We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
18/04/2023
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സീറോമലബാർ സിനഡ് കൈക്കൊണ്ട തീരുമാനങ്ങൾക്കു വത്തിക്കാന്റെ പരമോന്നത നീതിപീഠത്തിന്റെ (Signatura Apostolica) അംഗീകാരം. ഭൂമി ഇടപാടിലെ നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റു നികത്താമെന്ന സിനഡ് തീരുമാനം ശരിവച്ചുകൊണ്ടുള്ള വത്തിക്കാന്റെ കത്ത് അതിരൂപത അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനു ലഭിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾദോ ജിറേല്ലി വഴിയാണു മാർ താഴത്തിനു കത്തു നൽകിയത്.
അതിരൂപത ഭൂമി ഇടപാടിലെ നഷ്ടത്തിനു പരിഹാരമായി കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വില്‍ക്കാനോ, അല്ലെങ്കില്‍ ഈ ഭൂമികള്‍ നഷ്ടത്തിനു പരിഹാരമായി കണക്കാക്കാനോ ആണ് സിനഡ് നിര്‍ദേശിച്ചിരുന്നത്. ഭൂമി വില്പനയുടെ സമയത്തു അതിരൂപതയുടെ പേരിൽ മാർ ആലഞ്ചേരി ഈടായി വാങ്ങിയ ഭൂമിയാണ് കോട്ടപ്പടിയിലും ദേവികുളത്തും ഉള്ളത്. ഭൂമി വിറ്റു നഷ്ടം നികത്താന്‍ നേരത്തെ വത്തിക്കാനും അനുമതി നല്‍കിയിരുന്നു. ഇതിനെതിരേയുണ്ടായ അപ്പീല്‍ തള്ളിക്കൊണ്ടാണു വത്തിക്കാന്‍ പരമോന്നത കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്തിമവിധി തീർപ്പാണ് ഇതെന്നു സിഞ്ഞത്തുര വ്യക്തമാക്കിയിട്ടുണ്ട്.
സീറോമലബാര്‍സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി ഭൂമിയിടപാടില്‍ വ്യക്തിപരമായി നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും വത്തിക്കാൻ വിലയിരുത്തി. ഈ വിഷയത്തിൽ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കാനോനിക നിയമപ്രകാരം നടപടിയെടുക്കാമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ക്കുള്ള വത്തിക്കാന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയുമായും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും കുറിച്ചുള്ള പൗരസ്ത്യ കാര്യാലയത്തിന്റെ അന്തിമ തീരുമാനത്തിനെതിരേ അതിരൂപതയിലെ ചില വൈദികർ കഴിഞ്ഞ ജനുവരി 31നാണു സുപ്രീം ട്രിബ്യൂണൽ ഓഫ് ദി അപ്പസ്തോലിക് സിഞ്ഞത്തുര മുന്‍പാകെ അപ്പീൽ നൽകിയത്.
മാർ ആലഞ്ചേരി വ്യക്തിപരമായി നഷ്ടങ്ങൾ നികത്തണമെന്നു പൗരസ്ത്യ കാര്യാലയം ആവശ്യപ്പെട്ടതായി പ്രചരിപ്പിച്ചവർക്കെതിരേ കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതാണെന്നു വത്തിക്കാൻ ആവശ്യപ്പെടുന്നു. സഭയെയും സഭാതലവനെയും ഉന്നംവച്ച് നിരവധി വ്യാജ പ്രചാരണങ്ങൾ നടക്കുന്നതിനാൽ ഈ ഉത്തരവ് വിശ്വാസികളുടെ പല സംശയങ്ങൾക്കും ഉത്തരം നൽകുന്നുണ്ട്. ഇത് എല്ലാ സീറോമലബാർ വിശ്വാസികൾക്കും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും ഉപകരിക്കട്ടേയെന്ന് ആശംസിച്ചാണ് വത്തിക്കാൻ ഉത്തരവ് ഉപസംഹരിച്ചിരിക്കുന്നത്.