We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
02/01/2023
സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ അത്തരം ആവശ്യങ്ങളെ ഭാഗികമായെങ്കിലും അംഗീകരിക്കുന്നു എന്നും മറ്റുമുള്ള വാദങ്ങൾ ഉയർന്നുകാണാറുണ്ട്. സഭയുടെ പ്രബോധനങ്ങളും പാരമ്പര്യങ്ങളും തിരുത്തിക്കുറിക്കാനുള്ള ചിലരുടെ വ്യഗ്രതയാണ് അത്തരം ചില ആശയപ്രചാരണങ്ങളിലൂടെ വെളിപ്പെടുന്നത്. എന്നാൽ, എക്കാലവും സഭയ്ക്ക് ഇത്തരം വിഷയങ്ങളിൽ വ്യക്തവും കൃത്യവും അചഞ്ചലവുമായ നിലപാടുകളാണ് ഉളളത്.
ഈ വിഷയത്തിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം, പലപ്പോഴും വ്യക്തിഗത ആഭിമുഖ്യങ്ങളും അവരുന്നയിക്കുന്ന അവകാശവാദങ്ങളും വേർതിരിച്ച് ചർച്ച ചെയ്യപ്പെടുന്നില്ല എന്നുളളതാണ്. വാസ്തവത്തിൽ രണ്ടു വീക്ഷണകോണുകളിലൂടെ ചർച്ച ചെയ്യപ്പെടേണ്ട ആഴമുള്ള വിഷയമാണ് ഇത്. LGBT എന്ന് മുമ്പും, LGBTQIA + എന്ന് ഇക്കാലത്തും വിശേഷിപ്പിക്കപ്പെടുന്ന വിശേഷ ലൈംഗിക ആഭിമുഖ്യങ്ങൾ പേറുന്നവർക്കും, അവരുടെ അവകാശങ്ങൾക്കായുള്ള നീക്കങ്ങൾക്കും ഏറെ വർഷങ്ങളുടെ ചരിത്രമുണ്ട്. അത്തരം വ്യക്തികളുടെ കൂട്ടായ്മയെയോ, അവർ നയിക്കുന്ന മുന്നേറ്റങ്ങളെയോ സൂചിപ്പിക്കാൻ ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന റെയിൻബോ ഫ്ലാഗ് ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത് 1978ൽ ആണ്. വിശേഷ ലൈംഗിക ആഭിമുഖ്യമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്നത് എന്ന സന്ദേശമാണ് മഴവിൽ നിറങ്ങൾക്കൊണ്ട് രൂപപ്പെടുത്തിയ ആ ഫ്ലാഗ് നൽകുന്നത്. വിവിധ അനുബന്ധ ആശയങ്ങളെ ഉൾക്കൊള്ളുന്ന രീതിയിൽ ചില വകഭേദങ്ങൾ റെയിൻബോ ഫ്ലാഗിന് പിൽക്കാലത്ത് ഉണ്ടായിട്ടുണ്ട്.
ജർമ്മനി പോലുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ റെയിൻബോ ഫ്ലാഗ് ദേവാലയ പരിസരങ്ങളിൽ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നു. അതിന്‍റെ തുടർച്ചയെന്നോണം, ഈ ഫ്ലാഗിന്‍റെ വർണ്ണങ്ങളും ആശയവും ഉൾക്കൊള്ളുന്ന ഒരു നക്ഷത്രം ഈ ക്രിസ്തുമസ് കാലത്ത് കേരളത്തിലെ ഒരു കത്തോലിക്കാ ദേവാലയത്തിലും ഉയർത്തപ്പെട്ടത് ഇവിടെയും വിവാദങ്ങൾ സൃഷ്ടിച്ചു. അതിനോടനുബന്ധമായി പ്രചരിക്കപ്പെട്ട ആശയങ്ങളിൽ പലതും കത്തോലിക്കാസഭയുടെ നിലപാടുകൾക്കും പ്രബോധനങ്ങൾക്കും വിരുദ്ധമാണ്. ചരിത്രവും ഉപയോഗവും പ്രകാരം റെയിൻബോ ഫ്ലാഗ് പ്രതിനിധീകരിക്കുന്നത് LGBT സംബന്ധമായ അവകാശങ്ങൾ ഉന്നയിക്കുന്ന ഒരു വിഭാഗത്തെ ആണ് എന്നുള്ളത് വ്യക്തമാണ്. അത്തരം ചിലരെക്കുറിച്ചോ, അവരുടെ അവകാശ വാദങ്ങളെക്കുറിച്ചോ, ആവശ്യങ്ങളെക്കുറിച്ചോ അനുകൂലമായ നിലപാടുകൾ സഭയ്ക്ക് ഉണ്ടായിട്ടില്ല. മറിച്ച്, വ്യക്തികളുടെ അന്തസ്സിനെയും മൂല്യത്തെയും പരിഗണിച്ചുകൊണ്ട് അവരെ കരുണയോടെ ചേർത്തുനിർത്തണമെന്നനിലപാടാണ് സഭ അനുവർത്തിച്ചിട്ടുള്ളത്. അതിനാൽത്തന്നെ, തെറ്റിദ്ധാരണാജനകവും, ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നതും, തെറ്റായ സന്ദേശം നൽകുന്നതുമാണ് ഈ ഫ്ലാഗിന്‍റെ ഇത്തരത്തിലുള്ള ഉപയോഗം എന്നതിൽ സംശയമില്ല.
സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള സഭയുടെ നിലപാട്
കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും പഠനങ്ങളും അനുസരിച്ച്, ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ഉടമ്പടിയാണ് വിവാഹം. സ്വാഭാവിക ലൈംഗിക ആഭിമുഖ്യം ഇതര ലിംഗങ്ങളിലുള്ള രണ്ടുപേർ തമ്മിലാണ് (heterosexual orientation) എന്നതാണ് വിവാഹം എന്ന ആശയത്തിന്‍റെ അടിത്തറ പോലും. കത്തോലിക്കാ സഭയിൽ വിവാഹം സാധുവാകുന്നത് ഈ അടിസ്ഥാനത്തിൽ മാത്രമാണ്. വിവാഹത്തിന്‍റെ ലക്‌ഷ്യം കുടുംബങ്ങളുടെ രൂപീകരണമാണ് എന്നുളളതാണ് ഏറ്റവും പ്രധാനമായ കാര്യം. മാതാപിതാക്കളും മക്കളും ഉൾപ്പെടുന്ന കുടുംബ സങ്കൽപ്പമാണ് മാനവരാശിയുടെ തന്നെ അടിത്തറ. കുടുംബങ്ങൾ രൂപീകരിക്കപ്പെടാത്ത, സ്വാഭാവിക ലൈംഗികതയ്ക്ക് സ്ഥാനമില്ലാത്ത, സന്താനോൽപ്പാദനം എന്നൊരു ലക്ഷ്യമില്ലാത്ത ഒരു ബന്ധത്തെ വിവാഹമെന്ന് വിളിക്കാനാവില്ല എന്നതാണ് സഭയുടെ നിലപാട്.
വിശേഷ ലൈംഗിക ആഭിമുഖ്യമുള്ളവരെയും സഭ ഉൾക്കൊള്ളുന്നു
സ്വവർഗ്ഗ ലൈംഗിക ആഭിമുഖ്യം ഉള്ളവരുടെ ലൈംഗിക പ്രവൃത്തികൾ, ബന്ധങ്ങൾ തുടങ്ങിയവ സഭ അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെങ്കിലും, വ്യക്തികൾ എന്ന നിലയിൽ അവരെ ഉൾക്കൊള്ളുകയും, വ്യക്തിയുടെ മഹത്വത്തെ അംഗീകരിക്കുകയും, അവരെ ചേർത്തുനിർത്തുകയും ചെയ്യുന്നു. വ്യക്തികൾ എന്ന നിലയിൽ അവർ ആദരിക്കപ്പെടുകയും അവരുടെ മാനുഷിക അവകാശങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യണമെന്നാണ് സഭയുടെ കാഴ്ചപ്പാട്. അവർക്ക് സമൂഹജീവിതവും ആത്മീയ ജീവിതവും സഭാജീവിതവും ഉണ്ടാകണമെന്ന് സഭ ആഗ്രഹിക്കുന്നു. അതേസമയം, LGBT കൂട്ടായ്മകളുടെ പ്രത്യേകമായ അവകാശവാദങ്ങൾ, പ്രചാരണങ്ങൾ, മുന്നേറ്റങ്ങൾ തുടങ്ങിയവയെ എക്കാലവും സഭ എതിർക്കുന്നു. ചുരുക്കത്തിൽ, വ്യക്തികൾ എന്ന നിലയിൽ അവരെ അംഗീകരിക്കുന്നുവെങ്കിലും, അവരുടെ പ്രവൃത്തികളെ സ്വീകാര്യമോ ആശാസ്യമോ ആയി കരുതുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല.
