We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar17/07/2026
ഫിഫ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശത്തിലാണ് കായികലോകം. ലയണല്‍ മെസിയും എന്‍സോ ഫെര്‍ണാണ്ടസും അടങ്ങുന്ന അര്‍ജന്റീനയുടെ നിരയുടെ ലുഹാന്‍ മാതാവിനോടുള്ള ഭക്തിയും ദൈവവിശ്വാസവും ഏറെ പ്രസിദ്ധമാണെങ്കില്‍ മറുവശത്ത് കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്ന സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
നിര്‍ണായകമായ ഈ കലാശപ്പോരാട്ടത്തിന് തൊട്ടുമുന്‍പ് ഡി ലാ ഫ്യൂന്റെ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ഒരേസമയം കൗതുകകരവും ചിന്തോദ്ദീപകവുമാണ്. താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും, എന്നാല്‍ ഒരിക്കലും ലോകകപ്പ് വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്!. ‘ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്. അതിനര്‍ത്ഥം ലോകകപ്പ് ഉള്ളതുകൊണ്ടോ ഒരു കളി ജയിക്കാന്‍ വേണ്ടിയോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നല്ല. ഓരോ ദിവസവും ഉണരുമ്പോള്‍ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ജീവിച്ചിരിക്കുന്ന ഓരോ ചെറിയ കാര്യത്തിനും ഞാന്‍ നന്ദി പറയുന്നു,’ ഫ്യൂന്റെ പങ്കുവച്ചു. ജയിക്കാനായി പ്രാര്‍ത്ഥിക്കുന്നത് എതിര്‍ ടീമിനോട് ചെയ്യുന്ന അനീതിയാണെന്നാണ് ഫ്യൂന്റെയുടെ പക്ഷം.
വിശ്വാസമാണ് തന്നെ രൂപപ്പെടുത്തിയതെന്ന് മറ്റൊരു അഭിമുഖത്തില്‍ ഫ്യൂന്റെ പറഞ്ഞു. ‘എന്റെ കത്തോലിക്കാ വിശ്വാസം എനിക്ക് വലിയ ശക്തിയും ആത്മവിശ്വാസവുമാണ് നല്‍കുന്നത്. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അതിന് കാരണം എന്റെ വിശ്വാസമാണ്.’ തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചതിന് തെരുവില്‍ ജനങ്ങള്‍ വന്ന് നന്ദി പറയുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡി ലാ ഫ്യൂന്റെ പറയുന്നു.
അടിയുറിച്ച വിശ്വാസബോധ്യങ്ങളുള്ള രണ്ട് ടീമുകള്‍ അണിനിരക്കുന്ന ഈ ലോകകപ്പ് ഫൈനല്‍ കളിക്കളത്തിലെ ആവേശത്തിന് പുറത്ത്, ദൈവവിശ്വാസത്തിനുള്ള പ്രാധാന്യത്തിന്റെ പ്രഖ്യാപനവേദി കൂടെയായി മാറുകയാണ്. തങ്ങളുടെ രണ്ടാമത്തെ തുടര്‍ച്ചയായ കിരീടം നിലനിര്‍ത്താന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍, 2010-ന് ശേഷമുള്ള ആദ്യ കിരീടമാണ് സ്‌പെയിന്‍ ലക്ഷ്യമിടുന്നത്. കളി ആസ്വദിക്കുന്നതിനൊപ്പം മനുഷ്യഹൃദയങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മനോഹരമായ ഒരു വേദികൂടെയായി മാറുകയാണ് ഈ ലോകകപ്പ് ഫൈനല്‍.