Diocese
01/02/2023
മതസ്വാതന്ത്ര്യം ഇന്നത്തെ ഭാരതത്തിൽ
നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ഇന്ത്യയിൽ ഒരു മതരാഷ്ട്ര സ്ഥാപനത്തിന് ചിലർ ലക്ഷ്യമിടുന്നുണ്ടോ എന്ന സംശയം അടിസ്ഥാനമില്ലാത്തതല്ല. അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുത, അന്യമത വിദ്വേഷം, ആൾക്കൂട്ട ആക്രമണങ്ങൾ, വ്യാജ പ്രചരണങ്ങൾ എന്നിവയ്ക്ക് മുന്നിൽ ഭരണകൂടങ്ങളും നിയമപാലകരും നീതിപീഠവും നിഗൂഢമായ നിശബ്ദത പുലർത്തുന്നു. നിർബ്ബന്ധിത മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇപ്പോഴും വാദം തുടരുകയാണ്. ഇന്ത്യയിൽ വ്യാപകമായി നിർബ്ബന്ധിത മതപരിവർത്തനം നടക്കുന്നുണ്ട് എന്നാണ് അശ്വിനി കുമാറിന്റെ വാദം. അതേ ആശയം തന്നെയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും അടങ്ങിയിരുന്നത്.
ഇതേ വാദങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യ മുഴുവൻ ബാധകമായ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത് എന്നാണ് സൂചന. വ്യാപകമായി നിർബ്ബന്ധിത മതപരിവർത്തനം നടക്കുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ അക്രമങ്ങൾ പരമ്പരയാകുന്നതിനൊപ്പം അതേ നിലപാട് സർക്കാരുകളും സ്വീകരിക്കുന്നു എന്നു വരുന്നത് ചില അജണ്ടകളെ വെളിപ്പെടുത്തുന്നുണ്ട്. മുമ്പൊരിക്കലുമില്ലാത്തവിധത്തിൽ മതപരവും വർഗ്ഗീയവുമായ അസ്വസ്ഥതകൾ ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ വരെ വ്യാപകമായിരിക്കുന്നു. അനുബന്ധമായി ഏകപക്ഷീയമായ വാദഗതികൾ കോടതികളിലും ഉയരുന്നത് മതേതര ഇന്ത്യയുടെ ഭാവിയെ അനിശ്ചിതത്വത്തിൽ എത്തിച്ചിരിക്കുകയാണ്.
ഭരണഘടന വെല്ലുവിളിക്കപ്പെടുമ്പോൾ
ഇന്ത്യൻ ഭരണഘടനയുടെ എടുത്തുപറയത്തക്കതായ സവിശേഷതകളാണ് അത് വാഗ്ദാനം ചെയ്യുന്ന മതേതരത്വവും, മനുഷ്യാവകാശവും, മതസ്വാതന്ത്ര്യവും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ൽ ഇപ്രകാരം പറയുന്നു: All persons are equally entitled to freedom of conscience and the right freely to profess, practise and propagate religion. ഇതിൽ ഓരോവ്യക്തിക്കും സ്വന്തം മനഃസാക്ഷിക്ക് അനുസൃതമായി മതവിശ്വാസിയായിരിക്കുന്നതിനും വിശ്വാസവും ആചാരങ്ങളും പരസ്യമായി അനുവർത്തിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമാണ് നൽകിയിട്ടുള്ളത്. ഏതൊരു മതത്തിലും വിശ്വസിക്കാനും അതിൽ തുടരാനും ഓരോ പൗരനും അവകാശമുള്ളതുപോലെ മറ്റുള്ളവരുടെ ആ അവകാശത്തെ മാനിക്കാനുള്ള ബാധ്യതയും ഭരണഘടന പ്രകാരം ഓരോ പൗരനും വിശിഷ്യ ഭരണകൂടങ്ങൾക്കും നീതിന്യായ വ്യവസ്ഥിതിക്കുമുണ്ട്.
എന്നാൽ, കഴിഞ്ഞ ചില വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകൾ ഭരണഘടനാ ലംഘനംകൂടിയായ കുറ്റകൃത്യങ്ങളാണ്. കർണ്ണാടകയിലും, മധ്യപ്രദേശിലും, ഉത്തർപ്രദേശിലും, ഛത്തീസ്ഘട്ടിലും സമീപനാളുകളിൽ മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന അക്രമപ്രവർത്തനങ്ങൾ നാം കണ്ടുകഴിഞ്ഞു. ഇതിനെല്ലാം പിന്നിൽ സംഘടിതമായ വ്യാജ പ്രചരണങ്ങളും ദുരാരോപണങ്ങളും വിദ്വേഷ പ്രചരണങ്ങളുമുണ്ട്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന എണ്ണമറ്റ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ഇത്തരം സംഭവങ്ങളിൽ പങ്കുണ്ട്.
ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഇത്തരം ആശയ പ്രചരണങ്ങളും അനുബന്ധമായ അനിഷ്ടസംഭവങ്ങളും മതേതരഇന്ത്യയുടെ ഭാവിയെ അതീവഗുരുതരമായ വിധത്തിൽ ചോദ്യംചെയ്യുന്നുണ്ട്. ഓപ്പൺ ഡോർസ് പോലുള്ള അന്തർദേശീയ ഏജൻസികൾ പ്രതിവർഷം പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളിൽ മത പീഡനങ്ങളുടെ കാര്യത്തിൽ ചില വർഷങ്ങളായി ഇന്ത്യ ആദ്യ പട്ടികയിൽ തന്നെയുണ്ട്. മതവിശ്വാസവും വർഗീയതയും അനുബന്ധ വിഷയങ്ങളും ഓരോ വർഷവും ഇന്ത്യയിൽ നൂറുകണക്കിന് അക്രമസംഭവങ്ങൾക്ക് കാരണമാകുന്നു എന്നുള്ളത് ലോകരാജ്യക്കൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ പ്രതിദിനം തകർത്തുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യം തന്നെയാണ്. ഇത്തരം സംഭവങ്ങൾക്ക് പിന്നിലെ ഭരണഘടനാ വിരുദ്ധതയാണ് നമുക്കിടയിൽ തുറന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒരു പ്രധാന ആശയം.
പുതിയ നിയമനിർമ്മാണങ്ങളും പാർശ്വഫലങ്ങളും
നിലവിൽ ഒമ്പതോളം സംസ്ഥാനങ്ങൾ നിർബ്ബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ പ്രസ്തുത നിയമങ്ങളുടെ ദുരുപയോഗം വ്യാപകമായി പ്രകടമാണ്. വാസ്തവത്തിൽ ഇന്ത്യയിൽ നിർബ്ബന്ധിത മത പരിവർത്തനം നടക്കുന്നുണ്ടെങ്കിൽ അത് തടയപ്പെടേണ്ടതുണ്ട്. എന്നാൽ, ഇത്തരമൊരു നിയമത്തിന്റെ മറവിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുവാനും ഈ നിയമത്തിന്റെ വകുപ്പുകൾ ദുരുപയോഗിച്ച് നിരപാധികളെ ജയിലിൽ അടയ്ക്കുവാനും സംഘടിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ചില ആൾക്കൂട്ട അക്രമങ്ങൾക്ക് സംരക്ഷണമായും ഇത്തരം നിയമങ്ങൾ മാറിയിട്ടുണ്ട്. 2021 മാർച്ച് മാസം ഡൽഹിയിൽ നിന്നും ഒഡീഷയിലേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഏതാനും കത്തോലിക്കാ യുവസന്യാസിനിമാർ ആക്രമിക്കപ്പെടുകയും ഝാൻസി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ നിർബ്ബന്ധിതരാവുകയും ചെയ്ത സംഭവം അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. നിർബ്ബന്ധിത മതപരിവർത്തനം എന്ന ആരോപണം ഉയർത്തി ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമ പ്രകാരം കേസിൽ അകപ്പെടുത്താനാണ് അന്ന് അക്രമികൾ ശ്രമിച്ചത്.
ദീർഘദൂര ട്രെയിൻ യാത്രയ്ക്കിടെ ഉത്തർപ്രദേശ് സംസ്ഥാനത്തുകൂടി കടന്നുപോയി എന്ന ഒറ്റക്കാരണംകൊണ്ടു മാത്രം അവർക്കെതിരെ വ്യാജആരോപണം ഉന്നയിച്ച് അവരെ ജയിലിൽ അടയ്ക്കാൻ ശ്രമിച്ചു എന്നുള്ളത് വളരെ ഗൗരവമുള്ള കാര്യമാണ്. ഇത്തരത്തിൽ അത്യന്തം ശത്രുതാപരമായി ഇതര മതസ്ഥരെ വീക്ഷിക്കുന്ന പ്രവണത ചില സംസ്ഥാനങ്ങളിൽ വളർന്നുവരുന്നുണ്ട്. മതമൗലികവാദത്തിന്റെ രൂക്ഷമായ വ്യാപനവും അതിനായുള്ള പ്രവർത്തനങ്ങളും പലയിടങ്ങളിലും ദൃശ്യമാണ്. തീവ്ര വർഗ്ഗീയ സംഘടനകളും, അവർ പിന്താങ്ങുന്ന രാഷ്ട്രീയ പാർട്ടികളും ഇത്തരം ആരോപണങ്ങളെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഇതരമതസ്ഥർക്കെതിരെ നിയമനിർമ്മാണങ്ങൾക്ക് തയ്യാറാകുമ്പോൾ അതിനെ സദുദ്ദേശ്യപരം എന്ന് വിലയിരുത്താനാവില്ല.
അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജ്ജിയെ തുടർന്നുള്ള വാദങ്ങളിൽ മതപരിവർത്തനം സംബന്ധിച്ച് അവാസ്തവങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളുമാണ് പലപ്പോഴും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഭക്ഷ്യധാന്യങ്ങൾ കൊടുത്തും മാജിക്കുകൾ കാണിച്ചും ആദിവാസികളെയും ഗോത്രവംശജരെയും കബളിപ്പിക്കുന്നുവെന്ന് വാദിഭാഗം കോടതിയെ ധരിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. സമാനമായ വാദഗതികൾ കേന്ദ്ര സർക്കാരും കോടതിക്ക് മുന്നിൽ ഉന്നയിക്കുന്നതിനെ കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഈ ആരോപണത്തെ ആവർത്തിച്ചുറപ്പിച്ച് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ വർദ്ധിപ്പിക്കാനും ശത്രുതാമനോഭാവം വളർത്താനുമുള്ള ചില ഗൂഢ ശ്രമങ്ങൾ ഉണ്ടോ എന്ന് സംശയിക്കാവുന്നതാണ്.
നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം
സംഘടിതമായ വ്യാജ പ്രചരണങ്ങൾക്കും തുടർന്നുള്ള ആൾക്കൂട്ട അക്രമങ്ങൾക്കും പിന്നിൽ പലപ്പോഴും നിർബന്ധിത മത പരിവർത്തനം എന്ന ആരോപണമാണ് ഉള്ളത്. മത പരിവർത്തനം നടക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടോ എന്നുള്ളത് അന്വേഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും തിരിച്ചറിയുക വളരെ എളുപ്പമാണ് എന്നിരിക്കെ, അത്തരത്തിലുള്ള അന്വേഷണങ്ങൾക്കൊന്നും മുതിരാതെ ഏകപക്ഷീയമായ നിലപാടുകളുടെ വെളിച്ചത്തിൽ അക്രമങ്ങൾ അഴിച്ചുവിടുക മാത്രമാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ ചെയ്തുവരുന്നത്. "വ്യാപകമായ മതപരിവർത്തനം" അത്തരം സംഘടനകളുടെ പതിറ്റാണ്ടുകളായുള്ള ആരോപണമാണ്. അപ്രകാരം സംഭവിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമായും ഈ ആരോപണം ഉന്നയിക്കപ്പെടുന്ന ക്രൈസ്തവ സമുദായത്തിന്റെ അംഗസംഖ്യ ആനുപാതികമായി വർദ്ധിക്കാത്തത് എന്നുള്ളത് പ്രസക്തമായ ചോദ്യമാണ്. ഓരോ പത്തുവർഷം കഴിയുമ്പോഴും നടത്തി വരുന്ന ഇന്ത്യ സർക്കാരിന്റെ സെൻസസ് കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ക്രൈസ്തവരുടെ ശതമാനം കുറയുകയാണ്. ഒടുവിലെ വിവരങ്ങൾ അനുസരിച്ച് 2.3% ആണ് ഇന്ത്യയിലെ ക്രൈസ്തവരുടെ ആകെ ജനസംഖ്യ.
അതേസമയം, പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുള്ള വ്യക്തികളെയും കുടുംബങ്ങളെയും തെരഞ്ഞുപിടിച്ച് "ഘർ വാപ്പസി" എന്നപേരിൽ നിർബന്ധിത മതപരിവർത്തനം നടത്തുകയും, അതിന് തയ്യാറാകാത്തവരെ ക്രൂരമായി മർദ്ദിക്കുകയും നാടുകടത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ന്റെ നഗ്നമായ ലംഘനമാണ് ഇത്. അതേസമയം ഒരിക്കലും തന്നെ ഭരണകൂടങ്ങൾ ഇത്തരം നീക്കങ്ങളെ എതിർക്കുകയോ ശരിയായ വിധത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരികയോ ചെയ്തിട്ടില്ല എന്നുള്ളത് ഗൗരവതരമായ വസ്തുതയാണ്. സ്വതന്ത്രമായ മനസോടെ ഒരു മതവിശ്വാസം സ്വീകരിക്കാനും അനുവർത്തിക്കാനും കഴിയാത്ത മറ്റു ചില രാജ്യങ്ങളിലെ സാഹചര്യങ്ങൾക്ക് സമാനമാണ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഇന്നുള്ളത്. വ്യക്തമായ ബോധ്യത്തോടെയാണ് ഒരു മതവിശ്വാസത്തിൽ തുടരുന്നതെന്ന ഉറപ്പ് ഒരു വ്യക്തി നൽകുന്നത് അസ്വീകാര്യമാവുകയും, ഒപ്പം അയാൾ മുഖ്യധാരാ സമൂഹത്തിന് അനഭിമതൻ ആവുകയും ചെയ്യുന്നു എന്നുള്ളത് പരിതാപകരമാണ്.
