x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

News & Updates


Syro Malabar

16/10/2023

'അച്ചടക്കം പരമപ്രധാനം'

സത്യമെന്ന  തോന്നലുളവാക്കുന്ന രീതിയില്‍ അസത്യവും അപവാദപ്രചാരണങ്ങളും നടത്തുന്നത് ഛിദ്രശക്തികളാണ്. അവയുടെ  കൈയിലെ ഉപകരണങ്ങളായി  മാറുന്നവര്‍ മറക്കുന്ന പാഠം  അച്ചടക്കത്തിന്റേതാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അച്ചടക്കം ഇല്ലാത്ത ഏതു സമൂഹവും നശിക്കും എന്നതൊരു സത്യമാണ്. വിഭജനത്തെ  പ്രോത്സാഹിപ്പിക്കുന്നവര്‍ യഥാര്‍ഥ വിശ്വാസികളുടെ മനസില്‍ വലിയ വേദനയാണു നല്‍കുന്നത്. അതിനാല്‍ സഭാ  ജീവിതത്തില്‍ അച്ചടക്കം ഉറപ്പാക്കാനുള്ള നടപടികള്‍ പരിശുദ്ധ പിതാവിന്റെ ഭാഗത്തുനിന്ന് ഉടന്‍ തന്നെ ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചനകളെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.


ഒന്നിലധികം  ഉത്തരവാദിത്വങ്ങളോടെയാണ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്  മെത്രാന്മാരുടെ ആഗോള സിനഡില്‍ സംബന്ധിക്കുന്നത്. ഭാരത കത്തോലിക്കാ മെത്രാന്‍  സമിതിയുടെ അധ്യക്ഷന്‍, തൃശൂര്‍ ആര്‍ച്ച്ബിഷപ്, എറണാകുളം-അങ്കമാലി  അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ ഉത്തരവാദിത്വങ്ങള്‍ക്കു  പുറമെ സീറോ മലബാര്‍ സിനഡിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയില്‍കൂടിയാണ് അദ്ദേഹം വത്തിക്കാനിലെത്തിയിരിക്കുന്നത്. സിനഡ് അംഗങ്ങള്‍  മാര്‍പാപ്പയോട് വാഗ്ദാനം ചെയ്തിരിക്കുന്ന അനുസരണത്തെപ്രതി സിനഡ് ചര്‍ച്ചകളില്‍  നടന്ന കാര്യങ്ങള്‍ സംസാരിക്കില്ല എന്ന ആമുഖത്തോടെയാണ് അദ്ദേഹം ഈ അഭിമുഖത്തിൽ  മനസുതുറന്നത്.

അല്മായര്‍ക്കും സമര്‍പ്പിതര്‍ക്കും മെത്രാന്മാരോടൊപ്പം വോട്ടവകാശത്തോടെ  പങ്കെടുക്കാന്‍ സാധിക്കുന്ന വളരെ അസാധാരണമായൊരു ആഗോള കത്തോലിക്കാ മെത്രാന്‍  സിനഡിലാണ് അങ്ങ് പങ്കെടുക്കുന്നത്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ  അധ്യക്ഷന്‍ എന്ന നിലയില്‍ അങ്ങ് ഈ സിനഡില്‍നിന്നു പ്രതീക്ഷിക്കുന്നത് എന്താണ്?

