We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Progressing
Syro Malabar27/06/2026
റോം: ഇറ്റലിയിലെ ചെറു പട്ടണമായ കാസല്‍ബയിലെ ‘ഔവര്‍ ലേഡി ഓഫ് ഗ്രേസ്’ ഇടവക ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 18-നായിരുന്നു ഇത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. ദൈവാലയത്തിന്റെ കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ഗ്ലാസ്‌കൊണ്ട് നിര്‍മിച്ച രൂപത്തിന്റെ ഇടത് കണ്ണില്‍ നിന്നാണ് ചുവന്ന നിറത്തിലുള്ള കണ്ണീര്‍ തുള്ളി താഴേക്ക് ഒഴുകിയതായി കണ്ടെത്തിയത്. ഈ പ്രതിഭാസത്തെക്കുറിച്ച് അന്വേഷിക്കാനും സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.
ഈ അത്ഭുതം ആദ്യം കണ്ടത് ഒരു ഇടവകാംഗമാണ്. ഉടന്‍ തന്നെ ദേവാലയ വികാരി ഫാ. ജിരോലാമോ കപുവാനോ സ്ഥലത്തെത്തുകയും കറ തുടച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പരാജയപ്പെട്ടു. നിലവില്‍ രൂപം വിദഗ്ധപരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഈ രൂപത്തെ നിരീക്ഷിക്കുന്ന സുരക്ഷാ ക്യാമറകള്‍ ദേവാലത്തിലുണ്ടെന്നും, ഏപ്രില്‍ 1 മുതല്‍ 30 വരെയുള്ള മുഴുവന്‍ ദൃശ്യങ്ങളും താന്‍ വ്യക്തിപരമായി പരിശോധിച്ചതായും ഇടവക വികാരി പറഞ്ഞു.
പകലോ രാത്രിയോ ആരും തന്നെ രൂപത്തിന്റെ അടുത്തു പോവുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല. ഈ കണ്ണീരിന്റെ പാത ഒരു ചിത്രകാരന് പോലും കൃത്യതയോടെ വരച്ചുചേര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും സഭയുടെ ഔദ്യോഗിക പരിശോധന ഫലങ്ങള്‍ക്കായി കാത്തിരിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
രൂപത്തില്‍ നിന്ന് ഒഴുകിയത് യഥാര്‍ത്ഥ രക്തമാണോ (ഹീമോഗ്ലോബിന്‍ അടങ്ങിയിട്ടുണ്ടോ) അതോ മറ്റ് വല്ല പദാര്‍ത്ഥവുമാണോ തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയമായി പരിശോധനയ്ക്ക് വിധേയമാക്കും. ഇത്തരത്തിലുള്ള പ്രകൃത്യാതീതപ്രതിഭാസങ്ങളെ വിലയിരുത്തുന്നതിനായി വത്തിക്കാന്‍ 2024-ല്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗരേഖകള്‍ അനുസരിച്ചായിരിക്കും ഇനി മുന്നോട്ടുള്ള അന്വേഷണം. രൂപതയുടെ ബിഷപ്പായ പീട്രോ ലാഗ്‌നേസ് പ്രാഥമിക അന്വേഷണത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് ബിഷപ് തന്റെ കണ്ടെത്തലുകള്‍ വത്തിക്കാന്റെ ‘ഡിക്കാസ്റ്ററി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ദി ഫെയ്ത്തിന്’ കൈമാറും.