We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
17/02/2023
ചങ്ങനാശേരി: വൈജ്ഞാനിക വിസ്ഫോടനത്തിന് വഴിയൊരുക്കുമെന്ന് അവകാശപ്പെടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തതും ന്യൂനപക്ഷ വിദ്യാലയങ്ങളെ സംരക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കാത്തതും ഖേദകരമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു.
ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ അതിരൂപതാ കേന്ദ്രത്തിൽ നടത്തപ്പെട്ട എയ്ഡഡ് വിദ്യാഭ്യാസ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലകളിലെ സേവനങ്ങളിലൂടെ ക്രൈസ്തവ സഭകൾ നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും അവകാശ സംരക്ഷണങ്ങൾക്കുവേണ്ടി നിരന്തരം കോടതികളെ സമീപിക്കേണ്ടിവരുന്നത് ഈ സംവിധാനത്തിൻ്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരി ജനറാൾ റവ.ഡോ.വർഗീസ് താനമാവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഫാ.ജോസ് കരിവേലിക്കൽ, പ്രൊഫ. ഡോ. കെ.എം. ഫ്രാൻസിസ് എന്നിവർ വിഷയാവതരണം നടത്തി. റവ. ഡോ. ക്രിസ്റ്റോ നേര്യം പറമ്പിൽ, പ്രൊഫ. ഡോ. റൂബിൾ രാജ് എന്നിവർ പ്രധാന പ്രതികരണങ്ങൾ നടത്തി. തുടർന്നു നടന്ന പൊതുചർച്ചയിൽ വികാരി ജനറാൾ റവ. ഡോ. ജയിംസ് പാലയ്ക്കൽ മോഡറേറ്ററായിരുന്നു. അഡ്വ.ജോർജ് വർഗീസ് കോടിക്കൽ, ഫാ.ജയിംസ് കൊക്കാവയലിൽ, അഡ്വ. ജോജി ചിറയിൽ, ജോബി പ്രാക്കുഴി, ടോം ജോസഫ് ചമ്പക്കുളം, ബിജു സെബാസ്റ്റ്യൻ, വർഗീസ് ആൻ്റണി എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി, പാലാ, കാത്തിരപ്പള്ളി, കോട്ടയം, തിരുവല്ല, വിജയപുരം, ചിങ്ങവനം രൂപതകളിൽ നിന്നുമായി നൂറിൽപരം പ്രതിനിധികൾ പങ്കെടുത്തു.