സ്വവർഗ്ഗ വിവാഹം എന്ന പദപ്രയോഗം സഭയ്ക്ക് ഇല്ല. വിവാഹത്തിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങളായ പൂർണ്ണമായ അർത്ഥത്തിലുള്ള പരസ്പര സമർപ്പണം, സന്താനോൽപ്പാദനം എന്നിവ സ്വവർഗ്ഗ ബന്ധങ്ങളിൽ ഇല്ല എന്നതിനാൽ, അത്തരക്കാർക്ക് വിവാഹം അനുവദനീയമാണെന്നോ അവർ തമ്മിലുള്ള ബന്ധം വിവാഹമാണെന്നോ സഭ കണക്കാക്കുന്നില്ല. ലൈംഗികതക്ക് വിവാഹജീവിതത്തിൽ മാത്രമേ സ്ഥാനവും പ്രസക്തിയുമുള്ളൂ എന്നതാണ് എക്കാലത്തെയും സഭയുടെ ധാർമ്മിക നിലപാട്.
ലൈംഗികതയും ലിംഗ പദവിയും
ലൈംഗികതയെയും ലിംഗ പദവിയേയും പരസ്പരപൂരകമായിട്ടാണ് സഭ കണക്കാക്കുന്നത്. ശാരീരികമായി ആണായി ജനിച്ചാൽ ലിംഗപദവി ആണിന്റേതും സ്ത്രീയായി ജനിച്ചാൽ സ്ത്രീയുടേതും ആയിരിക്കണം. ലിംഗപദവി ലൈംഗിക അഭിമുഖ്യങ്ങൾ മൂലം മാറ്റാൻ കഴിയുന്ന ഒന്നാണെന്ന് സഭ കരുതുകയോ, അത്തരം വാദങ്ങളെ അംഗീകരിക്കുകയോ ചെയ്യുന്നില്ല. LGBTQIA + എന്നിങ്ങനെ വിഭിന്ന വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്ന വിശേഷ ലൈംഗിക അഭിമുഖ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതിൽ ട്രാൻസ്ജെൻഡേഴ്‌സ് എന്ന വിഭാഗമാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്നവർ. വാസ്തവത്തിൽ, ഈ പട്ടികയിൽ ആ ഒരു വിഭാഗം മാത്രമാണ് ലിംഗപരമായി വേർതിരിക്കപ്പെട്ടിരിക്കുന്നതും, ജന്മനാലുള്ള പ്രതിസന്ധിയെ നേരിടുന്നതും. മറ്റുള്ളതെല്ലാം ലൈംഗിക ആഭിമുഖ്യങ്ങളുടെ വ്യത്യാസങ്ങൾ മൂലം രൂപപ്പെടുന്ന വിഭാഗങ്ങളാണ്.
