We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
10/03/2023
കൊച്ചിയെ ആകമാനം പുകയ്ക്കുള്ളിൽ നിറുത്തിക്കൊണ്ടു ബ്രഹ്മപുരം മാലിന്യമല കത്തിയെരിയുമ്പോൾ നമ്മുടെ രാജ്യതലസ്ഥാനമായ ഡൽഹിയെ ഇടയ്ക്കിടയ്ക്കു ശ്വാസംമുട്ടിക്കുന്ന മാലിന്യമലയിലൂടെയും അതിനോടു ചേർന്നുകിടക്കുന്ന ഭൽസ്വ എന്ന ഗ്രാമത്തിലൂടെയും ഞാൻ നടത്തിയ സന്ദർശനമാണ് ഓർമവരുന്നത്. നമ്മുടെയൊക്കെ ചിന്തകളിലെ ഡൽഹിക്കു സൗന്ദര്യമാണ് കൂടുതൽ. ഇന്ത്യാഗേറ്റും രാഷ്ട്രപതിഭവനും ഒട്ടനവധി വിനോദസഞ്ചാര കേന്ദ്രങ്ങളുമുള്ളതും പ്രൗഢിയും അഴകും നിറഞ്ഞുനിൽക്കുന്നതുമാണ് ഡൽഹി. എന്നാൽ വടക്കു കിഴക്കൻ ഡൽഹിയിൽ നഗരസഭയുടെ അധീനതയിൽ നടത്തപ്പെടുന്നതും 92 ഏക്കറിൽ ഉയർന്നുനിൽക്കുന്നതുമായ ഒരു മാലിന്യമലയുണ്ട്. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യമലയെക്കാൾ രൂപത്തിലും ഭാവത്തിലും ഏറെ വലുതും അപകടകാരിയുമാണിത്. ഓരോ വർഷവും ഇവിടെയുണ്ടാകുന്ന തീപിടിത്തം ഡൽഹിയെ ഏറെനാൾ പുകയിൽ നിറയ്ക്കാറുണ്ട്.
ഓരോ ദിവസവും ഇരുപത് മെട്രിക് ടൺ മാലിന്യമാണ് ഈ മാലിന്യസംസ്കരണ സ്ഥലത്തേക്കു ലോറികളിൽ രാപ്പകൽ വ്യത്യാസമില്ലാതെ എത്തിച്ചേരുന്നത്. ഫാക്ടറിമാലിന്യങ്ങളും ഗാർഹികമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുംകൊണ്ട് ഉയർന്നുവന്ന ഈ മാലിന്യമലയുടെ താഴ്വാരങ്ങളിൽ അനേകായിരം കുടുംബങ്ങളും കുടിൽകെട്ടി ജീവിക്കുന്നുണ്ട്. മാലിന്യത്തോടൊപ്പം ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ ചികഞ്ഞെടുത്ത് അവ ശുചിയാക്കിവിറ്റാണ് അവർ ഉപജീവനം നടത്തുന്നത്.
മലയിൽനിന്ന് ഒലിച്ചുവരുന്ന മലിനജലത്തിൽ പന്നിയോടും തെരുവു നായ്ക്കളോടുമൊക്കെ കളിച്ചുരസിക്കുന്ന കുഞ്ഞുങ്ങൾ, മനസുതകർക്കുന്ന ഇവിടത്തെ ദൃശ്യങ്ങളിൽ ഒന്നാണ്. ഈ മാലിന്യമലയിലും അതിൽ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളിലും ക്രിസ്തുസ്നേഹം പകർന്നുനൽകുന്ന കാരുണ്യത്തിന്റെ തൂവൽസ്പർശം നൽകുന്ന ഒരു കൂട്ടം മിഷനറി പുരോഹിതരെയും നമുക്ക് അവിടെ കാണുവാൻ സാധിക്കും. സീറോമലബാർ സഭയുടെ പ്രേഷിതസമൂഹമായ എംഎസ്ടി വൈദികരാണ് 2013 മുതൽ ‘ദീപ്തി ഫൌണ്ടേഷൻ’ എന്ന സാമൂഹിക പ്രവർത്തക സംഘടനയിലൂടെ ഈ മാലിന്യമലയിലും അതിനോടു ചേർന്നുകിടക്കുന്ന ഗ്രാമത്തിലും അഹോരാത്രം പ്രവർത്തിച്ചുവരുന്നത്. ഫാ. സന്തോഷ് ഓലപ്പുരയ്ക്കൽ എംഎസ്ടിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
രണ്ടായിരത്തോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് ഭൽസ്വ എന്ന ഗ്രാമം. അതിൽ 60 ശതമാനം പേരും മാലിന്യമലയിലെ വസ്തുക്കൾ പെറുക്കിയെടുത്തു ശുചിയാക്കി ആവശ്യക്കാരെ കണ്ടെത്തി വിറ്റാണ് തങ്ങളുടെ ഉപജീവനം നടത്തുന്നത്. മാലിന്യവുമായി എത്തുന്ന ലോറികളിൽ ഒരുവിധത്തിലുമുള്ള സുരക്ഷാസംവിധാനങ്ങളുമില്ലാതെ കയറി വില്പനസാധ്യതയുള്ള വസ്തുക്കൾ ചികഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ ലോറികൾക്കിടയിൽപ്പെട്ടും മാലിന്യങ്ങളുടെ അടിയിൽപ്പെട്ടും ജീവൻ പൊലിഞ്ഞുപോകുന്നത് ഈ പ്രദേശത്തെ നിത്യസംഭവമാണ്. വെയിലും മഞ്ഞും മഴയും വകവയ്ക്കാതെ കുട്ടികളും മുതിർന്നവരും മാലിന്യം പെറുക്കിക്കൂട്ടുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്.
