We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
23/03/2023
ചങ്ങനാശേരി: അവസാന നിമിഷം വരെ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സംസ്കാരചടങ്ങില്‍ വിശുദ്ധ കുര്‍ബാനമധ്യേ വചനസന്ദേശം നല്കുകയായിരുന്ന കര്‍ദിനാള്‍. വ്യക്തിപരമായ പ്രാര്‍ഥനയിലും ആരാധനക്രമപരമായ പ്രാര്‍ഥനകളിലും അദ്ദേഹം പരിപൂര്‍ണ നിഷ്ഠവച്ചാണ് ജീവിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1930ല്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളിന്റെ തലേനാള്‍ ഓഗസ്റ്റ് 14നു ജനനം, 2023ല്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിനു തലേന്നാള്‍ മരണം. പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും മാധ്യസ്ഥ്യത്തില്‍ ആയിരുന്നു മാര്‍ പവ്വത്തിന്റെ ജീവിതവും വിയോഗവും.
ദൈവരാധന, ദൈവികസന്ദേശത്തിന്റെ പ്രബോധനം, സഭാ നിയമങ്ങളുടെ അനുവര്‍ത്തനം, ജനസേവനത്തിനുള്ള പ്രതിബദ്ധത, സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടം, പാവപ്പെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക സ്നേഹവും കരുണയും- ഇവയെല്ലാം മാര്‍ പവ്വത്തിലിന്റെ ജീവിതനിഷ്ഠകളായിരുന്നു. വിസ്മയകരമായ പാണ്ഡിത്യവും അതിശയിപ്പിക്കുന്ന വാക്ചാതുരിയും കര്‍മധീരതയും സഹാനുഭൂതിയും കാരുണ്യവും അദ്ദേഹത്തിന്റെ ജീവിതശൈലിയുടെ മുഖമുദ്രകള്‍ ആയിരുന്നു.
മോശയുടെ മരണത്തോടെ പഴയനിയമ ജനതയുടെ ചരിത്രത്തില്‍ ഒരു കാലഘട്ടം അവസാനിച്ചു. ഏകദേശം അതുപോലെ മാര്‍ പവ്വത്തിലിന്റെ മരണത്തോടെ ഒരു കാലഘട്ടം കടന്നുപോകുന്നു. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളിലെ വൈദികവിദ്യാര്‍ഥികള്‍ക്കും വൈദികര്‍ക്കും മാര്‍ പവ്വത്തിലിനോടുള്ള ഹൃദയബന്ധം അന്യാദൃശ്യമാണ്. പിതാവിനോടൊപ്പം സെക്രട്ടറിയായും വികാരി ജനറാളായും പ്രവര്‍ത്തിച്ചതിന്റെ നല്ല ഓര്‍മകള്‍ മനസിലുണ്ട്. തക്കല രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്തതും അദ്ദേഹമാണ്.
കന്യാകുമാരി മിഷനെ ഒരു രൂപതയാക്കാനുള്ള പിതാവിന്റെ പരിശ്രമങ്ങള്‍ ബഹുമാനാദരവുകളോടെ ഓർക്കുന്നു. സഭൈക്യ ലക്ഷ്യത്തോടെ പവ്വത്തില്‍ പിതാവു ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ എല്ലാ സഭകളും ഏക്കാലും സ്മരിക്കും.
സഭയിലെയും സമൂഹത്തിലെയും പ്രശ്നസങ്കീര്‍ണമായ സാഹചര്യങ്ങളില്‍ പിതാവിന്റെ ശബ്ദത്തിനായി ജനവും ജനനേതാക്കളും കാതോര്‍ത്തിരുന്നുവെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.