We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
05/03/2023
കാക്കനാട്: കൊല്ലം രൂപതയുടെ മുൻ മെത്രാൻ അഭിവന്ദ്യ ജോസഫ് ജി ഫെർണാണ്ടസ് പിതാവ് തൻ്റെ ശുശ്രൂഷാമേഖലകളിൽ ജനങ്ങൾക്കും തന്നോട് ചേർന്ന് പ്രവർത്തിച്ചിരുന്നവർക്കും ഒരുപോലെ സ്വീകാര്യനായ അജപാലകനായിരുന്നുവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അനുസ്മരിച്ചു. അഭിവന്ദ്യ ജോസഫ് പിതാവ് മെത്രാനായിരുന്ന കാലം മുതൽ അടുത്തുപരിചയമുണ്ടായിരുന്നത് കർദിനാൾ ഓർമ്മിച്ചു.
കൊല്ലം രൂപതയുടെ മെത്രാൻ എന്ന നിലയിലും കെസിബിസി വൈസ് പ്രസിഡൻ്റ് എന്ന നിലയിലും അദ്ദേഹത്തോട് ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചു. തന്‍റെ മുൻഗാമിയായിരുന്ന അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് പിതാവിന്‍റെ ആധ്യാത്മിക ശൈലിയിലും മനുഷ്യബന്ധം സ്ഥാപിക്കാനുള്ള സ്വതസിദ്ധമായ കഴിവുകൾ ഉപയോഗിച്ചും കൊല്ലം രൂപതയുടെ മെത്രാൻ എന്ന നിലയിൽ അഭിവന്ദ്യ ജോസഫ് പിതാവ് പ്രവർത്തിച്ചു. വൈദികരോടും സമർപ്പിതരോടും ജനങ്ങളോടും ഒരുപോലെ സൗഹൃദത്തിലും നിരന്തരമായ സംഭാഷണത്തിലും പിതാവ് ഏർപ്പെട്ടിരുന്നു. എല്ലാ അജപാലന രംഗങ്ങളിലും ശക്തമായ നേതൃത്വം നൽകിക്കൊണ്ടാണ് പിതാവ് പ്രവർത്തിച്ചത്. വൈദികർക്ക് അവരുടെ പ്രവർത്തന മണ്ഡലങ്ങളിൽ പൂർണ്ണമായ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടും എന്നാൽ ആവശ്യമായ നിർദേശങ്ങൾ നൽകിയും അദ്ദേഹം സംഘാതാത്മകമായ നേതൃത്വശൈലി പ്രാവർത്തികമാക്കി. ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, അദ്ദേഹം അവരെയും. പൗരോഹിത്യപ്പട്ടം സ്വീകരിച്ചതിനുശേഷം 73 വർഷവും മെത്രാനായതിനുശേഷം 44 വർഷവും സഭയിൽ നിസ്വാർത്ഥമായ ശുശ്രൂഷ ചെയ്ത അഭിവന്ദ്യ ജോസഫ് ജി ഫെർണാണ്ടസ് പിതാവ് കൊല്ലം രൂപതയിലും കേരളാ കത്തോലിക്കാസഭയിലും എന്നും അനുസ്മരിക്കപ്പെടുമെന്ന് കർദിനാൾ തന്‍റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
അഭിവന്ദ്യ പിതാവിന്‍റെ പാവനസ്മരണയ്ക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരേതനായ പിതാവിന്‍റെ കുടുംബത്തോടും കൊല്ലം രൂപതയോടും വിശിഷ്യാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ പോൾ ആൻ്റണി മുല്ലശ്ശേരി പിതാവിനോടും സ്റ്റാൻലി റോമൻ പിതാവിനോടും തന്‍റെ അനുശോചനം അറിയിച്ചു.