ഒസ്ലൊ/നോര്‍വെ: നോര്‍വേയിലെ പ്രശസ്ത സാഹിത്യകാരിയും നോബല്‍ സമ്മാന ജേതാവുമായ സിഗ്രിഡ് ഉണ്‍സെറ്റിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുന്നു. ഒസ്ലോ ബിഷപ് ഫ്രെഡ്രിക് ഹാന്‍സെന്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്. 1882-ല്‍ ഡെന്മാര്‍ക്കില്‍ ജനിച്ച സിഗ്രിഡ്, നിരീശ്വരവാദികളായ മാതാപിതാക്കളുടെ കീഴിലാണ് നോര്‍വേയില്‍ വളര്‍ന്നത്. വിപ്ലവകരമായ നിലപാടുകള്‍ പുലര്‍ത്തിയ സിഗ്രിഡ് വ്യക്തിജീവിതത്തിലെ ഒട്ടേറെ തകര്‍ച്ചകള്‍ക്ക് ഒടുവില്‍ 42-ാം വയസ്സിലാണ് മാനസാന്തരപ്പെട്ട് കത്തോലിക്കാ സഭയില്‍ ചേരുന്നത്. ലൂഥറന്‍ വിശ്വാസികള്‍ ഭൂരിപക്ഷമുള്ള നോര്‍വേയില്‍, സിഗ്രിഡിന്റെ കത്തോലിക്കാ സഭയിലേക്കുള്ള കടന്നുവരവ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
എന്നാല്‍ സിഗ്രിഡ് ഉണ്‍സെനറ്റ് വിമര്‍ശനങ്ങളെ ഭയപ്പെടാതെ കത്തോലിക്കാ വിശ്വാസത്തെ പൊതുവേദികളില്‍ ധീരമായി സാക്ഷ്യപ്പെടുത്തി. പിന്നീട് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ അംഗമായ സിഗ്രിഡിന് 1928-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. മധ്യകാല സ്‌കാന്‍ഡിനേവിയന്‍ പശ്ചാത്തലത്തില്‍ പാപം, കൃപ, കത്തോലിക്കാ ആത്മീയത, പശ്ചാത്താപം എന്നിവ പ്രമേയമാക്കി അവര്‍ രചിച്ച ‘ക്രിസ്റ്റിന്‍ ലാവ്രാന്‍സ്ദാത്തര്‍’ എന്ന വിഖ്യാത നോവല്‍ ത്രയത്തിനാണ് നോബല്‍ പുരസ്‌കാരം ലഭിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറെയും നാസിസത്തെയും ശക്തമായി എതിര്‍ത്ത സിഗ്രിഡിന് നോര്‍വേയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് അമേരിക്കയില്‍ അഭയം പ്രാപിച്ച സിഗ്രിഡ് ഫാസിസത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തി.
പാപത്തില്‍ നിന്നും ബലഹീനതകളില്‍ നിന്നും ദൈവകൃപയാല്‍ മോചിതയായി വിശുദ്ധ ജീവിതത്തിലേക്ക് കടന്നുവന്ന സിഗ്രീഡിന്റെ ജീവിതം നോര്‍വെയിലെ ന്യൂനപക്ഷമായ കത്തോലിക്ക സമൂഹത്തിന് വലിയ പ്രചോദനം നല്‍കുന്നു.




Corehub Solutions Pvt. Ltd