ചെറുപുഷ്പമിഷന്‍ലീഗിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായ കരിമാക്കില്‍ സാര്‍ എന്ന് വിളിക്കുന്ന സെബാസ്റ്റ്യന്‍ കരിമാക്കില്‍ (76) നിര്യാതനായി. മിഷന്‍ ലീഗ് സ്ഥാപകനായ പി. സി. അബ്രഹാം പല്ലാട്ടുകുന്നേല്‍ എന്ന കുഞ്ഞേട്ടനൊപ്പം മലബാറിലെ രൂപതകളില്‍ ചെറുപുഷ്പമിഷന്‍ ലീഗിനെ വളര്‍ത്തുന്നതിനായി അത്യധ്വാനം ചെയ്ത കരിമാക്കില്‍ സാര്‍ കേരളത്തിലെ മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്.
നാട്ടുകാര്‍ സ്‌നേഹത്തോടെ കുഞ്ഞൂഞ്ഞ് എന്ന് വിളിച്ചിരുന്ന തീക്ഷ്ണമതിയായ ഈ പ്രേഷിതന്‍, അവിഭക്ത തലശ്ശേരി രൂപതയിലെ വിവിധ ഇടവകകളില്‍ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി കുഞ്ഞേട്ടനോടൊപ്പം യാത്ര ചെയ്തു. മിഷന്‍ ലീഗിന്റെ തലശ്ശേരി രൂപതയിലെ മിഷന്‍ ലീഗിന്റെ ജനറല്‍ ഓര്‍ഗനൈസര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1986-ല്‍ താമരശ്ശേരി രൂപത നിലവില്‍ വന്നപ്പോള്‍ രൂപതയുടെ പ്രഥമ പ്രസിഡന്റായി. 1987 മുതല്‍ 1993 വരെ കേരള സംസ്ഥാനത്തിന്റെ മലബാര്‍ റീജിയണല്‍ ഓര്‍ഗനൈസറായും 1993 മുതല്‍ 1999 വരെ ദേശീയ സമിതി അംഗവുമായി പ്രവര്‍ത്തിച്ച കരിമാക്കില്‍ സാര്‍ 1999 -2002 കാലയളവില്‍ കേരള സംസ്ഥാന ജനറല്‍ ഓര്‍ഗനൈസറായും 2002 – 2005 സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2009 വരെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറായ അദ്ദേഹം 2009-ല്‍ പ്രഥമ അന്തര്‍ദേശീയ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ ജനറല്‍ ഓര്‍ഗനൈസറായി 2015 വരെ പ്രവര്‍ത്തിച്ചു. 2015 മുതല്‍ 2023 വരെ അന്തര്‍ദേശീയ അഡ്‌ഹോക്ക് കമ്മറ്റിയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയിരുന്നു.
അഭിവന്ദ്യ മങ്കുഴിക്കരി പിതാവ് താമരശേരി രൂപതയുടെ പ്രഥമ മെത്രാനായി സ്ഥാനമേറ്റെടുത്തപ്പോള്‍ പിതാവിന് ഏറെ പരിചിതമായ സി.എല്‍.സി താമരശ്ശേരിയില്‍ രൂപതയിലും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യത്തില്‍ ആരംഭിച്ച താമരശ്ശേരിയില്‍ രൂപതയില്‍ കരിമാക്കില്‍ സാറും ടീമും ചേര്‍ന്ന് മിഷന്‍ ലീഗിന് ശക്തമായ അടിത്തറ സ്ഥാപിച്ചു. കാര്യമായ യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്നപ്പോഴും, കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ കാവിലുംപാറയിലെ ചാപ്പന്‍തോട്ടം ഇടവകയില്‍ നിന്ന്, മലബാറിന്റെ വിവിധ ഇടവകകളില്‍ മിഷന്‍ലീഗിനുവേണ്ടി അദ്ദേഹം ഓടിയെത്തി.