ചില വ്യക്തികളിൽ ലിംഗവ്യതിയാനത്തെ തുടർന്നുള്ള ജെൻഡർ ഐഡന്റിറ്റി സംബന്ധമായ മാനസിക പ്രതിസന്ധികൾ (Gender Dysphoria) ഉണ്ടായിരിക്കാനുള്ള സാധ്യതകളെ സഭ അംഗീകരിക്കുന്നുണ്ട്. അത്തരം വ്യക്തികളിൽ ചികിത്സ ഫലപ്രദമാണെന്നുള്ള ആധികാരിക പഠനങ്ങൾ ഇല്ല. ഓരോ മനുഷ്യവ്യക്തിയും ഒന്നുകിൽ പുരുഷനോ അല്ലെങ്കിൽ സ്ത്രീയോ ആയാണ് ജനിക്കുന്നത് എന്നും സഭ കരുതുന്നു. ഒരു മനുഷ്യൻ സ്ത്രീ ആയാലും പുരുഷൻ ആയാലും വ്യക്തിയുടെ അന്തസത്തയുടെ നിർവചനത്തിൽ ലൈംഗികത ഒരു ഘടകമല്ല എന്ന സഭയുടെ നിലപാട് ഒട്ടേറെ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഒരു വ്യക്തിയുടെ ലിംഗാവബോധം ജീവശാസ്ത്രപരവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് രൂപംകൊള്ളുന്നതെന്ന് ശാസ്ത്രം പറയുന്നു. ജനിതക, ജനിതകേതര, നാഡീവ്യൂഹ, ഹോർമോൺ സംബന്ധവും, ഭ്രൂണവളർച്ചയുമായി ബന്ധപ്പെട്ട ഘടകങ്ങളും, തുടർന്നുള്ള വളർച്ചാ ഘട്ടങ്ങളിൽ ചുറ്റുപാടുകളിൽനിന്ന് ഉണ്ടാകുന്ന അനുഭവങ്ങളും വ്യക്തിയുടെ ജെൻഡർ ഐഡന്റിറ്റിയെ സ്വാധീനിച്ചേക്കാം. എന്നാൽ, മിശ്ര ലിംഗാവസ്ഥകളോ, ആൻഡ്രോജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം പോലുള്ള വളർച്ചകാലഘട്ടത്തിലെ ക്രമഭംഗങ്ങളോ ജീവശാസ്ത്രപരമായി വിവേചിച്ചറിയാൻ കഴിയാത്ത മറ്റ് അവസ്ഥകളോ ഒന്നും ഓരോ വ്യക്തിയെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് സ്ത്രീയോ പുരുഷനോ ആയാണ് എന്ന യാഥാർത്ഥ്യത്തെ അപ്രസക്തമാക്കുന്നില്ല. ഒരു വ്യക്തിയുടെ ലിംഗാവബോധത്തെ സ്വാധീനിക്കുന്ന ജീവശാസ്ത്രപരവും, മനഃശാസ്ത്രപരവും, സാമൂഹികവുമായ ഘടകങ്ങളൊന്നും ദൈവത്തിന്റെ സൃഷ്ടി വൈഭവവുമായി ബന്ധപ്പെടുത്താൻ കഴിയുന്നവയല്ല.
ലൈംഗികതയും ലിംഗ പദവിയും സംബന്ധിച്ച്, കോൺഗ്രിഗേഷൻ ഓഫ് കാത്തലിക്ക് എഡ്യുക്കേഷൻ (CCE) 2019ൽ പ്രസിദ്ധപ്പെടുത്തിയ "സ്ത്രീയും പുരുഷനുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു" എന്ന രേഖയിൽ ഇപ്രകാരം പറയുന്നു: "രണ്ടു വ്യത്യസ്ഥ യാഥാർത്ഥ്യങ്ങളെ വിശദീകരിക്കുന്ന വ്യത്യസ്ഥ പദങ്ങൾ എന്ന നിലയിൽ, ലൈംഗികത (SEX), ലിംഗം (Gender) എന്നിവ രണ്ട് അർത്ഥങ്ങൾ ഉൾക്കൊള്ളുന്നവയാണ്, അവ പര്യായ പദങ്ങളല്ല. ഇവിടെ പ്രശ്നം ശരിയായി വ്യാഖ്യാനിക്കാൻ കഴിയുന്ന രണ്ട് പദങ്ങൾ തമ്മിലുള്ള വ്യത്യാസത്തേക്കാൾ ലൈംഗികതയെ ലിംഗഭേദത്തിൽ നിന്ന് വേർതിരിച്ച് അവതരിപ്പിക്കാത്തതാണ്" ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പങ്ങളാണ് വിവിധ മുന്നേറ്റങ്ങളുടെ വക്താക്കൾ മുതലെടുപ്പുകൾക്കായി ഉപയോഗിക്കുന്നത് എന്ന വാസ്തവം തിരിച്ചറിയേണ്ടതുണ്ട്.