Diocese
19/02/2024
മാനന്തവാടി രൂപത ഇനിമുതൽ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് രൂപത
മാനന്തവാടി രൂപതയുടെ അജപാലനപരമായ എല്ലാ പ്രവർത്തനങ്ങളെയും ഡിജിറ്റലൈസ് ചെയ്തുകൊണ്ട് "ടെക്ലേസിയ" എന്ന ഡിജിറ്റല്‍ പ്രോഗ്രാം മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം ലോഞ്ച് ചെയ്തു. രൂപതാതലം മുതല്‍ രൂപതയിലെ കുടുംബങ്ങള്‍, കൂടുംബാംഗങ്ങള്‍ വരെ എത്തിനില്‍ക്കുന്ന എല്ലാ സംവിധാനങ്ങളെയും ഡിജിറ്റലായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിവിധ സംവിധാനങ്ങളാണ് ടെക്ലേസിയയില്‍ ഉള്ളത്. രജിസ്റ്ററുകളും പേപ്പറുകളും ഉപയോഗിച്ച് ചെയ്തിരുന്ന എല്ലാകാര്യങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഇനിമുതല്‍ ചെയ്യാനാകും. വ്യക്തികളെയും കുടുംബങ്ങളെയും കൂട്ടിച്ചേര്‍ക്കുക, തരംതിരിക്കുക, ഗ്രൂപ്പ് ചെയ്യുക, ഗ്രൂപ്പ് മാറ്റുക, വ്യക്തികളുടെ ആവശ്യത്തിനായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ രൂപപ്പെടുത്തുക, അവരുടെ വിശ്വാസപരമായ പരിശീലനം, സംഘടനാപ്രവര്‍ത്തനങ്ങള്‍, അവരുടെ നേട്ടങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, ജീവിതാന്തസ് എന്നിങ്ങനെ എല്ലാ മേഖലകളെയും ഇടവക, ഫൊറോന, രൂപതാ തലങ്ങളില്‍ നിന്ന് നിയന്ത്രിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുകയും ചെയ്യുന്നതിന് ടെക്ലേസിയ സജ്ജമാണ്. സമയമെടുത്ത് ചെയ്തിരുന്ന ഓഫീസ് ജോലികളെല്ലാം തന്നെ വളരെയധികം എളുപ്പമാക്കിത്തീര്‍ക്കുന്നു എന്നത് മാത്രമല്ല, കാലാകാലങ്ങളിലേക്ക് അവയുടെ റെക്കോർഡുകള്‍ സൂക്ഷിക്കപ്പെടുന്നു എന്നതും അവയുപയോഗിച്ച് വിവിധ പഠനങ്ങളും വിശകലനങ്ങളും നടത്താന്‍ കഴിയും എന്നതും റിപ്പോര്‍ട്ടുകളുണ്ടാക്കാമെന്നതുമെല്ലാം ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതയാണ്.
ഒരു ക്രൈസ്തസമൂഹത്തിന്റെ സാമുദായികവും വിശ്വാസപരവുമായ എല്ലാമാനങ്ങളെയും ആവശ്യങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ഇത്തരമൊരു ഡിജിറ്റല്‍ പ്രോഗ്രാം തനതും ലോകമെമ്പാടുമുള്ള പ്രാദേശികക്രൈസ്തവസമൂഹങ്ങള്‍ക്ക് ഉപകാരപ്രദവുമാണ് എന്ന് ബിഷപ് ജോസ് പൊരുന്നേടം പറഞ്ഞു. രൂപതയുടെയും ഇടവകകളുടെയും രൂപതയിലെ സംഘടനകളുടെയും സന്യാസസമൂഹങ്ങളുടെയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ഇത്തരമൊരു സംവിധാനം ഇദംപ്രഥമമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ബിഷപ് ജോസ് പൊരുന്നേടം ലോഞ്ച് ചെയ്ത പ്ലാറ്റ്ഫോം രൂപതയുടെ എല്ലാ ഇടവകകള്‍ക്കും ഇപ്പോള്‍ത്തന്നെ ലഭ്യമാണ് എന്നും ഇടവകാംഗങ്ങളുടെ വിശ്വാസജീവിതവുമായി ബന്ധപ്പെട്ട ഏതാനും ഡാറ്റ കൂടി കൂട്ടിച്ചേർക്കുന്നതോടെ സമ്പൂർണ്ണമായും ഉപയോഗക്ഷമമാണെന്നും "ടെക്ലേസിയ" ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ഉപജ്ഞാതാവും മാനന്തവാടി രൂപതാംഗവുമായി സിജോ ജോസ് പറഞ്ഞു. ഏതാനും നാളുകള്‍ക്കകം ആവശ്യമായ ഡാറ്റ ശേഖരിച്ച് രൂപതയില്‍ ടെക്ലേസിയ ഉപയോഗിച്ചു തുടങ്ങുമെന്നും യോഗത്തില്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചു. സമ്പൂര്‍ണ്ണമായും അജപാലനപ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ലോകത്തിലെ തന്നെ ആദ്യരൂപതയാണ് മാനന്തവാടി. മാനന്തവാടി രൂപതയുടെ ഫെഡാര്‍ ഫൗണ്ടേഷനും കോര്‍ഹബ് ഐടി കമ്പനിയും ചേര്‍ന്നാണ് "ടെക്ലേസിയ" എന്ന ചര്‍ച്ച് മാനേജ്മെന്റ് സ്യൂട്ട് ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് വികസിപ്പിച്ചെടുത്തത്.