x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

27/03/2023

ഞങ്ങൾ കർഷകപക്ഷത്ത്: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ ജില്ലയിലെ ആലക്കോട്ട് നടത്തിയ കർഷക പ്രതിഷേധ സമ്മേളനത്തിൽ പ്രസംഗിക്കവേ റബറിന് 300 രൂപ വില തന്നാൽ നിങ്ങൾക്കു കർഷകർ വോട്ടുചെയ്യുമെന്ന് കേന്ദ്രസർക്കാരിനോട് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ആർച്ച്ബിഷപ് ബിജെപിക്കു പിന്തുണ നൽകി എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഭരണപ്രതിപക്ഷ നേതാക്കൾ ഉയർത്തുന്നത്. എന്നാൽ കർഷകവിഷയം പറയുമ്പോൾ രാഷ്ട്രീയവും വർഗീയതയും ആരോപിക്കുന്നത് എന്തിനാണെന്ന് മാർ ജോസഫ് പാംപ്ലാനി ചോദിക്കുന്നു. ഈ വിഷയത്തിൽ വിശദമായി പ്രതികരിക്കുകയാണ് ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ അനുവദിച്ച അഭിമുഖത്തിൽ മാർ ജോസഫ് പാംപ്ലാനി.

അങ്ങ് ആലക്കോട്ടു നടത്തിയ പ്രസംഗം യഥാർഥത്തിൽ ബിജെപിയെ സഹായിക്കുന്നതല്ലേ?

* ബിജെപിക്കു ഗുണംചെയ്യുന്ന രീതിയിൽ അതിനെ മാറ്റിയെടുക്കാൻ ഇവിടത്തെ രാഷ്ട്രീയ കക്ഷികളുടെ അനാവശ്യമായ പ്രസ്താവനകളും ഇടപെടലുകളും കാരണമായിട്ടുണ്ടാകാം. കാരണം, കർഷകരുടെ വിഷയമായി മാത്രം മനസിലാക്കുന്നതിനു പകരം ഇത് സഭയും ബിജെപിയും തമ്മിലുള്ള എന്തോ വലിയ അലയൻസാണ് എന്ന മട്ടിലേക്ക് ഇതിനെ വ്യാഖ്യാനിച്ചത് കേരളത്തിലെ മുന്നണി നേതാക്കന്മാരാണ്. അത് അവരുടെ ഭാഗത്തുള്ള ഒരു തെറ്റായ വായനയാണ്. ഞാൻ സംസാരിച്ചത് കേന്ദ്രം ഭരിക്കുന്ന സർക്കാരിനോടാണ്. കേന്ദ്രസർക്കാരിനോട് ഒരു കാര്യം പറയാനുണ്ട് എന്നാണ് പറഞ്ഞത്. കേന്ദ്രസർക്കാരിനോട് നിങ്ങൾ 300 രൂപ റബറിനു വില നിശ്ചയിക്കുന്നുവെങ്കിൽ കർഷകർ പിന്തുണയ്ക്കുമെന്നാണ് പറഞ്ഞത്.
ഇറക്കുമതി തീരുവയിലാണ് മാറ്റം വരുത്തേണ്ടത്. അതുപോലെതന്നെ പെട്രോളിയം ഉത്പന്നമായ സിന്തറ്റിക് റബറിൻറെ കാര്യത്തിലും തീരുമാനമുണ്ടാകണം. അതിനു കേന്ദ്രത്തിനേ കഴിയൂ. അതുകൊണ്ടാണ് കേന്ദ്രസർക്കാരിനോട് സംസാരിക്കുന്നത്. കർഷകവിഷയം കേന്ദ്രസർക്കാരിനോടു സംസാരിക്കുമ്പോൾ സഭ ബിജെപിയിൽ ചേരുന്നുവെന്ന് നിലവിളിക്കുന്നതിൻ്റെ അടിസ്ഥാനം എന്താണ്? ഇവിടെ അപകടകരമായ ദുർവ്യാഖ്യാനം നടത്തി ഇത്തരമൊരവസ്ഥ സൃഷ്ടിക്കുകയാണു ചെയ്തത്. ഒരുപക്ഷേ, ഞാൻ വിചാരിക്കുന്നത് ഇതവരുടെ കുറ്റബോധത്തിൽനിന്നുണ്ടായതാണ് എന്നാണ്. നാളിതുവരെയും ഇരുമുന്നണികൾക്കും വോട്ടുചെയ്തിട്ട് കർഷകനെ വളരെ നിഷ്കരുണം എഴുതിത്തള്ളിയ ഒരു മുന്നണി സംവിധാനമാണ് കേരളത്തിൽ.

