x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Diocese

14/08/2024

മുണ്ടകൈ, ചൂരൽമല ദുരന്തത്തിൽ കാര്യക്ഷമമായ ഇടപെടലുകളുമായി മാനന്തവാടി രൂപത

വയനാട് ജില്ലയിലെ മുണ്ടകൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ മൂലമുണ്ടായ ദുരന്തത്തിൽ കാര്യക്ഷമവും ശ്രദ്ധേയവുമായ ഇടപെടലുകളുമായി മാനന്തവാടി രൂപത. ദുരന്തമുണ്ടായ ദിവസം മുതൽതന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാനന്തവാടി രൂപതാനേതൃത്വവും സംഘടനകളും സംവിധാനങ്ങളും സജ്ജീവമായി ഇടപെട്ടു; അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.

ദുരന്ത സമയം മുതൽ പരിസരവാസികളുടെ സുരക്ഷാകേന്ദ്രമായും ദുരിതാശ്വാസ ക്യാമ്പായും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇടമായും മാറിയത് ചൂരൽമല ഇടവക പള്ളിയാണ്. ഉരുൾപൊട്ടിയ രാത്രിയിൽതന്നെ ഭക്ഷണവും വസ്ത്രവും ഒരുക്കി നൽകുകയും ഇടവകയിൽ ക്ലിനിക്ക് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പിന്നീട് കേന്ദ്രസേനകളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും വിശ്രമകേന്ദ്രമായും ദക്ഷിണവിതരണ കേന്ദ്രമായും ഇടവക ദൈവാലയവും പാരിഷ് ഹാളും മാറി. ഇടവക കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവർത്തനങ്ങൾക്കും വികാരി ഫാ. ജിബിൻ വട്ടുകുളത്തിൽ നേതൃത്വം നല്കിവരുന്നു.

ആദ്യദിവസംമുതൽ രക്ഷാപ്രവർത്തകർക്കും പരിക്കേറ്റവർക്കും ക്യാമ്പുകളിലേക്ക് മാറിയവർക്കും ഭക്ഷണം തയ്യാറാക്കി നൽകുന്നു. രണ്ടായിരത്തിൽപരം ഭക്ഷണ പൊതികളാണ് നല്കിവന്നത്. നെടുമ്പാല, തൃകൈപറ്റ, ബത്തേരി, റിപ്പൺ ഇടവകകളാണ് ഈ ദൗത്യം ഏറ്റെടുത്ത് നടത്തുന്നത്. ഭക്ഷണക്രമീകരണത്തിനായി അധികാരികൾ ബന്ധപ്പെട്ടതും രൂപതയെ ആണ്. ആദ്യദിനം തന്നെ രൂപതാ നേതൃത്വത്തിലുള്ള വൈദീകരും, PRO, WSSS, ബയോവിൻ, കെ.എൽ.എം. ഡയറക്ടർമാരും കൽപറ്റ ഫൊറോന വികാരിയും സ്ഥലം സന്ദർശിച്ച് രൂപതാകേന്ദ്രത്തിന് വിവരങ്ങൾ കൈമറി. ഇതിൻ്റെ അടിസ്ഥാനത്തിൽ രൂപതയിലെ സംഘടനകളുടേയും സംവിധാനങ്ങളുടേയും നേതൃനിരയിലുള്ളവരുടെ അടിയന്തര യോഗം ബിഷപ്പ് മാർ ജോസ് പൊരുന്നേടം വിളിച്ചുചേർക്കുകയും കർമപദ്ധതികൾക്ക് രൂപം നല്കുകയും ചെയ്തു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ Wsssലൂടെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കുകയും വികാരി ജനറാൾ ചെയർമാനും wsss ഡയറക്ടർ ഫിനാൻസ് ഓഫീസറും KLM ഡയറക്ടർ വൈസ് ചെയർമാനുമായി 20 അംഗ കോർകമ്മിറ്റിക്ക് രൂപം നല്കി. ഈ യോഗത്തിൽവെച്ച് അടിയന്തരമായ പുനരധിവാസ പ്രവർത്തനങ്ങളുടെ കർമ്മപദ്ധതി തയ്യാറാക്കി.