രണ്ടു ഭാഗങ്ങളായാണ് ഈ സിനഡ്  നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ആദ്യഭാഗത്തിനു ശേഷം അടുത്ത വര്‍ഷം  ഒക്ടോബറിലാണ് രണ്ടാം സമ്മേളനം. അതുകൊണ്ട് ഈ സിനഡില്‍ പൂര്‍ണമായ തീരുമാനങ്ങള്‍  നമുക്ക് പ്രതീക്ഷിക്കാനാവില്ല. 2021ലാണ് സിനഡ് പ്രഖ്യാപിക്കപ്പെട്ടത്.  രണ്ടു വര്‍ഷത്തെ ദീര്‍ഘമായ ഒരുക്കങ്ങള്‍ക്കു ശേഷമാണ് ഈ സമ്മേളനം  ആരംഭിച്ചിരിക്കുന്നത്. സാര്‍വത്രിക നന്മയ്ക്കുവേണ്ടിയുള്ള പങ്കാളിത്തവും  കൂട്ടായ്മയും എന്ന വിഷയത്തെ ആധാരമാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കുടുംബങ്ങളില്‍,  കൂട്ടായ്മകളില്‍, ഫൊറോനാ, രൂപത, സഭാ തലങ്ങളിലും പ്രാരംഭചര്‍ച്ചകള്‍ നടന്നു.  ഏഷ്യയിലെ സഭാ സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള പ്രാരംഭ സമ്മേളനം നടന്നത്  ബാങ്കോക്കിലാണ്. അതില്‍ ഭാരതസഭയെ പ്രതിനിധീകരിച്ചു ഞാനും  പങ്കെടുത്തിരുന്നു. ബാങ്കോക്കില്‍ സ്വീകരിച്ച അതേ ശൈലി തന്നെയാണ് ഇവിടെ  വത്തിക്കാനിലും സിനഡ് സ്വീകരിച്ചിരിക്കുന്നത്. പ്രസംഗങ്ങള്‍ വളരെ കുറവാണ്.  ചര്‍ച്ചകളും പങ്കുവയ്ക്കലുകളും കൂടാതെ നിശബ്ദമായ വിചിന്തനങ്ങളുമായാണ് സിനഡ്  മുന്നോട്ടു പോകുന്നത്. മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ കൂടിയിരിക്കുന്ന സിനഡിന്റെ  നേതൃനിരയില്‍ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെക്ക്, റിലേറ്റര്‍ ജനറല്‍  കര്‍ദിനാള്‍ ഷോണ്‍ ക്‌ളോഡ് ഹോല്ലെറിക്, സിസ്റ്റര്‍ നതാലി എന്നിവരാണുള്ളത്.  പാശ്ചാത്യ പൗരസ്ത്യ സഭകളുടെ തുല്യത ഉറപ്പു വരുത്തുന്ന രീതിയില്‍ മാര്‍പാപ്പയുടെ  അതേനിരയില്‍തന്നെ പൗരസ്ത്യ സഭകളിലെ മേലധ്യക്ഷന്മാരുടെ പ്രതിനിധികള്‍ക്കും  ഇരിപ്പിടം ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്.

സിനഡിന്റെ ശൈലിയെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?

ശ്രവണം,  പങ്കുവയ്ക്കല്‍, വിവേചിച്ചറിയല്‍ എന്ന രീതിയിലാണ് സിനഡ് മുന്നോട്ടു പോകുന്നത്.  വിവേചനത്തിനുവേണ്ടി നിശബ്ദതയെ കൂടുതല്‍ ആശ്രയിക്കുന്നു. ഇവിടെ യഥാര്‍ഥത്തില്‍  ഏകാധിപത്യമോ ജനാധിപത്യമോ വികാരാധിപത്യമോ അല്ല, പരിശുദ്ധാരൂപിയാല്‍  നയിക്കപ്പെടുന്ന വിചിന്തനങ്ങളാണ് ഉള്ളത്. ഇത് സഭയ്ക്ക് ഒരു നല്ല മാതൃകയാണ്.  പാശ്ചാത്യ സഭയില്‍ മാര്‍പാപ്പയുടെയോ ചക്രവര്‍ത്തിയുടെയോ വാക്കുകള്‍ക്കാണ് കൂടുതല്‍  പ്രാമുഖ്യം ഉണ്ടായിരുന്നത്. എന്നാല്‍ പൗരസ്ത്യ സഭകളില്‍ ആദിമകാലം മുതല്‍ക്കേ  കൂട്ടായ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ശൈലിയാണുണ്ടായിരുന്നത്. ഏറ്റവും നല്ല  ഉദാഹരണം നമ്മുടെ പള്ളിയോഗമാണ്. കുടുംബയോഗം, പൊതുയോഗം, സഭായോഗം എന്നിങ്ങനെ  വിവിധ തലത്തില്‍ നമുക്ക് ആലോചനാ സമിതികള്‍ പ്രാരംഭ കാലം മുതലേ ഉണ്ടായിരുന്നു.  

വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കാനന്‍ നിയമങ്ങള്‍ വഴി ഫിനാന്‍സ് കൗണ്‍സില്‍, പാരിഷ്  കൗണ്‍സില്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഉണ്ടാകാന്‍ കാരണമായതുപോലും നമ്മുടെ  യോഗങ്ങളെക്കുറിച്ച് ആഗോളസഭയ്ക്കു ലഭിച്ച അറിവാണെന്ന് 1970കളുടെ അവസാനഭാഗത്ത് കാനന്‍ നിയമ പരിഷ്‌കരണത്തിന്റെ റിലേറ്റര്‍ ജനറല്‍ ആയിരുന്ന ഐവാന്‍ സൂസക്  പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഇന്നും സീറോമലബാര്‍ സഭയില്‍ ഇടവക യോഗങ്ങള്‍, രൂപതാ  യോഗങ്ങള്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി എന്നിങ്ങനെ വിവിധ തലങ്ങളില്‍  എല്ലാവരുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഉണ്ട്.  മെത്രാന്മാരോടൊപ്പം അല്മായരുടെയും വൈദികരുടെയും സന്യസ്തരുടെയും  പ്രതിനിധികള്‍ക്കും തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമുള്ള സമ്മേളനങ്ങളാണ്  ഇവയെല്ലാം. അങ്ങനെ നോക്കിയാല്‍ സിനഡാലിറ്റിയെക്കുറിച്ചുള്ള ഈ സിനഡ് വിഭാവനം  ചെയ്യുന്ന ശൈലി പൗരസ്ത്യ സഭകള്‍ നേരത്തേതന്നെ പിന്തുടരുന്നുണ്ട് എന്ന്  നമുക്കു മനസിലാക്കാം.

നിശബ്ദതയ്ക്ക് ഊന്നല്‍ നല്‍കുന്ന സിനഡ്, സഭയെ പഠിപ്പിക്കുന്നത് എന്താണ്?

യഥാര്‍ഥത്തില്‍  നിശബ്ദമായ ധ്യാനം പൗരസ്ത്യ പാരമ്പര്യമാണ്. ശബ്ദമുഖരിതമായ പ്രാര്‍ഥന  പാശ്ചാത്യ ശൈലിയില്‍നിന്നു നമ്മള്‍ കടമെടുത്തതാണ്. ഇന്നിതാ പടിഞ്ഞാറന്‍ ലോകം  നിശബ്ദതയെ തിരിച്ചു പിടിക്കാന്‍ പരിശ്രമിക്കുകയും നമ്മള്‍ നമ്മുടെ മഹനീയമായ മൗനപ്രാര്‍ഥനയുടെ പാരമ്പര്യങ്ങള്‍ മറന്നുകളയുകയും ചെയ്തു. തപസിന്റെയും  നിശബ്ദതയുടെയും ചൈതന്യം തിരിച്ചുപിടിക്കാനുള്ള ശ്രമം സിനഡില്‍ ബോധപൂര്‍വം  നടക്കുന്നുണ്ട്. ഒന്നോ രണ്ടോ പേര്‍ സംസാരിച്ചുകഴിഞ്ഞാല്‍ മൂന്നോ നാലോ  മിനിറ്റ് നീണ്ടുനില്‍ക്കുന്ന നിശബ്ദതയാണ്. ഏതു മീറ്റിംഗിലും  ആരെങ്കിലുമൊക്കെ എപ്പോഴും സംസാരിക്കുന്ന ശൈലി നമ്മളും  മാറ്റിയെടുക്കേണ്ടതുണ്ട്.

ഞായറാഴ്ച ആചരണവും വി. കുര്‍ബാനയര്‍പ്പണവുമായിരുന്നു ആദിമസഭയുടെ  സിനഡാലിറ്റിയുടെ പ്രതിഫലനങ്ങള്‍ എന്ന അഭിപ്രായത്തെകുറിച്ച് അങ്ങയുടെ  പ്രതികരണം എന്താണ്?

കൂട്ടായ്മ,  പങ്കാളിത്തം, പ്രേഷിതത്വം എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇവയെല്ലാം  എവിടെയാണ് പ്രകടമാകുന്നത് എന്ന ചോദ്യമുണ്ടാവുന്നത് സ്വാഭാവികമാണ്. അഞ്ചു  പ്രതീകങ്ങളിലൂടെ സഭയുടെ കൂട്ടായ്മ നമുക്കു മനസിലാക്കാം. ഇടയനും ആടുകളും,  മൂലക്കല്ലില്‍ ചേര്‍ത്തുവയ്ക്കപ്പെടുന്ന കല്ലുകള്‍, തായ്ത്തണ്ടിനോട് ചേര്‍ന്നു നില്‍ക്കുന്ന ശിഖരങ്ങള്‍, ശിരസിനോടു ചേര്‍ന്നുനില്‍ക്കുന്ന അവയവങ്ങള്‍, മണവാളനോട്  ചേര്‍ന്നുനില്‍ക്കുന്ന മണവാട്ടി. ഇവ അഞ്ചും ഈശോയും സഭയും, അതായത് നമ്മളും  തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ഈ ഐക്യം ഏറ്റവുമധികം പ്രകടമാകുന്നത്  ഈശോ തന്നെ സ്ഥാപിച്ച കൂദാശകളിലാണ്, പ്രത്യേകിച്ച് പരിശുദ്ധ കുര്‍ബാനയില്‍. ഞായറാഴ്ചയിലെ കൂട്ടായ്മയും പ്രാര്‍ഥനയും വളരെ പ്രായോഗികമായി നമ്മെ  ഈശോയുമായും അവിടുത്തെ സഭയുമായും ചേര്‍ത്തുനിര്‍ത്തുന്നു. അതുകൊണ്ടാണ്  ഒന്നിച്ചുള്ള പ്രാര്‍ഥന ഇല്ലെങ്കില്‍ സിനഡ് ഇല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ  2021ല്‍ തന്നെ പറഞ്ഞിട്ടുള്ളത്. കര്‍ദിനാള്‍ മരിയോ ഗ്രെക് എല്ലാ സിനഡ്  അംഗങ്ങള്‍ക്കും എഴുതിയ കത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. പ്രാര്‍ഥന എന്നാല്‍  ശ്രവണമാണ്, അത് ആരാധനയും, മാധ്യസ്ഥ്യം വഹിക്കലും നന്ദിപ്രകാശനവുംകൂടിയാണ്.