ഇനി ബിജെപിക്കേ കർഷകരെ രക്ഷിക്കാൻ കഴിയൂ എന്നാണോ അങ്ങു കരുതുന്നത് ?

* അങ്ങനെയൊരു ചിന്ത എനിക്കില്ല. കാരണം, ബിജെപിയാണോ കോൺഗ്രസാണോ സിപിഎമ്മാണോ നല്ലത് എന്നല്ല ഞങ്ങൾ അന്വേഷിക്കുന്നത്. കർഷകരായ ഞങ്ങൾ ഞങ്ങളുടെ വിഷയം മൂന്നു മുന്നണിക്കു മുന്നിലും വയ്ക്കുകയാണ്. ജീവിക്കാൻ ഗതിയില്ലാത്ത അവസ്ഥയിൽ മലയോര കർഷകർ എത്തിയിരിക്കുന്നു. വീടുകളിലെല്ലാം ജപ്തിനോട്ടീസ് പതിക്കുന്ന സാഹചര്യമാണ്. സകല പ്രതീക്ഷയും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സമൂഹമാണ്. ആ സമൂഹത്തിന്, മലയോര കർഷകർക്ക് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി എന്നു പറയുന്നത്, റബറിൻ്റെ വില വർധിപ്പിക്കുക എന്നതാണ്. എപ്പോഴും ഞങ്ങളുടെ നിലപാട് കർഷകപക്ഷത്താണ്. അല്ലാതെ അതിനെ രാഷ്ട്രീയപക്ഷമായി വ്യാഖ്യാനിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളാണ് ഇവിടെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നത്.

റബർ ഒഴികെയുള്ള കർഷകൻ്റെ പ്രശ്നം അങ്ങ് സംബോധന ചെയ്തില്ല എന്ന ആക്ഷേപമുണ്ട്. നെല്ല്, തെങ്ങ്, ഏലം, പച്ചക്കറി തുടങ്ങി എല്ലാത്തരം കർഷകരും ദയനീയമായ അവസ്ഥയിലല്ലേ. കൂടാതെ വനംവകുപ്പിൻ്റെ കർഷകദ്രോഹവും വന്യമൃഗശല്യവും

