We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
21/02/2023
കോട്ടയം :കക്ഷി രാഷ്ട്രീയത്തിനതീതമായി കർഷകർ അടുത്ത തെരഞ്ഞെടുപ്പിൽ തീരുമാനമെടുക്കുമെന്നും സമചിത്തതയോടെ പെരുമാറുന്ന കർഷകരെ അവഗണിച്ച് കേരളത്തിലെ സർക്കാരിന് ഒരു കാലത്തും മുന്നോട്ട് പോകാനാകില്ലെന്നു തിരിച്ചറിയണമെന്നും കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ.
കേരളത്തിലെ കാർഷികമേഖലയിലെ അതീവ ഗൗരവതരമായ പ്രശ്നങ്ങളും വന്യജീവി ആക്രമണം , റബർ വിലയിടിവ് , സർഫാസി നിയമം - ജപ്തി , നെൽകർഷകരുടെ പ്രശ്നങ്ങൾ , ഭൂനിയമ പരിഷ്കരണം തുടങ്ങിയ വിവിധ വിഷയങ്ങളും ഉയർത്തി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കോട്ടയം ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് മാർ ജോസ് പുളിക്കൽ. കേരളത്തിലേയും, കേന്ദ്രത്തിലേയും മാറി മാറി വരുന്ന സർക്കാരുകൾ കർഷകരോട് ഒരിക്കലും നീതി പുലർത്തിയിട്ടില്ല.
കർഷകർക്ക് സംഘടിക്കാനറിയില്ല എന്നതു സർക്കാരിന്റേയും ഉദ്യോഗസ്ഥരുടേയും മിഥ്യാ ധാരണയാണ് . അതിജീവനത്തിനായി കർഷകർ സംഘടിച്ച് തുടങ്ങിയാൽ ഒരിക്കലും അവരെ പിൻതിരിപ്പിക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യം മറന്നു ധാർഷ്ട്യത്തോടെ മുന്നോട്ട് പോകുന്ന സർക്കാരിനുളള ശക്തമായ താക്കീതാണ് കത്തോലിക്കാ കോൺഗ്രസിന്റെ കർഷക പ്രതിഷേധ ജ്വാലയെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ കേരളത്തിന്റെ വികസനത്തിന് തടസമായി നിൽക്കുന്ന സർക്കാർ നയങ്ങളും കർഷകരും സാധാരണക്കാരും അനുഭവിക്കുന്ന പ്രതിസന്ധികളും സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന സർക്കാരിനെതിരെയുള്ള ജനകീയ കുറ്റപത്രവും പ്രതിഷേധ ജ്വാലയിൽ അവതരിപ്പിച്ചു .
ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ . ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണം നടത്തി. ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് ജോസഫ് കൊച്ചുപറമ്പിൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ , തോമസ് പീടികയിൽ , വർഗീസ് ആന്റണി , ടെസ്സി ബിജു , ബെന്നി ആന്റണി , എബ്രഹാം ജോൺ , രൂപത ഭാരവാഹികളായ ഇമ്മാനുവൽ നിധീരി , ജോമി ഡൊമിനിക്, ബിജു സെബാസ്റ്റ്യൻ, ബിനു ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു.