We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
09/03/2023
കോട്ടയം: എ.ഡി.345 മാര്‍ച്ച് 7 ന് ദക്ഷിണ മെസപ്പൊട്ടാമിയായിലെ കിനായി ഗ്രാമത്തില്‍നിന്നും ഏഴില്ലം എഴുപത്തിരണ്ട് കുടുംബങ്ങളില്‍പ്പെട്ട നാനൂറോളം വരുന്ന യഹൂദ-ക്രിസ്ത്യാനികള്‍ കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പു മെത്രാൻ്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടത്തിയ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ചുകൊണ്ട് കൊടുങ്ങല്ലൂരിലെ ക്‌നായി തോമാ നഗറില്‍ പ്രേഷിതകുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായിത്തോമാദിനാചരണവും സംഘടിപ്പിച്ചു. അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിൻ്റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കെ.സി.സി പ്രസിഡൻ്റ് ബാബു പറമ്പടത്തുമലയില്‍ പതാക ഉയര്‍ത്തിയതോടെയാണു ദിനാചരണത്തിനു തുടക്കമായത്. തുടര്‍ന്ന് കോട്ടപ്പുറം കോട്ടയിലെ ഹോളി ഫാമിലി ചാപ്പലില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിൻ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. അതിരൂപതയിലെ വൈദിക പ്രതിനിധികള്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് കുടിയേറ്റ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്ന പൂര്‍വ്വികരെ അനുസ്മരിച്ച് പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി. ക്‌നാനായ സമൂദായത്തിൻ്റെ വിശ്വാസതീഷ്ണതയുടേയും ഇഴയടുപ്പത്തിൻ്റെയും നേര്‍സാക്ഷ്യമായി ക്‌നായി തോമാ നഗറിലേക്ക് നടത്തിയ പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്നു നടത്തപ്പെട്ട പ്രേഷിത കുടിയേറ്റ അനുസ്മരണ പൊതുസമ്മേളനം കെ.സി.സി പ്രസിഡൻ്റ് പി.എ. ബാബു പറമ്പടത്തുമലയിലിൻ്റെ അദ്ധ്യക്ഷതയില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ചരിത്രസത്യങ്ങള്‍ ഉള്‍ക്കൊണ്ട് പൂര്‍വ്വികര്‍ കൈമാറിയ മഹത്തായ പൈതൃകം കാത്തുസൂക്ഷിച്ച് സമകാലിക സമൂഹത്തില്‍ വിശ്വാസവും പൈതൃകവും പരിപോഷിപ്പിക്കാന്‍ സമുദായത്തിനു കഴിയണമെന്നും ഓരോ പ്രദേശത്തെയും വ്യത്യസ്ത സാഹചര്യങ്ങളില്‍ സഭ ഒരുക്കിത്തരുന്ന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി തനിമയിലും ഒരുമയിലും മുന്നോട്ടു പോകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. അതിരൂപതാ മീഡിയ കമ്മീഷന്‍ തയ്യാറാക്കുന്ന 'ക്‌നാനായ ജനത കൊടുങ്ങല്ലൂരില്‍' എന്ന ഡോക്യുമെൻ്ററിയുടെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു. തോമസ് ചാഴികാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ, ബേബി മുളവേലിപ്പുറത്ത്, തമ്പി എരുമേലിക്കര, ജോസ് കണിയാപറമ്പില്‍, ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, ഷാരു സോജന്‍, ജോണ്‍ തെരുവത്ത്, ഷിജു കൂറാന, ബിനു ചെങ്ങളം, ടോം കരികുളം, സാബു കരിശ്ശേരിക്കല്‍, എം.സി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിൻ്റെ അതിരൂപതാ ഫൊറോന ഭാരവാഹികളും മലബാര്‍ ഹൈറോഞ്ച് ഉള്‍പ്പടെ വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനു പ്രതിനിധികളും പങ്കെടുത്തു. കെ.സി.സി അതിരൂപതാഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.