* അത് എൻ്റെ പ്രസംഗം പൂർണമായി കേൾക്കാത്തതുകൊണ്ടു സംഭവിക്കുന്നതാണ്. ഞാൻ അഞ്ച് പോയിൻറുകളാണ് പറഞ്ഞത്. ഒന്നാം ഭാഗം ജപ്തിഭീഷണിയിലായ കർഷകരുടെ അവസ്ഥയാണ്. രണ്ടാമതു പറഞ്ഞത്, വന്യമൃഗങ്ങൾക്ക് ഇവിടത്തെ മനുഷ്യരെ വലിച്ചെറിഞ്ഞുകൊടുക്കുന്ന സർക്കാരി തെറ്റായൻ്റെ വനനയത്തെക്കുറിച്ചാണ്. മൂന്നാമത്, ബഫർസോൺ നയങ്ങളിൽ സംഭവിക്കുന്ന ദുരന്തം. നാല്, ദേശീയപാതയ്ക്കു സ്ഥലം ഏറ്റെടുക്കുമ്പോൾ വൻതോതിൽ നഷ്ടപരിഹാരം കൊടുക്കുന്നവർ മലയോര ഹൈവേയ്ക്കു സ്ഥലം ഏറ്റെടുത്തപ്പോൾ ഒരു രൂപ പോലും കൊടുത്തില്ല. അഞ്ചാമതായാണ് റബറിൻ്റെ കാര്യം പറഞ്ഞത്.
എൻ്റെ മുന്നിലിരിക്കുന്ന 95 ശതമാനം പേരും റബർ കർഷകരാണ്. അതിനാൽ കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ നിസാരമാണെന്നോ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പ്രശ്നങ്ങളല്ല എന്നോ അർഥമില്ല. അവിടെക്കൂടിയ കർഷകരുടെ പ്രശ്നത്തെ അവതരിപ്പിച്ചപ്പോൾ റബറിനെ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. സമാനമായ എല്ലാ വിളകൾക്കും ഈ പ്രതിസന്ധിയുണ്ട്. വന്യമൃഗശല്യം മലയോരത്തു മാത്രമല്ല. കേരളം മുഴുവനും വലിയ പ്രതിസന്ധിതന്നെയാണ്. അതുപോലെ ജപ്തിനോട്ടീസുകൾ. അതും മലയോരത്തെ മാത്രം വിഷയമല്ല. എല്ലാ കർഷകൻ്റെയും വീട്ടിൽ വരുന്ന പ്രശ്നമാണ്. അതുകൊണ്ട് കർഷകർ അനുഭവിക്കുന്ന പ്രശ്നത്തിൻ്റെ സാർവത്രിക സ്വഭാവം ഞാൻ പൂർണമായും ഉൾക്കൊള്ളുന്നു.

ഇത്രയും വിഷയങ്ങളുണ്ടായിട്ടും കർഷകനെ ആരും ഗൗനിക്കുന്നില്ല. രാഷ്ട്രീയമായി മർമത്തടിച്ചെങ്കിൽ മാത്രമേ രാഷ്ട്രീയ നേതാക്കൾ ഉണരൂ എന്നൊരു സന്ദേശംകൂടി ഈ വിവാദത്തിൽ ഉൾപ്പെടുന്നില്ലേ ?

* തീർച്ചയായും ഉണ്ട്. റബറിനു വില കൂട്ടിത്തരണമെന്നും വന്യമൃഗവിഷയത്തിൽ ഇടപെടണമെന്നും ബഫർസോൺ വിഷയത്തിൽ ഇടപെടണമെന്നും പറഞ്ഞ് മലയോരകർഷകർ നിലവിളിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അതെല്ലാം ബധിരകർണങ്ങളിലാണ് നാളിതുവരെയും ചെന്നുവീണത്. അതേസമയം അതിനകത്ത് ഇപ്രകാരമൊരു രാഷ്ട്രീയമുനയുണ്ട് എന്നു കണ്ടപ്പോൾ എല്ലാവരും കൂടി അതിൽ ചാടിവീണു. ഞങ്ങളെ ആരെതിർത്താലും ഒരു പ്രശ്നവുമില്ല. പക്ഷേ, ഞങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ കർഷകരുടെ നിലനിൽപ്പിനായുള്ളവയാണ്. അതിനോടു പ്രതികരിക്കാൻ ഇന്നു കേരളം ഭരിക്കുന്ന സിപിഎം മുന്നോട്ടുവന്നാൽ തീർച്ചയായും സിപിഎമ്മിൻ്റെയൊപ്പം നിൽക്കാൻ മലയോരകർഷകർ തയ്യാറാണ്.

വോട്ട് പ്രതികരണത്തിനുകൂടി ഉള്ളതാണ് എന്ന നീരീക്ഷണം വളരെ പ്രസക്തമാണ്. കർഷകർ അത്തരത്തിൽ വോട്ടിനെ ആയുധമായും പ്രതികരണത്തിനു വേണ്ടിയും ഉപയോഗിക്കുന്നില്ല. അതുതന്നെയാണോ അവർ നേരിടുന്ന ക്രൂര അവഗണനയുടെ പ്രധാന കാരണവും ?

