Diocese
01/02/2023
വോട്ടുബാങ്കിന് ഇരയാകുന്ന ന്യൂനപക്ഷക്ഷേമം
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യണം എന്നത് വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങൾ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിലെ എല്ലാ മുന്നണി നേതൃത്വങ്ങളോടും ഉന്നയിച്ച ആവശ്യമായിരുന്നു. ന്യൂനപക്ഷവകുപ്പിന്റെ ചുമതല ഏതെങ്കിലും ക്രൈസ്തവനെ ഏൽപ്പിക്കണമെന്നോ ക്രിസ്ത്യാനികൾക്കു മാത്രം പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നോ ക്രൈസ്തവപ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, ന്യൂനപക്ഷ ക്ഷേമവകുപ്പ് നിഷ്പക്ഷവും നീതിപൂർവകവുമായി എല്ലാ വിജ്ഞാപിത ന്യൂനപക്ഷങ്ങളെയും തുല്യമായി പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്നും അതിന് മുഖ്യമന്ത്രിതന്നെ അത് കൈകാര്യം ചെയ്യണമെന്നും മാത്രമായിരുന്നു കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ പൊതുവായ ആവശ്യം. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ ഈ ആവശ്യം അംഗീകരിക്കുകയും അദ്ദേഹംതന്നെ ന്യൂനപക്ഷക്ഷേമ വകുപ്പ് കൈവശം വയ്ക്കുകയും ചെയ്തു. നീതിപൂർവമായ ഒരു നിലപാട് എന്നാണ് പൊതുസമൂഹം ഈ തീരുമാനത്തെ വിലയിരുത്തിയത്.
ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മുൻ പാർട്ടി സെക്രട്ടറിയും അന്നത്തെ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. “കേരളത്തിലെ ന്യൂനപക്ഷമെന്നു പറയുന്നത് ഒരു മതവിഭാഗം മാത്രമല്ല. ഈ മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങളെല്ലാം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്കെല്ലാം അർഹമായത് കൊടുക്കേണ്ടതാണ്. കേരളത്തിന്റെ സംസ്കാരവുമതാണ്. രൂപീകരിച്ച കാലം മുതൽ ഒരു വിഭാഗത്തിൽപ്പെട്ട ആളുകളാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. അതിന് ഒരു മാറ്റം വേണമെന്ന് ഞങ്ങൾ ചർച്ചചെയ്തു തീരുമാനിച്ചതാണ്. അത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെല്ലാം ഗുണകരമായിരിക്കും” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ ഈ നടപടി സിപിഎമ്മും എൽഡിഎഫും നടത്തിയ വ്യക്തമായ ചർച്ചകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും തുല്യനീതി നടപ്പിലാക്കണം, ഇവിടെ മതവിവേചനം പാടില്ല എന്ന ലക്ഷ്യത്തോടെ എടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു എന്നുള്ളത് കോടിയേരിയുടെ ഈ വാക്കുകളിൽനിന്നും വ്യക്തമാണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി തന്റെ നിലപാട് മാറ്റുകയും മന്ത്രി വി. അബ്ദുറഹ്മാനെ ന്യൂനപക്ഷക്ഷേമ വകുപ്പ് ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു.
