x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

21/11/2024

മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ എക്യുമെനിക്കൽ ആയി അരുവിത്തുറപ്പള്ളിയിൽ ആചരിച്ചു.

അരുവിത്തുറ: സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ തിരുനാൾ അരുവിത്തുറ മാർ ഗീവർഗീസ് സഹദാ ഫൊറോനാ പള്ളിയിൽ ഭക്തിപൂർവ്വം കൊണ്ടാടി. തിരുനാളിൻ്റെ ഭാഗമായി നവംബർ 20 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറത്തു നമസ്കാരവും വിവിധ സഭകളിലെ മേലധ്യക്ഷന്മാരുടെ സന്ദേശങ്ങളുമായി നടത്തപ്പെട്ട തിരുനാൾ ആചരണം വേറിട്ടതും നവ്യവുമായ ഒരു അനുഭവമായി മാറി. ഒന്നാം നൂറ്റാണ്ടിലെ ഭാരതീയർ ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷം അവൻ്റെ ശ്ലീഹന്മാരിൽ ഒരാളായ മാർ തോമാശ്ലീഹായിൽ നിന്ന് നേരിട്ട് സ്വീകരിച്ചതും നാളിതുവരെ തലമുറകളായി കാത്തുസൂക്ഷിക്കുന്നതും ദൈവത്തിൻ്റെ വലിയ അനുഗ്രഹമായി അനുഭവപ്പെടുന്നു.

മലങ്കര യാക്കോബായ സുറിയാനി സഭ എപ്പിസ്കോപ്പൽ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധ്യക്ഷനുമായ ബിഷപ് ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ക്നാനായ യാക്കോബായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് പിതാവ്, കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും സീറോ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന അധ്യക്ഷനുമായ ബിഷപ് സാമുവൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത, സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപത അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് എന്നിവർ കാർമികത്വം വഹിച്ച എക്യുമെനിക്കൽ റംശാ നമസ്കാരത്തിൽ സുറിയാനി ഭാഷയും സംഗീതവും ഉപയോഗിച്ചത് മാർത്തോമാ ശ്ലീഹായുടെ കാലത്തിൻ്റെയും യഹൂദരുടെയും സുറിയാനി സഭകളുടെ പൊതു പൈതൃകത്തിൻ്റെയും ഓർമ്മപ്പെടുത്തൽ ആയി മാറി.

മാർത്തോമാ ശ്ലീഹാ ഒന്നാം നൂറ്റാണ്ടിലെ പേർഷ്യയിലും വിശാല ഇന്ത്യയിലും ഈശോയിലൂടെയുള്ള രക്ഷയുടെ സദ്വാർത്ത അറിയിച്ചത് നിസ്തർക്കം ആയ കാര്യമാണെന്ന് ബിഷപ്പ് ഡോക്ടർ തോമസ് മാർ തിമോത്തിയോസ് എടുത്തുപറഞ്ഞു. സഭകൾ തമ്മിൽ ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കുറിയാക്കോസ് മാർ സേവേറിയോസ് അഭിപ്രായപ്പെട്ടു. മാർത്തോമാ ശ്ലീഹായുടെ മിശിഹാനുഭവം ശ്ലീഹായിൽ നിന്ന് നേരിട്ട് കൈമാറി കിട്ടിയത് അല്പം പോലും കുറയാതെയും കൈമോശം വരാതെയും നമ്മുടെ തലമുറയിൽ കാത്തുസൂക്ഷിച്ച് അടുത്ത തലമുറയിലേക്ക് കൈമാറണമെന്ന് ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് പ്രബോധിപ്പിച്ചു. മാർത്തോമാ ശ്ലീഹായുടെ പ്രേഷിത യാത്രകളെക്കുറിച്ചും സ്ഥലങ്ങളെ കുറിച്ചും ആദ്യ നൂറ്റാണ്ടുകളിൽ ക്രൈസ്തവ വിശ്വാസ സ്വീകരിച്ച ജനവിഭാഗങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശദീകരിച്ചു.

അരുവിത്തുറ മാർ ഗീവർഗീസ് സഹദാ ഫൊറോനാപള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ സ്വാഗതം പറഞ്ഞ മാർത്തോമാ നസ്രാണി സമുദായ കൂട്ടായ്മയ്ക്ക് സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ നന്ദി അർപ്പിച്ചു.

തിരുനാൾ ആചരണങ്ങളും പാരമ്പര്യങ്ങളും വിശ്വാസ കൈമാറ്റത്തിൻ്റെ പ്രധാന മാർഗങ്ങളാണ്. മലങ്കരയിലെ സുറിയാനി സഭകൾ തമ്മിലുള്ള സഭൈക്യ പ്രവർത്തനങ്ങൾ യൂറോപ്പിലെ പാശ്ചാത്യ സഭകൾ തമ്മിലുള്ള എക്യുമെനിസം പോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്നും സഭകൾ തമ്മിൽ പരസ്പരം ബഹുമാനിക്കുന്ന സമീപനങ്ങളും യോജിച്ചുള്ള പ്രവർത്തനങ്ങളും കൂടുതൽ വളർത്തിയെടുക്കണമെന്നും പിതാക്കന്മാർ അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ എപ്പിസ്കോപ്പൽ സഭകളിൽ നിന്നായി വളരെ ദൂരെ നിന്നു പോലും വിശ്വാസി പ്രതിനിധികൾ പങ്കെടുത്തത് തിരുന്നാളിൻ്റെയും അരുവിത്തുറയുടെയും പ്രസക്തി വെളിവാക്കുന്നു. അടുക്കലടുക്കലുള്ള എക്യുമെനിക്കൽ കൂടിവരവുകൾ വിശ്വാസികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും സഭാ നവീകരണത്തിനും സമുദായ ശക്തീകരണത്തിനും ഇടയാക്കും എന്നും രാഷ്ട്ര നിർമ്മിതിയിലുള്ള ക്രൈസ്തവരുടെ നാളിതുവരെയുള്ള ശ്രമങ്ങളെ കൂടുതൽ ബലപ്പെടുത്തുമെന്നും തിരുനാൾ ദിന സന്ദേശങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാർ പ്രത്യാശ പ്രകടിപ്പിച്ചു.

Related Updates


east