* തീർച്ചയായും. ജനാധിപത്യത്തിൻ്റെ അന്തരാത്മാവുതന്നെ ജനത്തിന് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നുള്ളതാണ്. സർക്കാർ തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവരെ വീണ്ടും അധികാരത്തിൽ കൊണ്ടുവരിക. തങ്ങളേൽപ്പക്കുന്ന ദൗത്യം നിറവേറ്റാത്ത സർക്കാരാണെങ്കിൽ അവരെ താഴെയിറക്കുക. ഇതു ജനാധിപത്യത്തിൽ പലതവണ ഉണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തി വന്ന ജനതാ സർക്കാരിനും തുടർച്ചയുണ്ടായില്ല. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന രാജീവ് ഗാന്ധി സർക്കാരിന് തുടർഭരണം കിട്ടിയില്ല. അത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സൗന്ദര്യമാണ്. ഇന്ത്യയിലെ ജനാധിപത്യവിശ്വാസികൾ ബുദ്ധിയുള്ളവരാണ്. പലപ്പോഴും കർഷകസമൂഹത്തിൽനിന്ന് അത്തരമൊരു പ്രതികരണരീതി ഉണ്ടാകുന്നില്ല. കർഷകരുടെ വോട്ട് ഒരു ഫിക്സഡ് ഡെപ്പോസിറ്റായി കരുതുന്ന ചില മുന്നണികളുണ്ട് എന്നുള്ളതു സത്യമാണ്. മലയോര കർഷകരുടെ വോട്ട് ഞങ്ങൾക്കേ കിട്ടൂ എന്ന് ഇവിടുത്തെ ഇരുമുന്നണികളും ചിന്തിക്കുന്നുണ്ട്. അവരെക്കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്നു ചിന്തിക്കുന്നതുകൊണ്ടാണ് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാരുകൾ യാതൊരു ശ്രദ്ധയും നൽകാത്തത്. ആ ഒരു അവസ്ഥയ്ക്കാണ് മാറ്റം വരുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്.

ഭൂതത്തെ കുടം തുറന്നുവിട്ട് വിലപിച്ചിട്ടു കാര്യമില്ലെന്ന് അങ്ങു വിശദീകരിച്ചു. യഥാർഥത്തിൽ ഈ ഭൂതത്തെ കുടം തുറന്നുവിട്ടത് അങ്ങുതന്നെയല്ലേ ?

* അല്ല. ഞാൻ കർഷകരുടെ ആവശ്യം പറയുമ്പോൾ കർഷകരുടെ ആവശ്യത്തെ വർഗീയവത്കരിച്ചവരാണ് ഭൂതത്തെ കുടം തുറന്നുവിട്ടത്. കാർഷിക ആവശ്യങ്ങൾ പറയുന്നത് ന്യായമാണ്. ജനാധിപത്യത്തിൽ ഞങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാരിന് ഞങ്ങളുടെ ജീവിതത്തിൻ്റെ ഗതിവിഗതികൾ നിർണയിക്കാൻ അവകാശമുണ്ടെങ്കിൽ ആരെ തെരഞ്ഞെടുക്കണം എന്നു നിശ്ചയിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അതാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. കർഷകർക്ക് ഇന്നയിന്ന പ്രതിസന്ധിയുണ്ട്. ആ പ്രതിസന്ധിക്ക് പരിഹാരം വേണം. അതു പറയുമ്പോൾ ഇതാ സഭ ബിജെപിയിൽ ചേർന്നേ എന്നു വിലപിക്കുന്നതിൻ്റെ അവിവേകമാണ് ഇവിടത്തെ അടിസ്ഥാന പ്രശ്നം. ക്രൈസ്തവർ മാത്രമല്ല മലയോര കർഷകർ. എല്ലാ മതവിഭാഗങ്ങളിലുംപെട്ടവർ ഉണ്ട്. അവരെയെല്ലാം ഒന്നായാണ് ഞങ്ങൾ കാണുന്നത്.

