We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
09/11/2023
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍റെ 2023ലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രഫ.എം തോമസ് മാത്യു, റവ.ഡോ. തോമസ് മൂലയിൽ, ഷീല ടോമി, പൗളി വത്സൻ, അഭിജിത് ജോസഫ്, ജോർജ് കണക്കശേരി, പ്രഫ. കെ. വി. തോമസ് കൈമലയിൽ എന്നിവരാണ് അവാർഡിന് അർഹരായത്. കെസിബിസി മീഡിയ സംസ്കൃതി പുരസ്കാരമാണു ചിന്തകനും എഴുത്തുകാരനുമായ പ്രഫ. എം. തോമസ് മാത്യുവിനു നൽകുന്നത്. നിരൂപകൻ, വാഗ്മി, അധ്യാപകൻ എന്നീ നിലകളിലും അര നൂറ്റാണ്ടിലധികമായി മലയാള ഭാഷയെ നവീകരിക്കുകയും സമ്പന്നമാക്കുകയും ചെയ്ത തോമസ് മാത്യു, അനന്യമായ ദാർശനിക ഗരിമയുള്ള കാവ്യഭാഷ കൊണ്ടു മലയാളത്തെ ഉദാത്തമായ തലങ്ങളിലേക്ക് ഉയർത്തിയെന്നു ജൂറി വിലയിരുത്തി.
മലയാള ലിപി പാഠ്യപദ്ധതിയിൽ തിരികെ എത്തിക്കുന്നതുൾപ്പെടെ, ഭാഷയ്ക്കു നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണു റവ. ഡോ. തോമസ് മൂലയിലിന് കെസിബിസി മീഡിയ ദാർശനിക- വൈജ്ഞാനിക പുരസ്കാരം നൽകുന്നത്.
കോളജ് പ്രിൻസിപ്പലും സജീവ സാമൂഹ്യ, സാംസ്കാരിക, സഭാ പ്രവർത്തകനുമായ പ്രഫ. തോമസ് കൈമലയിൽ, അരനൂറ്റാണ്ടോളമായായുള്ള അരങ്ങിലെ മികവിന് സംസ്ഥാന, സംഗീത നാടക അക്കാദമി അവാർഡുകൾ നേടിയ ജോർജ് കണക്കശേരി എന്നിവരെ കെസിബിസി ഗുരുപൂജ പുരസ്‌കാരം നൽകി ആദരിക്കും.
'വല്ലി' എന്ന നോവലിലൂടെ സാഹിത്യ ലോകത്ത് മികവടയാളമെഴുതിയ ഷീല ടോമിയ്ക്കാണു കെസിബിസി സാഹിത്യ അവാർഡ്. നാടക, സിനിമാ മേഖലകളിൽ അഭിനയമികവിന്‍റെ മുദ്രപതിപ്പിച്ചു സംസ്ഥാന, ദേശീയ അവാർഡുകൾ നേടിയ നടി പൗളി വത്സനു കെസിബിസി മീഡിയ അവാർഡ് നൽകും. സംവിധാന രംഗത്ത് ആദ്യ സിനിമയിലൂടെതന്നെ (ജോൺ ലൂഥർ ) ശ്രദ്ധിക്കപ്പെട്ട അഭിജിത്ത് ജോസഫിനു കെസിബിസി മീഡിയ യുവ പ്രതിഭ പുരസ്‌കാരമാണു നൽകുക.
കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണു അവാർഡുകൾ പ്രഖ്യാപിച്ചത്. ഡിസംബർ ആറിനു പാലാരിവട്ടം പിഒസിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്നു കമ്മീഷൻ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.