We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
30/06/2023
ണ്ണൂര്: ഏകീകൃത സിവിൽ കോഡ്, മണിപ്പുർ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഏകീകൃത സിവിൽ കോഡ് എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. നിയമനിർമാണ സഭകളിൽ ചർച്ച ചെയ്ത് വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കണം. ഇന്ത്യയിൽ വിവേചനമില്ലെന്ന് അമേരിക്കയിൽ പ്രധാനമന്ത്രി പറഞ്ഞത് ആത്മാർഥതയോടെയാണെങ്കിൽ ഇക്കാര്യം മണിപ്പുരിലെ ക്രൈസ്തവരുടെ മുഖത്തു നോക്കിയും പറയണമെന്നും മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. തലശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. രാജ്യത്തിന്റെ വൈവിധ്യങ്ങൾ, മതപരമായ പ്രത്യേകതകൾ എന്നിവ ഉൾക്കൊണ്ടാകണം ഏക സിവിൽ കോഡ് പോലുള്ള ഇത്തരമൊരു നിയമം നടപ്പാക്കാൻ. ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും മറ്റു മതസ്ഥരും മതമില്ലാത്തവരും എന്ന വ്യത്യാസം മാത്രമല്ല നിലനിൽക്കുന്നത്. മറ്റ് പല മതങ്ങളിൽനിന്നു വ്യത്യസ്തമായി ഹൈന്ദവ സമൂഹത്തിൽത്തന്നെ വലിയ വൈവിധ്യങ്ങളുമുണ്ട്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ഏക സിവിൽ കോഡ് എന്ന സാങ്കൽപ്പിക പദം മാറ്റിവച്ച് യഥാർഥത്തിൽ എന്താണു നടപ്പാക്കാൻ പോകുന്നതെന്നു വ്യക്തമാക്കണം. ഇത്തരം കാര്യങ്ങൾ ജനാധിപത്യപരമായ ചർച്ചകൾക്കു വിധേയമാക്കാനാണ് സർക്കാർ ആദ്യം ശ്രമിക്കേണ്ടത്.
മണിപ്പുർ വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ ആർച്ച്ബിഷപ് രൂക്ഷമായി വിമർശിച്ചു. വർഷങ്ങൾക്കു മുമ്പ് ഗുജറാത്തിലുണ്ടായതിനു സമാനമായ വംശഹത്യയിലേക്കാണ് മണിപ്പുർ കലാപം നീങ്ങുന്നത്. കലാപകാരികൾ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കലാപം നിയന്ത്രണവിധേയമാക്കുന്നതിൽ സർക്കാരുകൾക്കു വീഴ്ച പറ്റി. പോലീസിനെക്കൊണ്ട് കലാപം അടിച്ചമർത്താൻ കഴിയുന്നില്ലെങ്കിൽ സൈനികശക്തി ഉപയോഗപ്പെടുത്തി അമർച്ച ചെയ്യണം. അത്തരം നടപടി സ്വീകരിക്കാത്തത് ശരിയായ രീതിയല്ല. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള കലാപമാണ് മണിപ്പുരിൽ നടക്കുന്നത്. വളരെ ആസൂത്രിതമായ ഗൂഢനീക്കം നടക്കുന്നുണ്ട്. ഇതിനു പിന്നിലുള്ളവരെ ഭരണകൂടം സംരക്ഷിക്കുകയാണെന്ന ആശങ്ക സ്വാഭാവികമായും പൊതുസമൂഹത്തിനുണ്ടെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.