്ടതുണ്ട്. സിബിഐ അന്വേഷണത്തിലെ പാളിച്ചകൾ പലപ്പോഴായി ചർച്ച ചെയ്യപ്പെടുകയും, പ്രതികളായി ചിത്രീകരിക്കപ്പെട്ടവർക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ പൊള്ളയാണെന്ന് വ്യക്തമാക്കി അവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജസ്റ്റിസ് ഹേമയുടെ വിധി 2009 ജനുവരി 2 ന് ഉണ്ടാവുകയും ചെയ്തിട്ടും, പിന്നീടുള്ള അന്വേഷണത്തോടും നീതിപുലർത്താൻ സിബിഐ തുനിഞ്ഞില്ല.
ഈ വിഷയത്തിലെ മാധ്യമ ഇടപെടലുകൾക്ക് ഒപ്പം ചേർത്തുവായിക്കേണ്ട ഒന്നാണ്, നിർണ്ണായകമായതും എന്നാൽ കുറ്റാരോപിതർക്ക് അനുകൂലവുമായും വരുന്ന കോടതി വിധികളെയും പരാമർശങ്ങളെയും തമസ്കരിക്കുന്ന ശൈലി. അഭയകേസിൽ നിർണ്ണായകമായ കണ്ടെത്തൽ എന്ന നിലയിൽ അമിതപ്രാധാന്യം കൊടുത്ത് അവതരിപ്പിക്കപ്പെട്ടിരുന്ന നാർക്കോ അനാലിസിസിനെയും, കന്യകാത്വ പരിശോധനയെയും കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞപ്പോൾ, വാസ്തവത്തിൽ ആരോപണങ്ങളുടെ അടിത്തറതന്നെ ഇല്ലാതായി. എന്നാൽ, അത്തരം യാഥാർത്ഥ്യങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ അന്നുമുതൽ ഇന്നുവരെയും മിക്കവാറും മാധ്യമങ്ങളും വൈമുഖ്യം പുലർത്തുകയാണ്. കന്യകാത്വ പരിശോധനയുമായി ബന്ധപ്പെട്ട് സിബിഐ നേരിട്ടത് ചരിത്രപരമായ ഒരു തിരിച്ചടി ആയിരുന്നെങ്കിലും ആ അർത്ഥത്തിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ ആ വിഷയം അവതരിപ്പിക്കാൻ ബഹുഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായില്ല. ചില മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇന്നും സ്ഥാപിത താൽപ്പര്യങ്ങൾ വച്ചുപുലർത്തുന്നു എന്ന് കരുതുന്നതിൽ തെറ്റില്ല.
നിയമവിരുദ്ധ പ്രവൃത്തികളുടെ പരമ്പര
കന്യകാത്വ പരിശോധനയും, ഹൈമനോപ്ലാസ്റ്റി എന്ന ആരോപണവും അനുബന്ധ പ്രചാരണങ്ങളും മാത്രമായിരുന്നില്ല സിബിഐയുടെ വഴിവിട്ട പ്രവൃത്തികൾ. കുറ്റാരോപിതരെ നാർക്കോ അനാലിസിസിന് വിധേയമാക്കിയ പ്രവൃത്തിയും കോടതിയിൽനിന്ന് വിമർശനം നേരിട്ടിരുന്നു. അവിടെയും നാർക്കോ അനാലിസിസ് ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പുറത്തുവിടുകയുമുണ്ടായിരുന്നു. നൂറിലേറെ എഡിറ്റിങ് നടത്തി, വാക്കുകളും അക്ഷരങ്ങളും കൂട്ടിയോജിപ്പിച്ച നിലയിലായിരുന്നു കോടതിയിൽ സമർപ്പിക്കപ്പെട്ടതും മാധ്യമങ്ങൾക്ക് ലഭിച്ചതുമായ നാർക്കോ അനാലിസിസ് വീഡിയോ. യഥാർത്ഥ വീഡിയോ കോടതിക്ക് മുന്നിൽപോലും സമർപ്പിക്കാൻ സിബിഐ ഔദ്യോഗസ്ഥർ തയ്യാറായിരുന്നില്ല എന്നതാണ് വാസ്തവം. കോടതിമുമ്പാകെ ഹാജരാക്കിയ നാർക്കോ പരിശോധനാസംബന്ധമായ സിഡികൾ സിബിഐ തിരിമറി നടത്തിയവയായിരിക്കാമെന്നായിരുന്നു ജസ്റ്റിസ് ഹേമയുടെ നിരീക്ഷണം. എങ്കിലും, അതിനുശേഷവും ആ വീഡിയോകൾ കുറ്റാരോപിതർക്ക് എതിരായ വികാരം വളർത്തുന്നതിനായി പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയുണ്ടായി.
അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉണ്ടായ തിരിമറികൾ, കൃത്രിമങ്ങൾ, കോടതി ഇടപെടലുകൾ, പുനരന്വേഷണങ്ങൾ തുടങ്ങി അന്വേഷണ സംഘത്തിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടും 2009 ന് ശേഷം ഫലപ്രദവും നീതിനിഷ്ഠവുമായ കോടതി ഇടപെടലുകൾ ഉണ്ടാകാൻ വലിയ കാലതാമസം ഉണ്ടായി. ഇത്രമാത്രം വർഷങ്ങൾ കഴിഞ്ഞിട്ടും കേസ് അനന്തമായി നീണ്ടുപോകുന്ന സാഹചര്യം ഇനിയും നിലനിൽക്കുന്നു. ഡൽഹി ഹൈക്കോടതിയുടെ വിധി പ്രകാരം, കന്യകാത്വ പരിശോധന എന്ന നിയമ വിരുദ്ധ പ്രവൃത്തിക്ക് എതിരെ പരാതിക്കാരിക്ക് കേസ് ഫയൽ ചെയ്യാമെങ്കിലും, നിലവിലുള്ള കേസ് അവസാനിക്കുന്നതുവരെ കാത്തിരിക്കണം. ഇത്തരമൊരു സാഹചര്യത്തിൽ കോടതിയുടെ നടപടിക്രമങ്ങൾ ഇനിയെങ്കിലും വേഗത്തിലാക്കുകയാണ് കോടതിയിൽനിന്ന് ആഗ്രഹിക്കാവുന്ന മനുഷ്യത്വം. മരണത്തിന് മുമ്പെങ്കിലും, തങ്ങൾ നിരപരാധികളാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഒരവസരം മാത്രമേ ഇനി കുറ്റാരോപിതർക്ക് ആഗ്രഹിക്കാനുള്ളൂ. എന്നാൽ, പൊള്ളയായതും വ്യാജവുമായ വാദഗതികൾ ഉന്നയിച്ച് അനേക ജീവിതങ്ങളെ തകർത്തെറിഞ്ഞ "കുപ്രസിദ്ധ കുറ്റാന്വേഷകരുടെ" മുഖമൂടി പറിച്ചെറിയണമെന്നതും, സ്ഥാപിത താൽപ്പര്യങ്ങളോടെ മൂന്ന് പതിറ്റാണ്ടുകളായി ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കരങ്ങളെ ലോകം തിരിച്ചറിയണമെന്നതും നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന സകലരുടെയും ആവശ്യമാണ്.
 
(Deepika 10/ 02/ 2023, Leader Page Article)

Related Updates


east