We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar08/07/2026
കാക്കനാട്: കല്യാണ്‍ രൂപത മുന്‍ മെത്രാനും ദീര്‍ഘനാള്‍ സീറോമലബാര്‍ സഭയുടെ ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന മാര്‍ തോമസ് ഇലവനാലിന് ‘പൗരസ്ത്യരത്‌നം 2026’ അവാര്‍ഡ്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന സഭാംഗങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഉന്നത പുരസ്‌കാരമാണിത്. തലശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ ആരാധനക്രമ പ്രഫസറുമായിരുന്ന റവ. ഡോ. തോമസ് മണ്ണൂരാംപറമ്പിലാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കമ്മീഷന്‍ എപ്പിസ്‌കോപ്പല്‍ അംഗങ്ങളായ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസഫ് കൊടക്കല്ലില്‍, സീറോമല ബാര്‍ സഭ കൂരിയ ചാന്‍സലര്‍ റവ. ഡോ. എബ്രഹാം കാവില്‍പുരയിടത്തില്‍, ആരാധനക്രമ കമ്മീഷന്‍ സെക്രട്ടറി ഫാ. ജിഫി മേക്കാട്ടുകുളം എന്നിവരട ങ്ങുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
സഭയുടെ തനതായ ആരാധനക്രമ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും, ആരാധനക്രമത്തെ സംബന്ധിച്ച് ദൈവജന ത്തിനിടയില്‍ ആഴമേറിയ അവബോധം വളര്‍ത്തുന്നതിലും മാര്‍ തോമസ് ഇലവനാല്‍ നല്‍കിയ അമൂല്യമായ സംഭാവനകളെ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി പ്രത്യേകം വിലയിരുത്തി.
ഓഗസ്റ്റില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡിന്റെ സമാപന സമ്മേളനത്തില്‍ വെച്ച് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ തോമസ് ഇലവനാലിന് പുരസ്‌കാരം സമ്മാനിക്കും.