x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

11/08/2023

അറുപത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനം: മണിപ്പൂരിൻ്റെ കണ്ണീരൊപ്പാന്‍ കാരുണ്യ സ്പര്‍ശവുമായി ചങ്ങനാശേരി അതിരൂപത

കോട്ടയം: കലാപ ഭൂമിയായ മണിപ്പുരിലെ പ്രതിസന്ധിയില്‍ പഠനം മുടങ്ങിയ 60 വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠന സൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ വിവിധ കോഴ്‌സുകളിലാണ് മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘത്തിന് പഠന ക്രമീകരണം ഒരുക്കുന്നത്.

വിവിധ എന്‍ജിനിയറിംഗ് ട്രേഡുകളിലും ബികോം, ബിഎ ഇംഗ്ലീഷ്, ഹോട്ടല്‍ മാനേജ്‌മെന്‍റ് തുടങ്ങിയ ആര്‍ട്‌സ് വിഷയങ്ങളിലുമാണ് വിദ്യാര്‍ഥികള്‍ പഠനത്തിനായി ചേര്‍ന്നിരിക്കുന്നത്. മണിപ്പുരിൻ്റെ വിവിധ മേഖലകളില്‍ നിന്നുള്ള കുട്ടികളുടെ അപേക്ഷകള്‍ സ്വീകരിച്ച് പരീക്ഷയുടേയും മെറിറ്റിൻ്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചത്. തികച്ചും സൗജന്യമായാണ് അതിരൂപത പഠനസൗകര്യം ഒരുക്കിയിരിക്കുന്നത്.

കലാപം തച്ചുടച്ച സൈര്യജീവിതവും കഷ്ടതയിലും ദുരിതത്തിലും മനസും ശരീരവും തളര്‍ന്ന മണിപ്പൂര്‍ ജനതയ്ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിൻ്റെ നിര്‍ദേശപ്രകാരം അതിരൂപത പദ്ധതിക്ക് തുടക്കമിട്ടത്. മണിപ്പുരില്‍ നിന്നുള്ള കുട്ടികളുടെ പഠനച്ചെലവ് കണ്ടെത്താന്‍ സുമനസുകളുടെ സഹായം അഭ്യര്‍ഥിച്ച് ചങ്ങനാശേരി സഹായമെത്രാനും കുറ്റിച്ചല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പ്രസിഡന്റുമായ മാര്‍ തോമസ് തറയില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ കത്ത് നല്‍കിയിട്ടുണ്ട്.

ഈ പദ്ധതിക്ക് തുക കണ്ടെത്തി നല്‍കാന്‍ മുന്‍കൈ എടുക്കണമെന്നു കാണിച്ച് അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസും അംഗങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാസം 20ന് തന്നെ ക്ലാസുകള്‍ ആരംഭിക്കും. ഇതിനകം ഇരുപത് വിദ്യാര്‍ഥികള്‍ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള നാല്‍പത് വിദ്യാര്‍ഥി ഈ ആഴ്ച തന്നെ എത്തിച്ചേരും. കോളജിന്റെ രണ്ട് ഹോസ്റ്റലുകളിലായി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ബിജോയി അറയ്ക്കല്‍ വ്യക്തമാക്കി.

ക്യാമ്പുകളില്‍ നിന്നാണ് പല കുട്ടികളും വന്നത്. അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസികപിന്തുണ നല്‍കുന്നതിനായി കൗണ്‍സിലിങും മറ്റും ഒരുക്കിയിട്ടുണ്ടെന്നും പഠനത്തിന് ആവശ്യമായ സഹായങ്ങളും തേടുന്നതായി ഫാ. ബിജോയി അറയ്ക്കല്‍ വ്യക്തമാക്കി.

Related Updates


east