ക്രൈസ്തവ നിലപാടിന്റെ കാരണം
2011ൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് ആരംഭിച്ച കാലം മുതൽ യുഡിഎഫ്-എൽഡിഎഫ് മന്ത്രിസഭകളിൽ മുസ്ലിം സമുദായരാഷ്രീയം മുഖമുദ്രയാക്കിയ മന്ത്രിമാർ മാത്രമാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്തത്. ഈ കാലയളവിൽ സംസ്ഥാന ന്യൂനപക്ഷവകുപ്പിൽനിന്നു നിരവധി വിവേചനങ്ങളാണ് ക്രൈസ്തവ ന്യൂനപക്ഷം നേരിടേണ്ടിവന്നത്. സ്കോളർഷിപ്പുകളിലും വിവിധ ക്ഷേമപദ്ധതികളിലും 80:20 അനുപാതം, ഏകപക്ഷീയമായ ഫണ്ട് വിതരണം, ന്യൂനപക്ഷക്ഷേമ വകുപ്പിലും ഡയറക്ടറേറ്റിലും റൂൾസ് രൂപീകരണം നടത്തി പിഎസ്സി വഴിയുള്ള നിയമനങ്ങൾ നടത്താതെ പ്രധാനമായും ഒരു വിഭാഗക്കാർക്കു മാത്രമായി ഡെപ്യൂട്ടേഷനിലും കരാർ വ്യവസ്ഥയിലുമുള്ള നിയമനങ്ങൾ, കോച്ചിംഗ് സെന്ററുകളും മറ്റു പരിശീലനകേന്ദ്രങ്ങളും ഒരു വിഭാഗക്കാർക്കു മാത്രമായി അനുവദിക്കൽ, മദ്രസകൾക്കും അവിടത്തെ അധ്യാപകർക്കുമുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഇങ്ങനെ നിരവധി വിവേചനങ്ങളാണ് ന്യൂനപക്ഷ വകുപ്പിൽ നടന്നുകൊണ്ടിരുന്നത്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെയാണ് കൂനിൻമേൽ കുരുപോലെ മുൻ സിമി പ്രവർത്തകനായ കെ.ടി. ജലീലിന്റെ ആഗമനം. ഒന്നാം പിണറായി സർക്കാരിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ കീഴിൽ ഈ അനീതികൾ ശതഗുണീഭവിച്ചു എന്നു വേണമെങ്കിൽ പറയാം. ന്യൂനപക്ഷ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും മുസ്ലിം വിഭാഗത്തെ മാത്രമായി അറിയിക്കാൻ അദ്ദേഹം മഹൽ സോഫ്റ്റ് സംവിധാനം കൊണ്ടുവന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2017ൽ ഭേദഗതി ചെയ്ത്, ആവശ്യമെങ്കിൽ ഒരു വിഭാഗത്തിൽനിന്നുള്ളവർ മാത്രം അംഗങ്ങളായി ന്യൂനപക്ഷ കമ്മീഷൻ രൂപീകരിക്കാവുന്ന സ്ഥിതിയിൽ കൊണ്ടെത്തിച്ചു. മദ്രസകൾക്കും അധ്യാപകർക്കുമുളള ആനുകൂല്യങ്ങൾ പലമടങ്ങ് വർധിപ്പിക്കുകയും ഇതര ന്യൂനപക്ഷങ്ങൾ അപേക്ഷിക്കാൻ സാധ്യതയില്ലാത്ത കൂടുതൽ പദ്ധതികൾ ആരംഭിക്കുകയും ചെയ്തു. ഇത്തരം നയവൈകല്യങ്ങൾക്കെതിരേ നിരവധി പരാതികൾ നൽകിയെങ്കിലും വകുപ്പുമന്ത്രി അതെല്ലാം നിസാരവത്കരിക്കുന്ന സമീപനമാണു സ്വീകരിച്ചത്. ഇങ്ങനെ നിരവധിയായ അവഹേളനങ്ങളും അനീതികളും കണ്ട് മനംമടുത്താണ് ക്രൈസ്തവ സമൂഹം, മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യമുന്നയിച്ചത്.
നീതിനിഷേധം തുടരുന്നു
മന്ത്രിമാരെയും ജനപ്രതിനിധികളെയുമൊക്കെ സമുദായാടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതുണ്ടോ? പൊതുവെ അത്തരത്തിൽ വിലയിരുത്തേണ്ട ആവശ്യമില്ല എന്നു തന്നെയാണ് ഉത്തരം. എന്നാൽ മന്ത്രി വി. അബ്ദുറഹ്മാന് വിവിധ സമുദായങ്ങളോടുള്ള കാഴ്ചപ്പാട് എന്താണ്? വിഴിഞ്ഞം സമരത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകൾ ഏതുവിധത്തിലുള്ളതാണെന്ന് ഓർമിക്കുന്നവർക്ക് കാര്യം കൃത്യമായി മനസിലാകും. മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തത് വലിയ പ്രതീക്ഷയോടെയാണ് ക്രൈസ്തവസമൂഹം നോക്കിക്കണ്ടത്. എന്നാൽ, പ്രതീക്ഷകൾക്കു വിപരീതമായാണ് പലതും സംഭവിച്ചത്.