ലളിതജീവിതത്തിനുടമയായ കരിമാക്കില്‍ സാറിനെ ചെറുപുഞ്ചിരിയയോടെയല്ലാതെ സംസാരിക്കുന്നതായി ആരും കാണാനിടയായിട്ടുണ്ടാവില്ല. കരിമാക്കില്‍ സാറിന് മിഷന്‍ ലീഗല്ലാതെ വേറൊരു ജീവിതം ചിന്തിക്കാനാകുമായിരുന്നില്ല. കത്തോലിക്കാസഭയിലെ അഭിവന്ദ്യ പിതാക്കന്മാരുമായും രാഷ്ട്രീയ പ്രവര്‍ത്തകരുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു, പക്ഷേ അതൊന്നും അദ്ദേഹം ഭൗതികനേട്ടത്തിന് ഉപയോഗിച്ചില്ല.
മിഷന്‍ ലീഗ് സ്ഥാപകനായ കുഞ്ഞേട്ടനുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ദീപിക പത്രം കണ്ണൂരില്‍ നിന്നു തുടങ്ങിയപ്പോള്‍ കുറ്റ്യാടി പ്രദേശത്ത് ഏറ്റവും പിന്തുണ നല്കിയിരുന്നതും സെബാസ്റ്റ്യന്‍ സാര്‍ ആയിരുന്നു. പോരായ്മകള്‍ സൗമ്യതയോടെ പുഞ്ചിരിയില്‍ പൊതിഞ്ഞുതന്നെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നതിനുള്ള കഴിവ് അദ്ദേഹത്തെ മികച്ച സംഘാടകനാക്കി. വിട്ടുവീഴ്ചകള്‍ ഇല്ലാത്ത നിലപാടുകള്‍ പുലര്‍ത്തിയപ്പോഴും എവിടെയും സൗമ്യമായ സാന്നിദ്ധ്യമായി. ശാന്തവും വിശുദ്ധവുമായ കര്‍മ വഴികളിലൂടെ അപൂര്‍വമായ മിഷന്‍ ചൈതന്യം പകര്‍ന്നു കടന്നുപോയൊരാള്‍, അതാണ് സെബാസ്റ്റ്യന്‍ കരിമാക്കില്‍.
സ്‌നേഹത്തിന്റെയും, ലാളിത്യത്തിന്റെയും പ്രതീകമായിരുന്ന അദ്ദേഹം മിഷന്‍ ലീഗിന്റെ ആരംഭ ചൈതന്യത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചില്ല. ജപമാലയും ബൈബിള്‍ വായനയും മുടക്കതെ പ്രാര്‍ത്ഥനയില്‍ അടിയുറച്ചുകൊണ്ട് നല്ലൊരു അല്മായ പ്രേഷിതനായി അദ്ദേഹം മിഷന്‍ ലീഗ് സംഘടനയെ നെഞ്ചിലേറ്റി. ലളിത ജീവിതത്തിലൂടെ പ്രേഷിത പ്രവര്‍ത്തനം നടത്തിയ അദ്ദേഹത്തിന്റെ വേര്‍പാട് ചെറുപുഷ്പ മിഷന്‍ ലീഗിനും പ്രത്യേകിച്ച് മലബാര്‍ മേഖലയ്ക്കും സഭയ്‌ക്കൊട്ടാകെയും ഒരു തീരാനഷ്ടമാണ്.
സംസ്‌കാരശുശ്രൂഷ, ഇന്ന് രാവിലെ 11 മണിക്ക് ചാപ്പന്‍ തോട്ടം സെന്റ് ജോസഫ് പള്ളിയില്‍ വച്ച് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ഭാര്യ : വല്‍സ. മക്കള്‍ : സുജിത്, സുബിന, സുബിന്‍, ആല്‍ഫി. മരുമക്കള്‍ : പ്രിയ, റിമ്മി, റിനോ, റോബിന്‍.




Corehub Solutions Pvt. Ltd