ഉത്തരേന്ത്യയിൽ മാത്രമല്ല, കർണാടകയിലുമുണ്ട് ക്രൈസ്തവപീഡനം. ബംഗളൂരു ആർച്ച്ബിഷപ് അവിടത്തെ ബിജെപി സർക്കാരുമായി വലിയ ഏറ്റുമുട്ടലിലാണ്. ഇത്തരത്തിൽ രാജ്യം മുഴുവൻ ക്രൈസ്തവർ ഭീതിയോടെ കാണുന്ന സംഘപരിവാറിനെ പ്രോത്സാഹിപ്പിക്കുന്നതരത്തിൽ ഒരു ആർച്ച്ബിഷപ് പ്രസംഗിക്കുന്നതു ശരിയാണോ. അതു കേവലം കർഷക പക്ഷത്തുനിന്നാണെന്നു വിശദീകരിച്ചാൽ സമാന്യജനത്തിന് എത്രമാത്രം ഉൾക്കൊള്ളാൻ കഴിയും ?

* അനാവശ്യമായി ഫോക്കസ് മാറ്റാനുള്ള ശ്രമമാണത്. ഇവിടെ മലയോര കർഷകൻ റബറിൻ്റെ വില വർധിപ്പിക്കണമെന്ന്, അതു വർധിപ്പിക്കാൻ കഴിവുള്ള കേന്ദ്രസർക്കാരിനോടു പറയുമ്പോൾ ഉടനേ ഒഡീഷയിലെ കാൻഡമാൽ കാര്യം എടുത്തിടുന്നു. കാൻഡമാലിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെട്ടു എന്നത് പരമാർഥമാണ്. വിവിധ സംസ്ഥാനങ്ങളിൽ കൈസ്തവർ പീഡിപ്പിക്കപ്പെടുന്നു. സംഘപരിവാറിൻ്റെ ഗുണ്ടായിസം ക്രൈസ്തവർക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നു എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. അത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നു മാത്രമല്ല, ഭരണഘടനയനുസരിച്ചു പ്രവർത്തിക്കുന്ന സർക്കാരുകൾക്ക് അവ തടയാൻ ഉത്തരവാദിത്വവുമുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വത്തിലൂടെ ന്യൂനപക്ഷ രക്ഷ ഉറപ്പുവരുത്തുന്നതിൽ എപ്പോഴും സർക്കാരുകൾക്ക് വീഴ്ച സംഭവിക്കുന്നുണ്ട് എന്നതും സത്യമാണ്. അത് പ്രതിസന്ധിതന്നെയാണ്. ചർച്ചചെയ്യപ്പെടേണ്ടതാണ്. നിയമപരമായും സംഘാതമായും എതിർക്കപ്പെടേണ്ട വിഷയമാണ്. ആ വിഷയത്തെ തമസ്കരിക്കുന്നില്ല. ആ വിഷയമുള്ളതിനാൽ കർഷകൻറെ വിഷയം പറയാൻ പാടില്ല എന്നാണോ? സഭയ്ക്ക് ആരും ഒരിടത്തും ചുവപ്പുപരവതാനി വിരിച്ചുതന്നിട്ടില്ല. ഒന്നാം നൂറ്റാണ്ടു തൊട്ട് ഇന്നോളം സഭ പീഡാനുഭവങ്ങളിലൂടെയും തീക്കനലുകളിലൂടെയുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

 

മുന്നണികളെ ഇണക്കിനിർത്തിയിട്ട് എന്തു ഗുണം?

അങ്ങ് ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് ബിജെപിയുടെ മുഖപത്രവും നേതാക്കളും തുടർച്ചയായി പ്രചാരണം നടത്തുന്നത്.