സർക്കാർ നൽകുന്ന പരിഗണകൾക്കും ആനുകൂല്യങ്ങൾക്കും മതം മാനദണ്ഡമായി മാറുന്ന സാഹചര്യം വിവിധ സംസ്ഥാനങ്ങളിൽ ഇന്നുണ്ട്. പ്രാദേശികമായി പലവിധ ദുഷ്പ്രചരണങ്ങളിലൂടെ ഭൂരിപക്ഷ ജനതയെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരാക്കി മാറ്റാനുള്ള ശ്രമങ്ങൾ പലയിടങ്ങളിലും സജീവമായുണ്ട്. വർഗ്ഗീയ വിദ്വേഷം വളർത്താൻ ഗോവധം പോലുള്ള ആരോപണങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉത്തർപ്രദേശിൽ സമാനമായ ആരോപണത്തെ തുടർന്ന് സീഷാൻ ഹൈദർ എന്ന കർഷകൻ 2022 സെപ്റ്റംബറിൽ കൊല്ലപ്പെടുകയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ മാസങ്ങൾ നീണ്ട നിയമ യുദ്ധത്തിന് ശേഷം ആ കേസിൽ കുറ്റവാളികളായ 12 പോലീസുകാർ ഈ അടുത്ത നാളുകളിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.
പതിറ്റാണ്ടുകളായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നതും പാവപ്പെട്ടവർക്കും നിരാലംബർക്കും ആശ്രയമായി നിലകൊള്ളുന്നതുമായ വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയവയ്‌ക്കെതിരായ നീക്കങ്ങളും, നിസ്വാർത്ഥമായി പാവപ്പെട്ടവർക്കുവേണ്ടി സേവനം ചെയ്യുന്നവർക്കെതിരായി വർദ്ധിച്ചു വരുന്ന ആക്രമണങ്ങളും എല്ലായിടത്തേക്കും വ്യാപിക്കുന്നത് അപകടകരമായ വർഗീയതയെ വെളിപ്പെടുത്തുന്നുണ്ട്. രാജ്യത്തിന് നല്കുന്ന സംഭാവനകളും രാഷ്ട്ര നിർമ്മാണത്തിലുള്ള അവരുടെ പങ്കും അവഗണിച്ച് രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന നേതാക്കന്മാരും, നയങ്ങളും, അതിതീവ്ര മതവാദവും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.
മതങ്ങളിലെ മാനവികതയെ ദർശിക്കാനും, നന്മ തിരിച്ചറിഞ്ഞ് മനുഷ്യരായി കണ്ട് ചേർത്ത് നിർത്താനുമാണ് എല്ലാ സമൂഹങ്ങളും പരിശ്രമിക്കേണ്ടത്. വർഗ്ഗീയതയും മൗലികവാദവും ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും അസമാധാനത്തിലേക്കും ആസ്വസ്ഥതകളിലേക്കുമാണ് രാജ്യത്തെ കൊണ്ടെത്തിക്കുന്നത്. ദുർബല സമൂഹങ്ങളെ ഇല്ലാതാക്കാൻ സംഘടിതമായ ശ്രമങ്ങൾക്കൊണ്ട് സാധിച്ചേക്കും. എന്നാൽ, ഇന്ത്യയുടെ മഹത്തായ രാഷ്ട്ര ദർശനമായ "നാനാത്വത്തിൽ ഏകത്വം" എന്ന ആശയത്തെ കൈവിട്ടുകൊണ്ട് മതാധിഷ്ഠിത രാഷ്ട്ര സങ്കൽപ്പത്തിലേക്കാണ് രാഷ്ട്രം നീങ്ങുന്നതെങ്കിൽ ഇത് അസമാധാനത്തിന്റെയും കലാപങ്ങളുടെയും ഈറ്റില്ലമായി മാറും. അത്തരമൊരു ദുരവസ്ഥയിലേയ്ക്ക് രാജ്യം നിപതിക്കാതിരിക്കാൻ ഭരണകർത്താക്കളും പൗരന്മാരും കൂടുതൽ ജാഗ്രതയും കരുതലും പുലർത്തേണ്ടിയിരിക്കുന്നു.
ഫാ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രതാ കമ്മീഷൻ