We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar07/05/2026
വാന്‍കൂവര്‍/കാനഡ: ഇടുപ്പെല്ലിന് ഒടിവ് പറ്റി ചികിത്സയിലായിരുന്ന 79-കാരനായ കത്തോലിക്കാ വൈദികന്‍ തന്നെ ‘ആശ്വസിപ്പി’ക്കാനെത്തിയ ഡോക്ടറിന്റെ വാക്കുകള്‍ കേട്ട് ഞെട്ടി. കാനഡയില്‍ ദയാവധത്തിന് നല്‍കിയിരിക്കുന്ന ഓമനപ്പേരായ ‘മെയ്ഡ്’ (മെഡിക്കല്‍ ഏയ്ഡ് ഇന്‍ ഡയിംഗ്) ഉപയോഗിച്ച് മരിക്കാനുള്ള ‘ഓപ്ഷന്‍’ ലഭ്യമാണ് എന്നാണ് ആ ഡോക്ടര്‍ വൈദികനോട് പറഞ്ഞത്. ദയാവധത്തെ ധാര്‍മികമായി എതിര്‍ക്കുന്ന കത്തോലിക്ക പുരോഹിതന്, ഡോക്ടര്‍ നല്‍കിയ ഈ ഓപ്ഷന്‍ കാനഡയിലെ ആരോഗ്യമേഖലയിലെ അപചയത്തിന്റെ വലിയൊരു ഓര്‍മപ്പെടുത്തലായി മാറിയിരിക്കുകയാണ്.
വാന്‍കൂവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാ. ലാറി ഹോളണ്ടിനോടാണ്, അദ്ദേഹം ഒരു വൈദികനാണെന്നും സഭയുടെ നിയമം ദയാവധത്തിന് എതിരാണെന്നും അറിഞ്ഞുകൊണ്ട്, ഡോക്ടറും പിന്നീട് മറ്റൊരു നഴ്‌സും ദയാവധത്തിനുള്ള ഓപ്ഷന്‍ മുന്നോട്ടുവെച്ചത്. ഡോക്ടറുടെ നിര്‍ദേശം തന്നെ ഞെട്ടിച്ചുകളഞ്ഞതായും കുറച്ചു നേരത്തേക്ക് തനിക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ലെന്നും ഫാ. ലാറി പറഞ്ഞു.
ഇതുവരെ ഒരുലക്ഷത്തോളം പേരുടെ ജീവനപരഹിച്ച കാനഡയിലെ മെയ്ഡ്( മെഡിക്കല്‍ ഏയ്ഡ് ഇന്‍ ഡയിംഗ്) നിയമം മാനുഷികതയുടെ എല്ലാ പരിധികളും ലംഘിക്കുന്നതാണെന്ന് ലോകത്തെ ഓര്‍മിപ്പിക്കാന്‍ ഫാ. ലാറിയുടെ ഈ ദുരനുഭവം നിമിത്തമായിരിക്കുകയാണ്. വേദന കഠിനമാകുമ്പോള്‍ മരണം തിരഞ്ഞെടുക്കുന്നത് എളുപ്പമാണെന്ന രീതിയിലുള്ള സംഭാഷണങ്ങളാണ് നടന്നത്. ‘ചില കാര്യങ്ങള്‍ ചില ആളുകളോട് സംസാരിക്കാന്‍ പാടില്ലാത്തതാണ്,’ ഫാ. ലാറി പറഞ്ഞു. തന്റെ വേദന കണ്ട് സഹതാപം തോന്നിയാകാം നഴ്‌സ് ഇത് നിര്‍ദേശിച്ചതെങ്കിലും, അത് ‘തെറ്റായ സഹതാപം’ ആണെന്നും ഫാ. ലാറി പ്രതികരിച്ചു.
മാരകമായ രോഗങ്ങളില്ലാത്തവര്‍ക്ക് പോലും വേദനയില്‍ നിന്ന് രക്ഷപെടാനുള്ള എളുപ്പവഴിയായി ദയാവധത്തിന് അനുമതി നല്‍കുന്ന സംഭവങ്ങള്‍ കാനഡയില്‍ വര്‍ധിച്ചുവരികയാണ്. ജീവന്‍ അതിന്റെ സ്വഭാവികമായ ആരംഭനിമിഷം മുതല്‍ അവസാനനിമിഷം വരെ പവിത്രമാണെന്നും അത് നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള കത്തോലിക്ക സഭയുടെ നിലപാടിന് വിരുദ്ധമാണിത്. വേദനക്ക് രക്ഷാകരമായ ഒരു തലമുണ്ടെന്ന് പലപ്പോഴും രോഗികള്‍ തിരിച്ചറിയാറില്ലെന്ന് വാന്‍കൂവര്‍ ആശുപത്രിയിലെ ചാപ്ലെയിനായ ഫാ. റൊണാള്‍ഡ് സീക്വേരിയ പ്രതികരിച്ചു.
‘വേദനയിലൂടെയും നമുക്ക് വളരാന്‍ സാധിക്കും. അത് പുതിയ അവസരങ്ങള്‍ തുറന്നുതരും. ഞാന്‍ ഈ സാഹചര്യം അതിജീവിച്ചു, നിങ്ങള്‍ക്കും അതിന് സാധിക്കും.’ – ഫാ. ലാറി ഹോളണ്ടിന്റ ഈ വാക്കുകള്‍ വേദയുടെ നടുവിലൂടെ കടന്നുപോകുമ്പോള്‍ ദയാവധം തിരഞ്ഞെടുക്കുവാനുണ്ടാകുന്ന പ്രലോഭനത്തെ അതിജീവിക്കുവാന്‍ അനേകര്‍ക്ക് ശക്തി പകരട്ടെ.