x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

09/06/2026

തോക്കേന്തിയ കൊള്ളക്കാരെ അനുനയിപ്പിച്ച സന്യാസിനി; വിശുദ്ധപദവിക്ക് ഒരു പടി കൂടെ അടുത്ത് സിസ്റ്റര്‍ ബ്ലാന്‍ഡിന

വത്തിക്കാന്‍ സിറ്റി: അമേരിക്കയെ വിറപ്പിച്ച  തോക്കുധാരികളായ കൊള്ളക്കാര്‍ക്കും രോഷാകുലരായ ജനക്കൂട്ടത്തിനും മുന്നില്‍ ദൈവവിശ്വാസം മാത്രം ആയുധമാക്കി നെഞ്ചുവിരിച്ചു നിന്ന ഒരു ധീര സന്യാസിനി ധന്യ പദവിയിലേക്ക്.   അമേരിക്കയുടെ ചരിത്രത്തില്‍ ഇടംപിടിച്ച പ്രസിദ്ധനായ  ‘ബില്ലി ദ കിഡ്’ എന്ന കൊള്ളക്കാരനെപ്പോലും തന്റെ സ്നേഹത്തിന്റെ കരുത്തില്‍ ശാന്തനാക്കിയ സിസ്റ്റര്‍ ബ്ലാന്‍ഡിനയാണ് ഇപ്പോള്‍ കത്തോലിക്കാ സഭയിലെ വിശുദ്ധ പദവിയിലേക്കുള്ള യാത്രയില്‍  നിര്‍ണായകമായ ഒരു പടി കൂടി പൂര്‍ത്തിയാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് മെയ് 28-ന് നടന്ന വോട്ടെടുപ്പില്‍ വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ പാനല്‍ സിസ്റ്റര്‍ ബ്ലാന്‍ഡിനയുടെ അസാധാരണമായ പുണ്യജീവിതത്തെയും ധീരതയെയും (ഹീറോയിക്ക് വിര്‍ച്ച്യൂസ്) ഐകകണ്ഠേന അംഗീകരിച്ചു. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രധാനപ്പെട്ടതുമായ കടമ്പകളിലൊന്നാണിത്. അധികം താമസിക്കാതെ സിസ്റ്റര്‍ ബ്ലാന്‍ഡിനയെ ഔദ്യോഗികമായി ‘ധന്യയായി’ സഭ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1850 ജനുവരി 23-ന് ഇറ്റലിയിലെ സികാഗ്നയില്‍ ജനിച്ച ബ്ലാന്‍ഡിനയുടെ കുടുംബം അവള്‍ക്ക് നാല് വയസുള്ളപ്പോള്‍ അമേരിക്കയിലെ ഒഹായോവിലേക്ക് കുടിയേറി. 1866-ല്‍ സിന്‍സിനാറ്റിയിലെ ‘സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന ബ്ലാന്‍ഡിന, 1872-ല്‍  കൊള്ളസംഘങ്ങള്‍ അരങ്ങുവാണിരുന്ന അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലകളിലേക്ക്  സേവനത്തിനായി നിയോഗിക്കപ്പെട്ടു.

ദരിദ്രരെ പഠിപ്പിക്കുക, സ്ത്രീകള്‍, കുട്ടികള്‍, അമേരിക്കയിലെ തദ്ദേശവാസികള്‍ എന്നിവരുടെ അവകാശങ്ങള്‍ക്കായി പോരാടുക തുടങ്ങിയ ദൗത്യങ്ങള്‍ ഏറ്റെടുത്ത സിസ്റ്റര്‍ ബ്ലാന്‍ഡിന നിയമം കൈയിലെടുക്കുന്നതില്‍ നിന്ന് ജനങ്ങളെ തടഞ്ഞു. അക്രമികളെയും ഇരകളെയും തമ്മില്‍ അനുരഞ്ജിപ്പിക്കാനും കൊള്ളസംഘങ്ങളെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും സിസ്റ്റര്‍ മുന്‍കൈയെടുത്തു.

ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു സിസ്റ്റര്‍ ബ്ലാന്‍ഡിനയുടെ ജീവശ്വാസം. തനിക്കുണ്ടാകുന്ന എല്ലാ ആവശ്യങ്ങളും ദൈവത്തിന്റെ കൈകളില്‍ സമര്‍പ്പിച്ചുകൊണ്ട്, ദരിദ്രര്‍ക്കായി സിസ്റ്റര്‍ ജീവിതം പൂര്‍ണ്ണമായും മാറ്റിവെച്ചു. 1941 ഫെബ്രുവരി 23-ന്, തൊണ്ണൂറാം വയസില്‍ ഒഹായോവില്‍ വെച്ചാണ് സിസ്റ്റര്‍ ബ്ലാന്‍ഡിന നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

Related Updates


east