* അവർക്ക് മുതലെടുപ്പു നടത്തുന്നതിനു വഴിയൊരുക്കിയതാരാണ്? അവിടെയാണ് ഇടതുപക്ഷവും യുഡിഎഫും ചെയ്ത അവിവേകം. ഇതിനെയൊരു കർഷകവിഷയമായി മാത്രം വ്യാഖ്യാനിച്ചിരുന്നെങ്കിൽ ഈ രീതിയിലേക്ക് വഴിതെറ്റില്ലായിരുന്നു. ആരെങ്കിലുമൊക്കെ അങ്ങനെ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അതിന് എൻ്റെ പ്രസംഗമല്ല, ഇതിനെ വഴിതിരിച്ചുവിട്ടവരാണ് ഉത്തരവാദി. കാർഷിക വിഷയത്തിൽനിന്നു ശ്രദ്ധ തിരിച്ച് ഇതിനെയൊരു മതവിഷയമായി തമസ്കരിക്കാം എന്ന ലക്ഷ്യത്തോടെയാണ് ഇവരെല്ലാം അതു ചെയ്തത്. ഇവരാരും വാക്കു പാലിച്ചില്ലല്ലോ. റബറിന് 250 രൂപ ഉറപ്പുനൽകിയ വിഷയം ചർച്ച ചെയ്യരുത്. സബ്സിഡി മുടങ്ങിക്കിടക്കുന്നതും ചർച്ചയാകരുത്.

ഇപ്പോൾ കുടിശിക കൊടുക്കാൻ തുടങ്ങിയെന്ന് റിപ്പോർട്ടുണ്ട്. ഇത് അങ്ങയുടെ പ്രസംഗത്തിൻ്റെ പരിണതഫലമാണോ ?

* തീർച്ചയായും, സർക്കാർ അതിനു തയാറായെങ്കിൽ അത്രയെങ്കിലും കർഷകർക്ക് ആശ്വാസമായി. അങ്ങനെയൊരു മാറ്റം തുടങ്ങിയിട്ടുണ്ടെങ്കിൽ സന്തോഷം. ഞങ്ങൾക്ക് കേരള സർക്കാരിനോടു പറയാനുള്ളത് നിങ്ങൾ ഈ വിഷയം ബിജെപിക്കു വിട്ടുകൊടുക്കരുത് എന്നാണ്. കർഷകരുടെ വിഷയം നിങ്ങൾക്കുതന്നെ പരിഹരിക്കാൻ കഴിയും. ടാറിംഗിൽ റബർ ഉപയോഗിക്കുക. കുത്തക മുതലാളിമാരായ ടയർലോബിക്ക് റബർ കർഷകരെ എറിഞ്ഞുകൊടുക്കാതെ ടയർ ഫാക്ടറി തുടങ്ങുക. റബർ കർഷകരുടെ പങ്കാളിത്തത്തോടെ റബർ വ്യവസായം തുടങ്ങി കേരളത്തിലെ കർഷകരെ സഹായിക്കാം. കേരളത്തിൽത്തന്നെ പരിഹരിക്കാം. അതിനുള്ള മുൻകരുതൽ സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകണം. ചില വിളകൾക്ക് വില തീരെ കുറയുമ്പോൾ സർക്കാർ അതു സംഭരിക്കണം. അങ്ങനെയാണല്ലോ വികസിതരാജ്യങ്ങളിലെല്ലാം കൃഷി സംരക്ഷിക്കുന്നത്. മാർക്കറ്റിൽ വിലയില്ലാത്തപ്പോഴാണ് കർഷകൻ്റെ ഉപജീവനം സാധ്യമാകുന്നതിന് താങ്ങുവില വേണ്ടത്. പലപ്പോഴും താങ്ങുവില മാർക്കറ്റ് വിലയേക്കാൾ താഴ്ത്തിയാണ് നിശ്ചയിക്കുന്നത്.

താങ്ങുവിലയിൽ സംഭരണത്തിനു സംവിധാനമില്ല എന്നതുകൂടിയുണ്ട്. തേങ്ങയുടെയും പച്ചക്കറിയുടെയമെല്ലാം അവസ്ഥ പരിതാപകരമാകുന്നത് അങ്ങനെയാണ് ?

* ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മലയോര കർഷകർ കേരള സർക്കാരിൻ്റെ കൂടെ നിൽക്കും. റബറിൻ്റെ 300 രൂപ മാത്രമല്ല, പച്ചക്കറികൾ, നെല്ല് തുടങ്ങിയവയ്ക്കെല്ലാം താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കണം. ഇതിന് കേന്ദ്രസർക്കാരിൻ്റെ പക്കൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടുണ്ട്. അതായത്, ഉത്പാദനചിലവിൻ്റെ 50 ശതമാനംകൂടി കർഷകന് ലാഭം കിട്ടുന്ന രീതിയിൽ താങ്ങുവില പ്രഖ്യാപിക്കണമെന്ന റിപ്പോർട്ടുണ്ട്. താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കുക. അതിന് ഒരു ലക്ഷം കോടി രൂപയൊന്നും ആവശ്യമില്ലല്ലോ.

സഭയിൽനിന്നുതന്നെ എതിർപ്പുയർന്നിട്ടുണ്ടല്ലോ വൈദികരടക്കം അങ്ങേക്കെതിരേ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു ?

* അവർക്ക് വാസ്തവത്തിൽ എന്താണ് ഞാൻ പറഞ്ഞതെന്നു മനസിലാക്കാൻ കഴിഞ്ഞില്ല എന്നേ പറയാനുള്ളൂ. അവർ അതിനെക്കുറിച്ച് രാഷ്ട്രീയകക്ഷികൾ നടത്തിയ വിലയിരുത്തൽ മാത്രം വായിച്ചിട്ടാണ് പ്രതികരിക്കുന്നത്. അവർക്ക് കാർഷിക വിഷയങ്ങളെക്കുറിച്ച് അറിവുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. ഞാൻ പറഞ്ഞത് ഏതു സാഹചര്യത്തിലാണ് എന്നു മനസിലാക്കാൻ കഴിഞ്ഞിട്ടുമില്ല. അറിവില്ലായ്മയെ അപരാധം എന്നു വിളിക്കേണ്ടതില്ലല്ലോ.

അങ്ങ് ആഹ്വാനം ചെയ്തതുപോലെ കർഷകർ ജനാധിപത്യത്തിൽ പ്രതികരിക്കും എന്നു ഉറപ്പുണ്ടോ ?

* ഇത് ഞാൻ കർഷകരോടു നടത്തുന്ന ഒരാഹ്വാനമാണെന്ന് വിലയിരുത്തുമ്പോഴാണ് ഈ ചോദ്യമുയരുന്നത്. മറിച്ച്, വിവിധ കർഷക സംഘടനകൾ ആ മീറ്റിംഗിനു മുൻപ് എൻ്റെ മുന്നിൽ വച്ച ഒരാശയമാണത്. നമുക്ക് ഈ രീതിയിലൊരു നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അത് കർഷകപക്ഷത്തുനിന്ന് ഞാൻ സംസാരിക്കുകയാണ് ചെയ്തത്. അല്ലാതെ, എതെങ്കിലും പാർട്ടിക്കനുകൂലമായി വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ പറയുന്നതല്ല. കർഷകപക്ഷത്തുനിന്ന് രാഷ്ട്രീയ പ്രതികരണം എങ്ങനെയായിരിക്കണമെന്ന് കർഷകർ പറഞ്ഞ നിർദേശം ഞാൻ പറഞ്ഞെന്നേയുള്ളൂ. അത് കർഷകർ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നത് അവരുടെ ഉത്തരവാദിത്വമാണ്. ഞാൻ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ ഇതുവരെയും പറഞ്ഞിട്ടില്ല. ഇനി പറയാനും ഉദ്ദേശിക്കുന്നില്ല. മറിച്ച്, കർഷകരെ സഹായിക്കുന്നവരെ കർഷകരും തിരിച്ചു സഹായിക്കും.

Related Updates


east