ഈ സിനഡ് നടക്കുന്ന ദിവസങ്ങളില്‍ അങ്ങ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിഷയങ്ങള്‍ പങ്കുവയ്ക്കാമോ?

സിനഡിനിടയില്‍ ഇതുവരെ മൂന്നു തവണ മാര്‍പാപ്പയുമായി നേരിട്ടു സംസാരിക്കാനുള്ള  അവസരം എനിക്കു ലഭിച്ചു. ആദ്യത്തെ തവണ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോയുടെ  ദേഹവിയോഗം പരിശുദ്ധ പിതാവിനെ അറിയിക്കേണ്ടത് സിബിസിഐ അധ്യക്ഷന്‍ എന്ന  നിലയില്‍ എന്റെ ഉത്തരവാദിത്വമായിരുന്നതിനാല്‍ അദ്ദേഹത്തെ  സമീപിച്ചപ്പോഴായിരുന്നു. രണ്ടാമത്തെ അവസരം അപ്പൊസ്തലിക്  അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം എറണാകുളം അങ്കമാലി അതിരൂപതയുടെ  സ്ഥിതിഗതികള്‍ ആരാഞ്ഞപ്പോഴായിരുന്നു. മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്  സിറില്‍ വാസില്‍ എറണാകുളത്ത് വന്നപ്പോഴും അതിനുശേഷവും ഉണ്ടായ കാര്യങ്ങള്‍ അദ്ദേഹം  വളരെ സൂക്ഷ്മമായി അന്വേഷിച്ചു. സീറോമലബാര്‍ സഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ  അറിവും കരുതലും ഏറെ സന്തോഷം നല്‍കി.
ആരാധനക്രമത്തെക്കുറിച്ചുള്ള കാര്യങ്ങളില്‍  വത്തിക്കാനില്‍നിന്നു കൃത്യമായിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍  നല്‍കിയിട്ടുണ്ടെന്നും അത് പാലിക്കണമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.  പൊന്തിഫിക്കല്‍ ഡെലഗേറ്റ് വാസില്‍ പിതാവും പൗരസ്ത്യ തിരുസംഘവും കൂടാതെ  സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും എറണാകുളം അങ്കമാലി  അതിരൂപതയിലെ സ്ഥിതിഗതികള്‍ വളരെ വിശദമായി മാര്‍പാപ്പയെ  ധരിപ്പിച്ചിട്ടുണ്ട്  എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു മനസിലാക്കാന്‍ സാധിച്ചു. മൂന്നാമതായി വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ബിഷപ്പുമാരുടെ ഡയലോഗ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു ഈ കൂടിക്കാഴ്ച.

ഇരുപത്, ഇരുപത്തൊന്ന് നൂറ്റാണ്ടുകളില്‍ പ്രേഷിതദൗത്യങ്ങളിലൂടെയും  ദൈവവിളികളിലൂടെയും ആഗോളസഭയെ മുന്നോട്ടു നയിച്ച വ്യക്തിസഭയെന്നുള്ള നിലയില്‍  സീറോ മലബാര്‍ സഭയിലെ വാര്‍ത്തകള്‍ ലോകമെങ്ങും ചര്‍ച്ചയാവുന്നത് സ്വാഭാവികമാണല്ലോ. ഈ  സിനഡിനിടയില്‍ സഹപ്രവര്‍ത്തകരുമായി അങ്ങേക്ക് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവന്നിട്ടുണ്ടോ?

