We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
12/02/2024
മാനന്തവാടി പടമലയിൽ പനച്ചിയിൽ അജീഷിന്റെ മരണത്തിനിടയാക്കിയ കാട്ടാന ആക്രമണവും തുടർസംഭവങ്ങളും ചർച്ച ചെയ്യുന്നതിന് മാനന്തവാടി രൂപതയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നു. രൂപതയിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്ത യോഗം വന്യമൃഗങ്ങളുടെ ആക്രമണം മൂലം പൊറുതി മുട്ടുന്ന വയനാടിന്റെയും ഇതര മലയോരമേഖലകളുടെയും സമകാലിക സാഹചര്യം വിലയിരുത്തി. വന്യമൃഗ ആക്രമണങ്ങൾ മൂലം തുടർച്ചയായി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാഞ്ജ നിലവിൽ വരുന്നത് വയനാടിനെ ഒരു തുറന്ന ജയിലാക്കി മാറ്റുകയാണെന്നും വന്യജീവി ആക്രമണം വിവിധഭാഗങ്ങളിൽ രൂക്ഷമാവുകയും സ്ഥിതിഗതികൾ വഷളാവുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ ഫെബ്രുവരി 13, ചൊവ്വാഴ്ച ഫാർമേഴ്സ് റിലീഫ് ഫോറം വയനാട്ടിൽ ആഹ്വാനം ചെയ്തിരിക്കുന്ന മനസാക്ഷി ഹർത്താൽ സ്വാഗതാർഹമാണെന്നും യോഗം നിരീക്ഷിച്ചു.
നിസംഗതയുടെയും മെല്ലെപ്പോക്കിന്റെയും നയസമീപനം വെടിഞ്ഞ് സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ട ഗുരുതരസാഹചര്യം കാടിനോട് ചേർന്നും കാടിനാൽ ചുറ്റപ്പെട്ടും കിടക്കുന്ന പ്രദേശങ്ങളിൽ സംജാതമായിട്ടുണ്ട് എന്നത് നഗ്നസത്യമാണ്. കാലാവസ്ഥയുടെ മാറ്റവും കാടിന്റെ പ്രകൃതത്തിലുണ്ടായിരി ക്കുന്ന വ്യതിയാനങ്ങളും മൃഗങ്ങളെ വനത്തിന് പുറത്തേക്ക് കൊണ്ടുവരികയാണ്. ഈ സാഹചര്യത്തെ മനസ്സിലാക്കികൊണ്ടുള്ള ക്രിയാത്മകഇടപെടലുകൾ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണം. അതിനാവശ്യമുള്ള പ്രവർത്തനങ്ങ ളിൽ ശക്തമായി ഏർപ്പെടാനും ജനത്തിന്റെ സുരക്ഷിതത്വത്തെ മുൻനിർത്തി സമാനസ്വഭാവമുള്ള മുന്നേറ്റങ്ങളോട് സഹകരിക്കാനും യോഗത്തിൽ പങ്കെടുത്ത സംഘടനാഭാരവാഹികൾ തീരുമാനിച്ചു. അതിന് മുന്നോടിയായി അടുത്ത ഞായറാഴ്ച (ഫെബ്രുവരി 18) ഇടവകദേവാലയങ്ങളിലെ പ്രധാന കുർബാനക്ക് ശേഷം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രകടനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കെസിവൈഎം, കത്തോലിക്കാ കോൺഗ്രസ്, മിഷൻലീഗ്, രാഷ്ട്രീയകാര്യസമിതി, രൂപതാ മാതൃവേദി, പബ്ലിക് റിലേഷൻ ഓഫീസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.