പരിക്കേറ്റ് ചികത്സയിൽ കഴിയുന്നവർക്കു കൂട്ടിരിപ്പുകാരായി വിവിധകളിൽ നിന്നുള്ള ജീസസ്സ് യൂത്ത് പ്രവർത്തകർ പ്രവർത്തിക്കുന്നു. 80ൽ പരം ജീസസ് യൂത്ത് വോളണ്ടിയർമാർ ഇതിൽ പങ്കുചേർന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ വോളണ്ടിയർമാരായി 100ൽ അധികം KCYM യുവാക്കളെ അധികാരികൾ ആവശ്യപ്പെട്ട സ്ഥലങ്ങളിൽ വിന്യസിച്ചു. ക്യാമ്പുകളിൽ ഭക്ഷണം തയ്യാറാക്കുന്നതിനും മറ്റ് സേവന്നങ്ങൾ നല്കുന്നതിനുമായി കത്തോലിക്കാ കോൺഗ്രസ്സ്, മാതൃ വേദി, ചെറുപുഷ്പ മിഷൻ ലീഗ് എന്നീ സംഘടനകളിൽനിന്നും പല ദിവസങ്ങളിലായി 250 പേരുടെ സേവനം വിട്ടു നല്കി. മേപ്പാടി LP സ്കൂൾ, കൽപറ്റ ഡി പോൾ, കൽപറ്റ SD MLP എന്നീ  ക്യാമ്പുകളിൽ ഭക്ഷണം ഉണ്ടാക്കുന്ന ചുമതലയും ഏറ്റെടുത്തു. കൂടാതെ, ഭക്ഷണം ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എത്തിച്ചു നല്കാൻ സന്നദ്ധപ്രവർത്തകരെയും ചുമതലപ്പെടുത്തി.

രണ്ട് മാനസീക ആരോഗ്യ വിദഗ്ധരും 70 സിസ്റ്റേഴ്സും അടങ്ങുന്ന കൗൺസിലിംഗ് ടീം രൂപീകരിക്കുകയും രണ്ടാംദിനം മുതൽ ക്യാമ്പുകളിലും വീടുകളിലും ആശുപത്രകളിലും എത്തുകയും ചെയ്തു. രൂപതയാണ് ഏറ്റവും ആദ്യം കൗൺസിലിംഗ് സേവനം നല്കിത്തുടങ്ങിയത്. ക്യാമ്പുകളിലെ കുട്ടികളെ ഒരുമിച്ച് ചേർത്ത് മാനസിക ഉല്ലാസത്തിനും ഗ്രൂപ്പ് കൺസിലിംഗിനുമുള്ള ടീമിനെ ജീസസ് യൂത്തിലൂടെ വിന്യസിച്ചു. നീഡ് അസസ്സ്മെന്‍റിനായി ഒരു ടീമിനെ നിശ്ചയിച്ചുനൽകി. ഫീൽഡിൽനിന്നും അറിയിക്കുന്ന സ്ഥലത്തേക്ക് ആവശ്യപ്പെടുന്ന സേവനങ്ങളും പ്രവർത്തനങ്ങളും ലഭ്യമാക്കിയത് അവരുടെ നേതൃത്വത്തിലാണ്. കത്തോലിക്കാ കോൺഗ്രസ്സ് പ്രവത്തകരാണ് ഡാറ്റാ ശേഖരണത്തോടൊപ്പം ഈ ദൗത്യവും ഏറ്റെടുത്തത്.

