x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Progressing

News & Updates


Syro Malabar

16/03/2026

തികഞ്ഞ ആത്മീയാനന്ദത്തിന്റെ വിശുദ്ധനായിരുന്നു അസ്സീസിയിലെ ഫ്രാൻസിസ്: കർദ്ദിനാൾ പരൊളീൻ

വിശുദ്ധ അന്തോനീസിനോടോ, റീത്ത പുണ്യവതിയോടോ എന്നതുപോലെ, പ്രത്യേക കൃപകൾക്കായി മാദ്ധ്യസ്ഥ്യം അപേക്ഷിക്കാനല്ല, അത്ഭുതത്തോടെ വിശുദ്ധന്റെ ജീവിതത്തെ നോക്കിക്കാണാനും സ്നേഹിക്കാനുമാണ് വിശ്വാസികൾ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനരികിലെത്തുന്നതെന്ന് കർദ്ദിനാൾ പിയെത്രോ പരൊളീൻ. തികഞ്ഞ ആത്മീയാനന്ദം അനുഭവിച്ചിരുന്ന വ്യക്തിയായാണ് വിശുദ്ധനെക്കുറിച്ച് അദ്ദേഹത്തിന്റെ സമകാലീനരുൾപ്പെടെയുള്ളവർ അനുസ്മരിക്കുന്നതെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ നാമധേയത്തിലുള്ള ബസലിക്കയിൽ മാർച്ച് 15 ഞായറാഴ്ച അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ പ്രസ്താവിച്ചു.

യാക്കോബ് ശ്ലീഹ പ്രതിപാദിക്കുന്ന ആനന്ദത്തിന്റെ, തികഞ്ഞ ആത്മീയ നിർവൃതിയുടെ വിശുദ്ധനായിരുന്നു ഫ്രാൻസിസ് അസ്സീസിയെന്ന്, വിശുദ്ധന്റെ സഹചാരിയും കുമ്പസാരക്കാരനും സെക്രെട്ടറിയുമായിരുന്ന അഭി. ലിയോയെ പരാമർശിച്ചുകൊണ്ട് കർദ്ദിനാൾ പരൊളീൻ പറഞ്ഞു. ആദ്ധ്യാത്മികമായ വിജയത്തിലോ, ഒരുപാട് കാര്യങ്ങൾ അറിയുന്നതിലോ, നന്നായി പ്രസംഗിക്കുന്നതിലോ, അവിശ്വാസികളെ പരിവർത്തനപ്പെടുത്തുന്നതിലോ, ഒരുപാട് അത്ഭുതങ്ങൾ ചെയ്യുന്നതിലോ അല്ല ആത്മീയാനന്ദം അടങ്ങിയിരിക്കുന്നതെന്ന് വിശുദ്ധ ഫ്രാൻസിസ് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത് കർദ്ദിനാൾ അനുസ്മരിച്ചു.

ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെ എളിമയോടെയും ക്ഷമയോടെയും സന്തോഷത്തോടെയും അംഗീകരിക്കുന്നതിലാണ് പൂർണ്ണമായ ആനന്ദം അടങ്ങിയിരിക്കുന്നതെന്നാണ് വിശുദ്ധ ഫ്രാൻസിസ് പഠിപ്പിക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് ദാരിദ്ര്യം തിരഞ്ഞെടുത്തത്, സമ്പത്തിനെ തള്ളിക്കളയുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച്, ക്രിസ്തുവിനോട് കൂടുതൽ സമരസപ്പെട്ട് ജീവിക്കാനും, ദരിദ്രരുടെ അപമാനങ്ങളിലും ബുദ്ധിമുട്ടുകളിലും പങ്കുചേരാനുമാണെന്ന് കർദ്ദിനാൾ ഓർമ്മിപ്പിച്ചു.

അഭി. മസ്സേയോ, വിശുദ്ധ ഫ്രാൻസിസിന്റെ ആദ്യ ജീവചരിത്രമെഴുതിയ ചെലാനോയിലെ തോമസ് (1190-1265), വിശുദ്ധ ബൊനവൻച്വർ തുടങ്ങിയവരെ അധികരിച്ച് സംസാരിച്ച കർദ്ദിനാൾ പരൊളീൻ, മുഖ സൗന്ദര്യത്തിന്റെയോ ആകാരത്തിന്റെയോ കുടുംബമഹിമയുടെയോ വിദ്യാഭ്യാസത്തിന്റെയോ പേരിലായിരുന്നില്ല വിശുദ്ധൻ ശ്രദ്ധേയനായതെന്ന് പ്രസ്താവിച്ചു. ആഗോളപരമായ സഹോദര്യമെന്ന ചിന്തയും വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതം ആകർഷണീയമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെയും, മനുഷ്യരുടെയും സൃഷ്ടലോകത്തിന്റെയും, പ്രപഞ്ചത്തിന്റെയും സഹോദരനായിരുന്നു അദ്ദേഹം.

സൃഷ്ടലോകത്തിലെ എല്ലാവരോടും എല്ലാത്തിനോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം, സൃഷ്ടാവിനോടുള്ള സ്നേഹം കാരണമായിരുന്നുവെന്നും, സൃഷ്ടികളിൽ ദൈവത്തിന്റെ സ്നേഹമാണ് പടർന്നിരുന്നതെന്ന് വിശുദ്ധൻ മനസ്സിലാക്കിയിരുന്നുവെന്നും കർദ്ദിനാൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി അനുസ്മരിച്ചു.

ദാരിദ്ര്യത്തിൽ ജീവിക്കാനാകുന്നില്ലെങ്കിലും പരിമിതമായ കാര്യങ്ങളോടെ ജീവിക്കാനും, ചെറിയ കാര്യങ്ങളിൽപ്പോലും ആനന്ദം കണ്ടെത്താനും, എല്ലായിടങ്ങളിലും സഹോദര്യത്തിൽ ജീവിക്കാനുമുള്ള ഉദ്ബോധനമാണ് വിശുദ്ധൻ നൽകുന്നതെന്നും, എല്ലാം വാരിക്കൂട്ടാനും ആഡംബരപരമായി ഉപഭോഗസംസകാരത്തോടെ ജീവിക്കാനുമുള്ള പ്രലോഭനത്തിനുള്ള മറുമരുന്നാണ് ഇതെന്നും കർദ്ദിനാൾ പരൊളീൻ കൂട്ടിച്ചേർത്തു. 

Related Updates


east