കേരള ഹൈക്കോടതി 80:20 എന്ന കുപ്രസിദ്ധ അനുപാതം ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി 2021ൽ റദ്ദാക്കി. എന്നാൽ, സംസ്ഥാന സർക്കാർ ആ വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോവുകയാണുണ്ടായത്. ആ വിധി സ്റ്റേ ചെയ്യണമെന്ന വിവിധ മുസ്ലിം കക്ഷികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല എന്നതിൽനിന്ന് ആ അപ്പീലിന്റെ നൈയാമിക ദൗർബല്യം മനസിലാക്കാവുന്നതാണ്.
സ്കോളർഷിപ്പിനെക്കുറിച്ചും മിണ്ടാട്ടമില്ല
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സംസ്ഥാന സർക്കാർ ന്യുനപക്ഷ ജനസംഖ്യാ അടിസ്ഥാനത്തിൽ 60:40 എന്ന പുതിയ അനുപാതം രൂപീകരിക്കുകയും വകുപ്പിന് കൂടുതൽ ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. അപ്രകാരം 2021ലെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. എന്നാൽ 2022ൽ യാതൊരുവിധ സ്കോളർഷിപ്പുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടില്ല. സർക്കാർ ഖജനാവിൽ ഫണ്ടില്ല എന്നതാണ് ഭാഷ്യം. എന്നാൽ മദ്രസ ആനുകൂല്യങ്ങൾക്ക് യാതൊരു മുടക്കവും ഉണ്ടാകുന്നില്ല.
കേന്ദ്രസർക്കാർ പ്രീമെട്രിക് സ്കോളർഷിപ്പുകളെല്ലാം നിർത്തലാക്കിയപ്പോൾ പകരമായി സംസ്ഥാന സർക്കാർ അവയിൽ ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പുകൾ നൽകും എന്നു പ്രഖ്യാപിച്ചു. എന്നാൽ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പുകളെക്കുറിച്ച് മൗനം പാലിച്ചു. കുറഞ്ഞ പലിശയ്ക്ക് ലോൺ നൽകുന്ന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് ബ്രാഞ്ചുകൾ ഉള്ളത്. ക്രൈസ്തവർക്കുകൂടി സഹായകമാകുന്ന തരത്തിൽ കോട്ടയം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽകൂടി ബ്രാഞ്ചുകൾ ആരംഭിക്കാം എന്ന് 2021 സെപ്റ്റംബറിൽ സർക്കാർ വാഗ്ദാനം ചെയ്തതാണ്. എന്നാൽ ഇതുവരെ നടപ്പിലായിട്ടില്ല.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കാലാവധി 2022 ഒക്ടോബറിൽ അവസാനിച്ചതാണ്. ചെയർമാനും ക്രൈസ്തവ സമുദായാംഗമായ വനിതാ മെംബറും രാജിവച്ചു. ഇപ്പോൾ ഒരു മുസ്ലിം അംഗം മാത്രമായി കമ്മീഷൻ തുടരുകയാണ്. നാലുമാസമായിട്ടും കമ്മീഷൻ പുനഃസംഘടിപ്പിക്കപ്പെട്ടില്ല. ഇതുവരെയും ഒരു ക്രൈസ്തവ ന്യൂനപക്ഷാംഗം ഈ കമ്മീഷന്റെ ചെയർമാൻ ആയിട്ടില്ല.