ഇക്കഴിഞ്ഞ  കാലങ്ങളില്‍ സീറോമലബര്‍ സഭ ലോകമെങ്ങും വ്യാപിച്ചതിനാലും സഭയുടെ മക്കള്‍  പ്രേഷിതരായി വിവിധ ദേശങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതിനാലും മാതൃസഭയിലെ  കാര്യങ്ങള്‍ വാര്‍ത്തയാവുന്നത് തികച്ചും സ്വാഭാവികമാണ്. എറണാകുളം-അങ്കമാലി  അതിരൂപതയ്ക്കു വേണ്ടി മാര്‍പാപ്പയുടെ പ്രതിനിധി വന്നതും ചിലര്‍ അദ്ദേഹത്തെ  എതിര്‍ത്തതും അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായ കാര്യങ്ങളാണ്. മാര്‍പാപ്പ  നേരിട്ടു പറഞ്ഞിട്ടും കാര്യങ്ങള്‍ക്ക് തീരുമാനമാകാത്തത് സിനഡ് അംഗങ്ങളെ  അദ്ഭുതപ്പെടുത്തുന്നു എന്നതാണ് വാസ്തവം. മാര്‍പാപ്പയുടെ തീരുമാനം  നടപ്പിലാക്കാനുള്ള ആര്‍ച്ച്ബിഷപ് വാസില്‍ പിതാവിന്റെ ദൗത്യം തുടരുമെന്നാണ്  ഇവിടെനിന്ന് അറിയാന്‍ കഴിയുന്നത്.
പരിശുദ്ധ പിതാവ് നേരിട്ട്  ഏല്പിച്ചിരിക്കുന്ന ദൗത്യമായതിനാല്‍ പരിശുദ്ധ സിംഹാസനത്തിനു വിധേയമായി  പ്രവര്‍ത്തിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. പൗരസ്ത്യ തിരുസംഘത്തെയും ഒപ്പം, സീറോമലബാര്‍ സിനഡിനെയും  മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും കാര്യങ്ങള്‍ അറിയിക്കാനും ഞാന്‍  ബാധ്യസ്ഥനാണ്. സീറോമലബാര്‍ സഭയിലെ വിശ്വാസപരമായ അച്ചടക്കം സഭയെ സാമൂഹ്യമായും  പ്രേഷിതപ്രവര്‍ത്തനപരമായും കൂടുതല്‍ ഉന്നതങ്ങളിലേക്ക് നയിക്കുന്നത്  തിരിച്ചറിഞ്ഞ് സഭാവിരുദ്ധ ശക്തികള്‍ സാമ്പത്തികമായും മാധ്യമങ്ങള്‍ ഉപയോഗിച്ചും  സഭയെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നതിനെക്കുറിച്ചു വ്യക്തമായ അറിവ്  ലഭിച്ചിട്ടുള്ളതാണ്.
സത്യമെന്ന തോന്നലുളവാക്കുന്ന രീതിയില്‍ അസത്യവും അപവാദപ്രചാരണങ്ങളും നടത്തുന്നത് ഛിദ്രശക്തികളാണ്. അവയുടെ കൈയിലെ ഉപകരണങ്ങളായി  മാറുന്നവര്‍ മറക്കുന്ന പാഠം അച്ചടക്കത്തിന്റേതാണ്. അച്ചടക്കം ഇല്ലാത്ത ഏതു  സമൂഹവും നശിക്കും എന്നതൊരു സത്യമാണ്. വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍  യഥാര്‍ഥ വിശ്വാസികളുടെ മനസില്‍ വലിയ വേദനയാണ് നല്‍കുന്നത്. അതിനാല്‍ സഭാജീവിതത്തില്‍ അച്ചടക്കം ഉറപ്പാക്കാനുള്ള നടപടികള്‍ പരിശുദ്ധ പിതാവിന്റെ ഭാഗത്തുനിന്ന് ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

പരിശുദ്ധ  പിതാവിന്റെ പുതിയ ചാക്രിക ലേഖനത്തിന്റെ വെളിച്ചത്തില്‍ പ്രകൃതിയെ  നശിപ്പിക്കുന്ന അന്ധകാരശക്തികളെ പഴിച്ചുകൊണ്ടിരിക്കാതെ പ്രതീക്ഷയുടെ ഒരു  തിരിനാളമെങ്കിലും തെളിക്കാന്‍ ഓരോ വ്യക്തിയും തയാറാകും എന്നാണ് തന്റെ പ്രതീക്ഷയെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.


ഫാ. പ്രിന്‍സ് തെക്കേപ്പുറം
സിഎസ്എസ്ആര്‍

Related Updates


east