മാർ ജോസ് പൊരുന്നേടം പിതാവ്, വികാരി ജനറാൾ പോൾ മുണ്ടോളിക്കൽ അച്ചൻ, PRO, WSSS, ബയോവിൻ അഗ്രോ റിസർച്ച് ഡയറക്ടർമാർ, ജീസസ് യൂത്ത് സംസ്ഥാന നേതൃത്വം എന്നിവരടങ്ങിയ ടീം ഉരുൾപൊട്ടൽ ഉണ്ടായതിൻ്റെ രണ്ടാം ദിവസം തന്നെ സ്ഥലം സന്ദർശിക്കുകയും മന്ത്രിമാർ, എം.എൽ.എമാർ, ജില്ലാ കലക്ടർ, മറ്റ് അധികാരികൾ, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. അവശ്യസാധനങ്ങളുടെ ശേഖരണത്തിനായി കൽപറ്റ ഡി പോൾ ഇടവകയിൽൽ കളക്ഷൻ സെന്‍റർ തുറക്കുകയും സന്നദ്ധസേവകർ വഴി വിതരണം നടത്തുകയും ചെയ്തു. പ്രാദേശിക ഭരണാധികാരികളുടെ ആവശ്യപ്രകാരം കൽപറ്റ ഡി പോൾ സ്കൂളിൽ ക്യാമ്പ് തുറക്കുകയും നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇടക്കാല താമസത്തിനുള്ള വീടുകൾ കണ്ടെത്തി ലിസ്റ്റ് അധികാരികൾക്ക് കൈമാറി. ബയോവിൻ അഗ്രോ റിസർച്ച്, KLM സംവിധാനങ്ങളും ബത്തേരി, കൽപറ്റ, നടവയൽ ഫൊറോനകളിലെ വൈദികരും ഇതിനോട് സഹകരിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഭവനനിർമ്മാണം, സ്ഥലം ലഭ്യമാക്കൽ, ഫർണ്ണിച്ചർ, മറ്റ് വീട്ടുപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയുടെ ശേഖരണം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കൽ, വിദ്യാഭ്യാസ സഹായം മുതലായവ ഏറ്റെടുക്കാനും അതിനുള്ള വിഭവ സമാഹരണം നടത്താനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ചൂരൽമലയിലെ ഇടവക ജനങ്ങളുമായി കൂടികാഴ്ച നടത്തുകയും വിശുദ്ധ ബലി അർപ്പിക്കുകയും ഇടവകയിൽ ശേഷിക്കുന്ന എല്ലാ ഭവനങ്ങളും സന്ദർശിക്കുകയും ചെയ്തു. തെരച്ചിൽ സംഘത്തിൽ കത്തോലിക്കാ കോൺഗ്രസ്സ്, KCYM, മിഷൻ ലീഗ് എന്നീ സംഘടനകളിൽ നിന്നുളള സന്നദ്ധപ്രവർത്തകർ പങ്കുചേർന്നു. രൂപതാ ദുരിതാശ്വാസ കോർ ടീമിലെ അംഗങ്ങൾ ചൂരൽമലയിൽ എത്തി ചർച്ച നടത്തി. തുടർപ്രവർത്തനങ്ങളിൽ ഏതു വിധമുള്ള പങ്കാളിത്തമാണ് ആവശ്യമെന്ന് ജില്ലാ നോഡൽ ഓഫീസർ ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തുകയും അത് തുടരുകയും ചെയ്യുന്നു. ഡോക്ടർമാർ, സിസ് സ്റ്റേഴ്സ് ഉൾപ്പെടെയുള്ള നഴ്സുമാർ, സന്നദ്ധപ്രവർത്തകർ, കൗൺസിലർമാർ എന്നിങ്ങനെ ഏഴുപേർ ഉൾപ്പെടുന്ന അഞ്ചു മെഡിക്കൽ സംഘങ്ങൾക്ക് രൂപം നല്കുകയും ക്യാമ്പുകളിലും ദുരിതബാധിത പ്രദേശങ്ങളിലും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. സെന്‍റ്  ജോസഫ്സ് മാനന്തവാടി, ഫാത്തിമ മാതാ കൽപറ്റ, അസംപ്ഷൻ ബത്തേരി, സെന്‍റ്  മാർട്ടിൻ അമ്പലവയൽ എന്നീ ഹോസ്പിറ്റലുകൾ സഹകരിച്ചു പ്രവർത്തിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളോടൊപ്പം പുനരധിവാസ ശ്രമങ്ങളും നടന്നുവരുന്നു.

Related Updates


east