കഴിഞ്ഞ12 വർഷത്തോളമായി ദീപ്തി ഫൌണ്ടേഷൻ എന്ന സാമൂഹിക സംഘടനയിലൂടെ ദൈവദൂതരെപ്പോലെ അവരുടെയിടയിലേക്കു കടന്നുചെല്ലുന്നവരാണ് ഈ മിഷനറി വൈദികർ. നാളെയുടെ വാഗ്ദാനങ്ങളായ ആ കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയും ആരോഗ്യരംഗത്തു വേണ്ട സഹായങ്ങൾ നൽകിയും വിശക്കുന്നവർക്ക് ആഹാരമൊരുക്കിയും പ്രാർത്ഥനാപൂർവ്വം ഈ വൈദികർ മാലിന്യ മലയിലും ഗ്രാമങ്ങളിലുമുള്ള ജനങ്ങളോടൊപ്പമുണ്ട്. ഇവിടെയുള്ള ഓരോ കുഞ്ഞിനും ശരിയായ വിദ്യാഭാസം ലഭിക്കണമെന്നും കുഞ്ഞുങ്ങൾ ഇനിയും ചൂഷണത്തിനും സാമൂഹികതിന്മകൾക്കും ഇരയായിമാറരുത് എന്നുമുള്ള ഉറച്ച ലക്ഷ്യങ്ങളോടെ ഡൽഹിയിൽത്തന്നെ പ്രകൃതിരമണീയമായ നജഫ്ഘട്ട് എന്ന സ്ഥലത്ത് അവർ ഒരു ഹോസ്റ്റൽ ഒരുക്കിയിരിക്കുന്നു. അവിടെതാമസിച്ച് എൺപതോളം പെൺകുട്ടികൾ ഇതിനകം തങ്ങളുടെ പഠനം പൂർത്തീകരിച്ചു. നീണ്ട വർഷങ്ങളുടെ പ്രവർത്തനഫലമായി മാലിന്യം പെറുക്കി നടന്നിരുന്ന രണ്ടായിരത്തോളം കുട്ടികൾ ഇന്ന് ഡൽഹിയിലെ വിവിധ സ്കൂളുകളിൽ പഠനം നടത്തുന്നു.
സ്വയം സഹായതാകൂട്ടങ്ങളുടെ രൂപീകരണത്തിലൂടെ അനേകം കുടുംബങ്ങൾ സ്വയംപര്യാപ്തതയിലേക്ക് എത്തിയിരിക്കുന്നു.
സാമൂഹിക തിന്മകളിൽ പലതും മാറിത്തുടങ്ങിയിരിക്കുന്നു. ദിനംതോറും നാനൂറ്റി അൻപതിലധികം കുട്ടികൾ ഈ മാലിന്യമലയുടെ അടുത്ത് പ്രവർത്തിക്കുന്ന അനൗപചാരിക പഠനകേന്ദ്രത്തിൽനിന്നു വിദ്യാഭ്യാസവും ഭക്ഷണവും സ്വീകരിച്ച് പുഞ്ചിരിക്കുന്ന മുഖത്തോടെ മടങ്ങുന്നു. ഈ കുട്ടികളുടെ ക്ലാസ്റൂമുകളിൽ കയറിയിറങ്ങി എനിക്കറിയാവുന്ന ഹിന്ദിവാക്കുകളുപയോഗിച്ച് അവരെ അല്പം സന്തോഷിപ്പിച്ചു കടന്നുപോയപ്പോൾ എന്റെ മനസിൽവന്ന വികാരവിചാരങ്ങൾ വാക്കുകളിൽ പ്രകടമാക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെ, സാമൂഹിക സേവനത്തിലൂടെ ക്രിസ്തു സ്നേഹം അപരനിലേക്കെത്തിക്കുവാൻ ദീപ്തി ഫൗണ്ടേഷനിലൂടെ നമ്മുടെ സഭയിലെ വൈദികർ നിസ്വാർഥരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മാലിന്യമലയിലെ ഈ മനുഷ്യരുടെ ഹൃദയങ്ങളിൽ, വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ തീയിടുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ് ഈ വൈദികർ. പരസ്നേഹത്തിൽ പ്രകടമാകുന്ന ഇവരുടെ ക്രിസ്തുസ്നേഹം ഏറെ പ്രശംസനീയമാണ്.
ബ്രഹ്മപുരത്തെയും ഡൽഹിയിലെയും മാലിന്യമലകൾ സർക്കാർ അധികാരികളുടെയും ജനപ്രതിനിധികളുടെയും നാം ഓരോരുത്തരുടെയും മുമ്പിൽ ഉയർത്തുന്ന ചോദ്യം, ആരുടെ കൈകളാൽ ഈ മാലിന്യബോംബ് നിർമിക്കപ്പെട്ടു എന്നതാണ്. ഈ മാലിന്യമലകൾ ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെട്ടവയല്ല, മറിച്ച് നാം ഓരോരുത്തരുടെയും ശ്രദ്ധക്കുറവാലും ഉപേക്ഷയാലും ഉയർന്നുവന്നവയാണ്. മനുഷ്യനിർമിത മാലിന്യമലകൾ ഇനിയൊരു നഗരത്തിലും ഉണ്ടാകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം.
(സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കുവച്ച അനുഭവം)