ന്യൂനപക്ഷ അധിവാസപ്രദേശങ്ങളിലെ അടിസ്ഥാനവികസനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജൻവികാസ് കാര്യക്രം പദ്ധതി മുസ്ലിം പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നടത്തിവന്നിരുന്നത്. 2022-23 സാമ്പത്തികവർഷം മുതൽ കേന്ദ്രസർക്കാർ ഇതിലെ മാനദണ്ഡങ്ങൾ പുതുക്കുകയും എല്ലാ ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിലേക്ക് സംസ്ഥാന സർക്കാർ, ക്രൈസ്തവ പ്രദേശങ്ങളിൽനിന്നുള്ള പദ്ധതികൾ എത്രമാത്രം ശിപാർശ ചെയ്തിട്ടുണ്ട് എന്നതിൽ വ്യക്തതയില്ല.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ രണ്ടുവർഷത്തോളമായി പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഈ മാർച്ച് മാസത്തിൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിവ്. മാറിയ സാഹചര്യത്തിൽ റിപ്പോർട്ടിന്റെ തുടർനടപടികൾ എന്താകുമെന്ന് ക്രൈസ്തവർക്ക് ആശങ്കയുണ്ട്. കമ്മീഷൻ രൂപീകരിക്കപ്പെട്ടിരിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ കീഴിലാണെങ്കിലും റിപ്പോർട്ടിന്റെ തുടർനടപടികൾക്കു നിയോഗിക്കപ്പെടുന്നത് ന്യൂനപക്ഷക്ഷേമ വകുപ്പ് തന്നെയായിരിക്കും.
പ്രീണന രാഷ്ട്രീയം
ന്യൂനപക്ഷക്ഷേമ വകുപ്പ് വി. അബ്ദുറഹ്മാന് കൈമാറിയത് പച്ചയായ സമുദായ പ്രീണനമാണ്. സർക്കാർ തുടക്കത്തിൽ സ്വീകരിച്ചിരിക്കുന്ന മതേതര നിലപാടിൽനിന്ന് വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യംവച്ച് പിൻമാറിയിരിക്കുന്നു. ഹൈക്കോടതി വിധിപ്രകാരം ഏതാനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുവകകൾ ജപ്തി ചെയ്ത നടപടി മുസ്ലിം സമൂഹത്തിൽ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ടെന്നു വ്യക്തമാണ്. പകരമൊരു സാന്ത്വന നടപടിയാണ് ഈ വകുപ്പുമാറ്റമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ കഞ്ഞി’ എന്നതുപോലെയാണ് ഇവിടത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവസ്ഥ. ഭരണഘടനാപരമായ ന്യൂനപക്ഷതത്വങ്ങൾ അട്ടിമറിക്കുന്നതിലും ക്രൈസ്തവർക്ക് നീതി നിഷേധിക്കുന്നതിലും മുന്നണികൾക്ക് ഒരേ താത്പര്യമാണ്. ന്യൂനപക്ഷക്ഷേമം ജനസംഖ്യയിൽ കുറവുള്ളവരുടെ സംരക്ഷണത്തിനുവേണ്ടിയാണ്. ജനസംഖ്യയിൽ കുറഞ്ഞ വിഭാഗങ്ങൾക്കാണ് ഏറ്റവുമധികം സംരക്ഷണം ലഭിക്കേണ്ടത്. അവർക്കുവേണ്ടിയാണ് കൂടുതൽ പദ്ധതികൾ നടപ്പിലാക്കപ്പെടേണ്ടത്. എന്നാൽ, ഈ ന്യൂനപക്ഷതത്വം വോട്ടു ബാങ്കിനുവേണ്ടി ബലികഴിക്കപ്പെടുകയാണ്. ന്യൂനപക്ഷക്ഷേമം വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇരയാകാതിരിക്കണമെങ്കിൽ രാഷ്ട്രത്തിലെ വിജ്ഞാപിത ന്യൂനപക്ഷങ്ങൾക്കിടയിൽ ന്യൂനാൽ ന്യൂനപക്ഷം എന്നൊരു ഉപവിഭാഗംകൂടി രൂപീകരിച്ച് പ്രത്യേക നിയമപരിരക്ഷ കൊണ്ടുവരിക മാത്രമാണ് പോംവഴി.
ഫാ. ജയിംസ് കൊക്കാവയലിൽ
(Deepika Leader Page Article, February 01/2023)