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെടുന്നതും എണ്ണത്തിൽ വളരെ കുറവുള്ളവരുമായവർ ജന്മനാലും, ജനിതകമായ കാരണങ്ങളാലും ജെൻഡർ ഐഡന്റിറ്റിക്ക് വ്യതിയാനം സംഭവിക്കുന്നവരാണ്. വാസ്തവത്തിൽ അവിടെ ലൈംഗിക ആഭിമുഖ്യമല്ല പ്രധാനം. പ്രകൃതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്കൊണ്ട് ഉണ്ടാകുന്ന വിവിധ വെല്ലുവിളികളാണ്. എന്നാൽ, LGBTQIA + സമൂഹത്തിലേക്ക് ഇക്കൂട്ടരെ ഉൾപ്പെടുത്തിയിരിക്കുന്നത് വഴിയായി, സവിശേഷ പരിഗണന ആവശ്യമുള്ള ഒരു വിഭാഗത്തിന് ലഭിക്കാവുന്ന ആനുകൂല്യങ്ങളും ശ്രദ്ധയും അസ്വാഭാവിക ലൈംഗിക താൽപ്പര്യങ്ങൾ ഉള്ള വിഭാഗങ്ങളും നേടിയെടുക്കാൻ ശ്രമിക്കുകയാണ്. മാത്രവുമല്ല, ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രശ്നം ലൈംഗികത മാത്രമാണ് എന്ന പ്രതീതി ജനിപ്പിക്കാനും ഇത്തരം മൂവ്മെന്റുകൾ കാരണമായിരുന്നു. വിചിത്രവും അസ്വാഭാവികവുമായ ലൈംഗിക അഭിമുഖ്യങ്ങൾ ഉള്ളവരുടെ പട്ടികയിൽ (LGBT കമ്മ്യൂണിറ്റിയിൽ, ഇരു വിഭാഗങ്ങളോടും ലൈംഗിക ആഭിമുഖ്യം ഉള്ളവരും, ലൈംഗിക വികാരങ്ങൾ ഇല്ലാത്തവരും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്) എണ്ണപ്പെടുകയും അവർക്കൊപ്പം അണിചേരാൻ നിർബ്ബന്ധിതരാവുകയും ചെയ്തിരിക്കുന്നതുവഴിയായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് അർഹിക്കുന്ന ശ്രദ്ധ ലഭിക്കാതെ പോകുന്നു എന്ന നിരീക്ഷണങ്ങളുണ്ട്. ഈ വിഭാഗത്തിൽ പെട്ടവരെ പ്രത്യേകമായ കരുതലോടെയാണ് സഭ കാണുന്നത്.
ഗൗരവമുള്ള വിഷയങ്ങളിലുള്ള സഭയുടെ നിലപാടുകൾക്ക് മാറ്റം വന്നിരിക്കുന്നുവെന്നും, ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സാമൂഹിക സംവിധാനങ്ങളോട് സഭ പക്ഷം ചേരുന്നു എന്നും ധ്വനിപ്പിക്കുന്ന വിധത്തിലുള്ള ആശയപ്രചാരണങ്ങൾ ആശാസ്യമല്ല. മനുഷ്യന്റെ മൂല്യത്തെയും മനുഷ്യകുലത്തിന്റെ ധാർമ്മികതയെയും ചോദ്യം ചെയ്യുന്ന ഇത്തരം നിരവധി വിഷയങ്ങളിൽ ലോകത്തിന്റെ മനഃസാക്ഷിയായും ഭരണകൂടങ്ങൾക്ക് മുന്നിൽ തിരുത്തൽ ശക്തിയായും നിലനിന്നിട്ടുള്ള ചരിത്രമാണ് എക്കാലവും സഭയ്ക്കുള്ളത്. ഇക്കാലഘട്ടത്തിലും ഇനിയുള്ള കാലത്തും സഭയുടെ പ്രധാന ദൗത്യങ്ങളിൽ ഒന്നും അതുതന്നെയാണ്. ഈ വലിയ ഉത്തരവാദിത്തത്തെ വിസ്മരിച്ചുകൊണ്ട് ലൈംഗിക അരാജകത്വത്തിന് വേദിയൊരുക്കാൻ സഭാ നിലപാടുകളെ തെറ്റായി അവതരിപ്പിക്കുന്ന പ്രവണത അത്യന്തം ദോഷകരമാണ്.
- KCBC Commission for Social Harmony and Vigilance